അവര്‍ ടാക്സിയില്‍ യാത്രയായി, അനൂപും കാവ്യയും!

അനൂപ് മേനോന്‍, കാവ്യ, ഷീ ടാക്സി, ഭാവന, ശ്യാമപ്രസാദ്
Last Updated: വ്യാഴം, 4 ഡിസം‌ബര്‍ 2014 (14:42 IST)
സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഷീ ടാക്സി എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 'ആംഗ്രി ബേബീസ്' എന്ന മെഗാഹിറ്റിന് ശേഷം അനൂപ് മേനോനും സജി സുരേന്ദ്രനും ഒന്നിക്കുന്ന ഷീ ടാക്സിയില്‍ പക്ഷേ, നായിക ഭാവനയല്ല. കാവ്യാ മാധവനാണ്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നായികയാകുന്ന സിനിമയാണിത്.

ഈ ചിത്രത്തിലും നായികയായി ഭാവനയെ ആലോചിച്ചിരുന്നു. എന്നാല്‍ ഡേറ്റ് ഇല്ലാത്തതുകാരണം ഭാവനയ്ക്ക് തന്‍റെ ഹിറ്റ് ടീമിനൊപ്പം ചേരാനായില്ല. തങ്ങള്‍ എല്ലാവരും എന്തായാലും ഭാവനയെ മിസ് ചെയ്യുമെന്ന് അനൂപ് മേനോന്‍ പറയുന്നു.

"ആംഗ്രി ബേബീസിന്‍റെ വിജയത്തില്‍ നിര്‍ണായക ഘടകമായിരുന്നു ഭാവന. ഞങ്ങള്‍ എല്ലാവരും ഇത്തവണ ഭാവനയെ മിസ് ചെയ്യും. ഡേറ്റ് ക്ലാഷ് കാരണമാണ് ഭാവനയ്ക്ക് ഈ സിനിമയുടെ ഭാഗമാകാന്‍ കഴിയാതെ പോയത്" - അനൂപ് മേനോന്‍ പറയുന്നു.

കൂര്‍ഗിലും ഷിംലയിലുമാണ് ഷീ ടാക്സിയുടെ ഭൂരിഭാഗവും ചിത്രീകരിക്കുന്നത്. ആംഗ്രി ബേബീസ് പോലെ എല്ലാവരെയും എന്‍റര്‍ടെയ്ന്‍ ചെയ്യിക്കുന്ന ഒരു സിനിമയായിരിക്കും ഇതെന്നാണ് അനൂപ് മേനോന്‍ വിശ്വസിക്കുന്നത്.

"പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന രീതിയിലുള്ള ഒരു കഥാപാത്രത്തെയാണ് ഈ സിനിമയില്‍ കാവ്യ ചെയ്യുന്നത്. ആ കഥാപാത്രത്തിന് നല്ല തമാശരംഗങ്ങളുമുണ്ട്. ഒരു നടി എന്ന നിലയില്‍ കാവ്യയെ ഞാന്‍ ഏറെ ബഹുമാനിക്കുന്നു. പെരുമഴക്കാലത്തില്‍ അവര്‍ ചെയ്ത വേഷം മലയാളത്തിലെ ഏറ്റവും മികച്ച ഒരു കഥാപാത്രമാണെന്നാണ് എന്‍റെ വിശ്വാസം. കാവ്യയോടൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്" - അനൂപ് മേനോന്‍ പറയുന്നു.

ജോ ജോസഫ് തിരുതനത്തില്‍ എന്ന കഥാപാത്രമായാണ് അനൂപ് ഷീ ടാക്സിയില്‍ വേഷമിടുന്നത്. മൂന്ന് ഗെറ്റപ്പുകളിലായിരിക്കും അനൂപ് പ്രത്യക്ഷപ്പെടുക.

ടിനി ടോം, സുരാജ് വെഞ്ഞാറമൂട് തുടങ്ങി ആംഗ്രി ബേബീസില്‍ ഇല്ലാത്ത ചിലര്‍ ഇത്തവണ സജി സുരേന്ദ്രനൊപ്പമുണ്ട്. റോഡ് മൂവി സ്വഭാവമുള്ള ഷീ ടാക്സിക്ക് തിരക്കഥ രചിക്കുന്നത് കൃഷ്ണ പൂജപ്പുര. ക്യാമറ അനില്‍ നായര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :