ഖുശ്ബുവിനെതിരായ കേസുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി| WEBDUNIA|
PRO
വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തെ ന്യായീകരിച്ചതിന് തമിഴ് ചലച്ചിത്ര താരം ഖുശ്ബുവിനെതിരെ നല്‍കിയ എല്ലാ കേസുകളും സുപ്രീംകോടതി റദ്ദാക്കി. ഖുശ്ബുവിന്‍റെ പ്രസ്താവന ഇന്ത്യന്‍ സംസ്കാരത്തിന് യോജിച്ചതല്ലെന്നും യുവജനങ്ങളെ വഴിതെറ്റിക്കുമെന്നും കാണിച്ച് തമിഴ്നാട്ടിലെ വിവിധ സംഘടനകള്‍ നല്‍കിയ 22 കേസുകളാണ് സുപ്രിം കോടതി റദ്ദാക്കിയത്.

കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ കെ ജി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച്‌ വിധിച്ചു. 2005ല്‍ ഇന്ത്യാടുഡെ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ്‌ വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തെ ഖുശ്ബു ന്യായീകരിച്ചത്‌. ഇതേ തുടര്‍ന്ന്‌ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലായി ഖുശ്ബുവിനെതിരെ 22 ക്രിമിനില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

തന്‍റെ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇതെന്നും അതിനാല്‍ കേസുകള്‍ റദ്ദാക്കണമെന്നും കാണിച്ച് ഖുശ്ബു നല്‍കിയ ഹര്‍ജി മദ്രാസ്‌ ഹൈക്കോടതി 2008-ല്‍ തള്ളിയിരുന്നു. ഇതിനെതിരെയാണ് ഖുശ്ബു സുപ്രീം കോടതിയെ സമീപിച്ചത്.

തനിക്കെതിരെയുള്ള എല്ലാ കേസുകളും അവസാനിപ്പിക്കാനുള്ള സുപ്രീംകോടതിയുടെ നടപടിയില്‍ സന്തോഷമുണ്ടെന്ന് ഖുശ്ബു പറഞ്ഞു. പ്രശസ്തരെ ലക്‍ഷ്യം വെച്ച്‌ ആരോപണങ്ങള്‍ പടച്ചുവിടുന്നത്‌ ഇക്കാലത്ത്‌ പതിവാണ്‌. അതിന്റെ ഇരയാണ്‌ താനെന്നും ഖുശ്ബു പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :