‘ഡീല്‍ ഓര്‍ നോ ഡീലി‍’ല്‍ നിന്ന് പിന്മാറുമെന്ന് മുകേഷ്

തൃശൂര്‍| WEBDUNIA|
PRO
സിനിമയ്ക്ക് ദോഷകരമാണെന്ന് ബോധ്യപ്പെട്ടാന്‍ താന്‍ ചാനലില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ‘ഡീല്‍ ഓര്‍ നോ ഡീല്‍’ പരിപാടിയുടെ അവതരണത്തില്‍ നിന്ന് പിന്മാറുമെന്ന് ചലച്ചിത്രനടനും കേരള സംഗീത-നാടക അക്കാദമി ചെയര്‍മാനുമായ മുകേഷ്. തൃശൂര്‍ പ്രസ് ക്ലബില്‍ ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

‘ഡീല്‍ ഓര്‍ നോ ഡീല്‍’ ജീവകാരുണ്യപരമായ പരിപാടിയാണ്. പ്രതീക്ഷകള്‍ അസ്തമിച്ചവരാണ് ഇതില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍. ഇക്കാര്യം വിലക്ക് ഏര്‍പ്പെടുത്തുന്ന ഫിലിം ചേംബര്‍ മനസിലാക്കണമെന്നും മുകേഷ് പറഞ്ഞു. പരിപാടിയുടെ ദിവസമോ സമയമോ ചര്‍ച്ച ചെയ്ത്‌ മാറ്റാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സംഗീത നാടക അക്കാദമിയുടെ പദ്ധതികളെക്കുറിച്ചും മുകേഷ് വിശദീകരിച്ചു. ഇത്തവണ ഡിസംബറില്‍ നടത്തുന്ന അന്താരാഷ്ട്ര നാടകമേളയിലേക്ക്‌ ലാറ്റിന്‍ അമേരിക്കന്‍ നാടകങ്ങളെയും ക്ഷണിക്കും. കൂടാതെ, പാശ്ചാത്യ നാടകങ്ങളുടെ കാര്യവും പരിഗണനയിലുണ്ട്. ഗ്രാമങ്ങളിലെ 2500 കലാസമിതികളെ ഏകോപിപ്പിച്ച്‌ ജില്ലാ കലാസമിതികള്‍ ആരംഭിക്കുമെന്നും തൃശൂരില്‍ അമേച്വര്‍ നാടക പണിപ്പുരയ്ക്ക്‌ നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മേയില്‍ പ്രൊഫഷണല്‍ നാടക മത്സരം നടത്തും. കൂടാതെ, സകലകലാ മ്യൂസിയം സ്ഥാപിക്കുകയും താള- വാദ്യ- സംഗീതോത്സവങ്ങള്‍ നടത്തുകയും ചെയ്യും. കൊല്ലത്തെ നടനെ സംബന്ധിച്ച്‌ സുരേഷ്ഗോപിയും ജഗദീഷും തമ്മില്‍ സംസാരം തുടരട്ടെയെന്നും സായ്കുമാറും അവിടത്തുകാരനാണല്ലോ എന്നും മുകേഷ് ചോദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :