ഖുശ്ബുവിന്റെ ഷോ ജയ ടിവിക്ക് വേണ്ട!

ചെന്നൈ| WEBDUNIA|
PRO
മിത്രം ശത്രുവാകാന്‍ അധികസമയം വേണ്ടെന്ന് തെളിയിക്കുന്ന തീരുമാനമാണ് ജയ ടിവി ഖുശ്ബു അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയുടെ കാര്യത്തില്‍ കൈക്കൊണ്ടത്. ഖുശ്ബു ഡി‌എംകെയില്‍ ചേര്‍ന്ന കാരണത്താല്‍ എഐഡി‌എംകെ അനുഭാവ ചാനലായ ജയ ടിവി അവരുടെ ഷോ വേണ്ടെന്ന് വച്ചു.

തമിഴ്നാട്ടില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി വളരെ പ്രശസ്തി നേടിയ റിയാലിറ്റി ഗെയിം ഷോ ആയ ‘ജാക്ക് പോട്ട്’ ആണ് രാഷ്ട്രീയച്ചൊരുക്കില്‍ നിര്‍ത്തിവച്ചത്. വളരെയധികം പ്രേക്ഷക പങ്കാളിത്തമുള്ള ഒരു മണിക്കൂര്‍ നീളുന്ന ഗെയിം റിയാലിറ്റി ഷോ ഞായറാഴ്ച രാത്രിയിലായിരുന്നു സം‌പ്രേക്ഷണം ചെയ്തിരുന്നത്.

ചാനലിന്റെ നയത്തിന്റെ ഭാഗമായാണ് ഖുശ്ബു അവതരിപ്പിക്കുന്ന ഷോ നിര്‍ത്തിവച്ചതെന്ന് ചാനല്‍ അധികൃതര്‍ പറഞ്ഞു. ഡി‌എംകെ അനുകൂലികളോട് വ്യക്തിപരമായ പ്രശ്നമൊന്നുമില്ല എന്ന് വ്യക്തമാക്കിയ അധികൃതര്‍ കരുണാനിധി തിരക്കഥയെഴുതിയ സിനിമകളും തങ്ങള്‍ പ്രദര്‍ശിപ്പിക്കാറില്ല എന്നും ചൂണ്ടിക്കാട്ടുന്നു.

“കഴിഞ്ഞ ഒന്‍‌പത് വര്‍ഷക്കാലമായി ഞാനാണ് ‘ജാക്ക്‌പോട്ട്’ എന്ന പരിപാടി അവതരിപ്പിച്ചുവരുന്നത്. എന്നെ ആ പരിപാടിയില്‍ നിന്ന് നീക്കം ചെയ്യുന്നുണ്ടെങ്കില്‍ അക്കാര്യം ജയ ടിവി എന്നെയായിരുന്നു ആദ്യം അറിയിക്കേണ്ടിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ജയ ടിവി അധികൃതര്‍ എന്ന ബന്ധപ്പെട്ടിട്ടില്ല. പാര്‍ട്ടിയില്‍ ചേരുന്ന കാര്യം തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിന്റെ സമ്മതം ലഭിച്ചതിന് ശേഷം മതി എന്ന നയം ഒട്ടും ശരിയല്ല. തൊഴില്‍ വേറെ, രാഷ്‌ട്രീയം വേറെ എന്നാണ് എന്റെ നിലപാട്” - ഖുശ്ബു വിശദീകരിക്കുന്നു.

ജയലളിതയുടെ അടുത്ത കൂട്ടുകാരി ശശികലയുടെ ബന്ധുക്കളുടെ ഉടമസ്ഥതയിലാണ് ജയ ടിവി പ്രവര്‍ത്തിക്കുന്നത്. ഖുശ്ബുവിനെ ജയ ടിവി പുറത്താക്കിയത് ‘ഉര്‍‌വശീശാപം’ പോലെയാണെന്ന് കോടമ്പാക്കം കരുതുന്നു. കാരണം ജയ ടിവിയേക്കാള്‍ എന്തുകൊണ്ടും മുന്നിലാണ് ഡി‌എം‌കെയുടെ അനൌദ്യോഗിക ചാനലുകളായ സണ്‍ നെറ്റ്‌വര്‍ക്കും കലൈഞ്ജര്‍ ടിവിയും. ജയ ടിവി പുറത്താക്കിയ ഖുശ്ബുവിനെ സണ്‍ നെറ്റ്‌വര്‍ക്കോ കലൈഞ്ജര്‍ ടിവിയോ ഏറ്റെടുക്കും എന്ന് ഉറപ്പ്. ജയ ടിവിയേക്കാള്‍ ‘റീച്ച്’ ഉള്ള, ‘റിച്ച്’ ആയ ഡി‌എം‌കെ ചാനലുകളില്‍ കയറിപ്പറ്റിയാല്‍ കൂടുതല്‍ പ്രശസ്തിയും സമ്പത്തും ഖുശ്ബുവിനെ തേടിവരും!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :