aparna|
Last Modified വെള്ളി, 9 ഫെബ്രുവരി 2018 (12:20 IST)
തനിക്ക് വേണ്ടി കീജയ് വിളിക്കാൻ ആരേയും ഏർപ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞ കഥ ഓർമപ്പെടുത്തി നിർമാതാവും വിതരണയുടമയുമായ എം എം ഹംസ. കോട്ടയത്ത് അനശ്വര തിയേറ്ററില്‍ നടന്നുവരുന്ന 4-ആമത് രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ചുനടന്ന ഓപ്പണ്‍ ഫോറത്തിലായിരുന്നു ഹംസയുടെ വെളിപ്പെടുത്തൽ. ആ കഥ ഇങ്ങനെ:
'ഒരിക്കല്‍ ഖത്തറില്‍ മമ്മൂട്ടി ഉണ്ടായിരുന്നപ്പോള്‍ 170 കിലോമീറ്റര്‍ ദൂരെ നിന്നും കുറെ ചെറുപ്പക്കാരും പെണ്‍കുട്ടികളും ജോലിയും കളഞ്ഞ് മമ്മൂട്ടിയെ കാണണമെന്ന് പറഞ്ഞ് ഹോട്ടലില്‍വന്നു. മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനവുമായിട്ടായിരുന്നു അവരുടെ വരവ്. അതിനായി കൈവശം ഒരു കേക്കുമുണ്ടായിരുന്നു. മമ്മൂട്ടി ഈ വിവരം അറിഞ്ഞിട്ടും അവരെ കാണാന്‍ കൂട്ടാക്കിയില്ല. എനിക്ക് കീജയ് വിളിക്കാന്‍ ഞാനാരോടും പറഞ്ഞിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞു. അവര്‍ അക്ഷമയോടെ കുറെസമയം കൂടി കാത്തുനിന്നിട്ട് കേക്ക് വലിച്ചെറിഞ്ഞിട്ട് പോയി'. - ഹംസ പറയുന്നു.
ഇവരൊക്കെ നായകനടന്മാര്‍ക്ക് കീജയ് വിളിക്കാനാണോ കൂവി വിളിക്കാനാണോ വരുന്നതെന്ന സത്യം മനസ്സിലാക്കണമെന്നും യഥാര്‍ത്ഥ ഫാന്‍സ് അസോസ്സിഷന്‍റെ രീതികളൊന്നമല്ല ഇവിടെ നടക്കുന്നതെന്നും അദ്ദേഹം ഓപ്പൺ ഫോറത്തിൽ വ്യക്തമാക്കി.
ഫാന്സ് അസ്സോസിയേഷനുകൾക്കെതിരെ രൂക്ഷ വിമർശനമാണ് ഓപ്പൺ ഫോറത്തിൽ നടന്നത്. നിരവധി ചോദ്യങ്ങളും അഭിപ്രായങ്ങളും മറുപടികളുമായി രംഗം ചൂടുപിടിച്ചിരുന്നു. സംവിധായകൻ മിഥുൻ മാനുവൽ തോമസ് അടക്കമുള്ളവർ ഓപ്പൺ ഫോറത്തിൽ പങ്കെടുത്തിരുന്നു.
ആടി’നെ വിജയിപ്പിച്ചത് ജയസൂര്യയുടെ ഫാന്‍സുകാരല്ല. ഷാജിപാപ്പാനെ പോലുള്ള ഓരോ കഥാപാത്രങ്ങളുടേയും ഫാന്‍സുകാരാണ്. ഫെയ്സ്ബുക്ക് കൂട്ടായ്മയാണ് അതിന് പിന്‍ബലം തന്നതെന്ന് ‘ആട്-2’ന്‍റെ സംവിധായകന്‍ മിഥുന്‍മാനുവല്‍ തോമസ് പറഞ്ഞു.
മലയാളസിനിമയിലെ ഫാന്‍സ് അസോസ്സിയേഷനുകള്‍ പലതും കെട്ടുകാഴ്ചകള്‍ക്ക് സമാനമാണെന്ന് പ്രൊഡക്ഷൻ കൺട്രോളർ അഭിപ്രായപ്പെട്ടു. 'മോഹന്‍ലാലിന്‍റെ മകന്‍ പ്രണവിനും ഫാന്‍സ് അസോസ്സിയേഷന്? ‘ആദി’ എന്ന ചിത്രം റിലീസ് ചെയ്യും മുമ്പെ എങ്ങനെ ഫാന്‍സുണ്ടാകും? തിരുവനന്തപുരത്ത മഖ്ബൂല്‍സല്‍മാന്‍ ഫാന്‍സ് അസോസ്സിയേഷന്‍ എന്ന ബോര്‍ഡ് കണ്ടു.ഒരുലക്ഷം രൂപ നല്‍കിയാല്‍ ഫാന്‍സ് എന്ന പേരില്‍ തിയേറ്ററില്‍ ആളെ കയറ്റാമെന്നാണ്' അദ്ദേഹത്തിന്റെ അഭിപ്രായം.