മോഹന്‍ലാല്‍ - മഞ്ജു വാര്യര്‍ ചിത്രം, സംവിധാനം പൃഥ്വിരാജ്!

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, സത്യന്‍, കാവ്യ തലൈവന്‍, ജയറാം
Last Updated: ചൊവ്വ, 2 ഡിസം‌ബര്‍ 2014 (17:49 IST)
മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിക്കുന്നു എന്ന വാര്‍ത്തയ്ക്ക് ഇനി പ്രാധാന്യമില്ല. ഇവര്‍ ഒന്നിക്കുന്ന സിനിമ ഇപ്പോള്‍ സത്യന്‍ അന്തിക്കാട് ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ മോഹന്‍ലാലും മഞ്ജുവും ഒന്നിക്കുന്ന സിനിമ പൃഥ്വിരാജ് സംവിധാനം ചെയ്യുന്നു എന്നായാലോ! സംഗതി ഇന്‍ററസ്റ്റിംഗ്, അല്ലേ?

അങ്ങനെ ഒരു പ്രൊജക്ട് വരുന്നു എന്നല്ല. അത് ഒരാളുടെ ആഗ്രഹമാണ്. ആരുടെ എന്നല്ലേ ചോദ്യം? സാക്ഷാല്‍ പൃഥ്വിരാജിന്‍റെ തന്നെ.

ഒരു നല്ല തിരക്കഥ ലഭിക്കുകയും സമയം ഒത്തുവരികയും ചെയ്താല്‍ മോഹന്‍ലാലിനെയും മഞ്ജുവാര്യരെയും ജോഡിയാക്കി ഒരു മലയാള സിനിമ ചെയ്യണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് തമിഴ് ചാനലായ വിജയ് ടി വിക്ക് അനുവദിച്ച അഭിമുഖത്തിലാണ് പൃഥ്വിരാജ് വെളിപ്പെടുത്തിയത്.

ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം പണ്ടുതന്നെ പൃഥ്വി വെളിപ്പെടുത്തിയിട്ടുള്ളതാണ്. അത് ഉടന്‍ സാധ്യമാകട്ടെയെന്നും അതില്‍ മോഹന്‍ലാലും മഞ്ജു വാര്യരും അഭിനയിക്കട്ടെ എന്നും ആശംസിക്കാം.

അതേസമയം, പൃഥ്വിരാജ് നായകനായ തമിഴ് ചിത്രം 'കാവ്യതലൈവന്‍' മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :