മുകേഷ് ‘ഡീല്‍’ നിര്‍ത്തുന്നു, അവസാന എപ്പിസോഡ് 16ന്

WEBDUNIA|
PRO
റിയാലിറ്റി ഷോകള്‍ പ്രേക്ഷകരുടെ സ്വൈര്യം കെടുത്തുന്ന കാലമാണിത്. തൊട്ടതിനും പിടിച്ചതിനുമൊക്കെ റിയാലിറ്റി ഷോ. കല്യാണം കഴിക്കാന്‍ വരെ റിയാലിറ്റി ഷോ (റിയാലിറ്റി ഷോയിലൂടെ തന്നെ വിവാഹം കഴിച്ച പയ്യനെ മൂന്നാം ദിനം തള്ളിപ്പറഞ്ഞ് ഷോയിലെ റിയാലിറ്റിയില്ലായ്മ തെളിയിച്ചത് രാഖി സാവന്ത്). മലയാളത്തിലും റിയാലിറ്റി ഷോകളുടെ ആധിക്യം കാരണം ടി വി തുറക്കാന്‍ തന്നെ ഭയപ്പെടേണ്ട അവസ്ഥയുണ്ട്.

എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഒരു റിയാലിറ്റി ഷോ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി. മുകേഷ് അവതരിപ്പിക്കുന്ന ‘ഡീല്‍ ഓര്‍ നോ ഡീല്‍’. ജീവിതത്തില്‍ ഒരു സാന്ത്വനം ആഗ്രഹിക്കുന്നവര്‍, പ്രതീക്ഷകള്‍ കൈവിട്ടവര്‍, ജീവിതത്തില്‍ പിടിച്ചുനില്‍ക്കാന്‍ ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടിയിരുന്നെങ്കിലെന്ന് മോഹിക്കുന്നവര്‍ ഇവര്‍ക്കെല്ലാം ‘ഡീല്‍ ഓര്‍ നോ ഡീല്‍’ ഒരു വെളിച്ചമായിരുന്നു. അശുഭകരമായ വാര്‍ത്ത, മലയാളികള്‍ സ്നേഹിച്ച ഈ റിയാലിറ്റി ഷോ സൂര്യ ടി വി അവസാനിപ്പിക്കുകയാണ്. ഈ മാസം 16ന് ഷോയുടെ അവസാന സം‌പ്രേക്ഷണം നടക്കും.

172 എപ്പിസോഡുകള്‍ പിന്നിട്ട ഡീല്‍ ഓര്‍ നോ ഡീല്‍ സണ്‍ നെറ്റുവര്‍ക്കിലെ ചില ആഭ്യന്തര പ്രശ്നങ്ങള്‍ മൂലമാണ് നിര്‍ത്തുന്നത്. അമ്പത് എപ്പിസോഡുകള്‍ അവതരിപ്പിക്കാനുള്ള കരാര്‍ ഒപ്പിട്ടാണ് മുകേഷ് ഈ പ്രൊഗ്രാമിന്‍റെ ഭാഗമാകുന്നത്. എന്നാല്‍ ഈ റിയാലിറ്റി ഷോ അതിന്‍റെ അണിയറ പ്രവര്‍ത്തകരെ പോലും അമ്പരപ്പിച്ചുകൊണ്ട് വന്‍ വിജയമായി മാറി. 50 എപ്പിസോഡുകള്‍ പിന്നിട്ടപ്പോള്‍ സണ്‍ നെറ്റുവര്‍ക്ക് മുകേഷുമായുള്ള കരാര്‍ പുതുക്കി പരിപാടി തുടരുകയായിരുന്നു.

ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചാനലുകളില്‍ ‘ഡീല്‍ ഓര്‍ നോ ഡീല്‍’ അവതരിപ്പിച്ചിരുന്നു. എന്നാല്‍ മലയാളത്തിലേതുപോലെ ജനപ്രീതി നേടാന്‍ മറ്റ് ഭാഷകളില്‍ കഴിഞ്ഞില്ല. പരിപാടി അവസാനിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ തന്‍റെ ഫോണിന് വിശ്രമമില്ലാതായതായി മുകേഷ് പറയുന്നു. ‘ഈ പരിപാടി എന്തുവന്നാലും അവസാനിപ്പിക്കരുത്’ എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കോളുകളാണ് വരുന്നതെന്ന് മുകേഷ് പറഞ്ഞു. എന്തു പ്രശ്നമുണ്ടെങ്കിലും അതെല്ലാം പരിഹരിച്ച് പരിപാടി മുന്നോട്ടുപോകാനുള്ള സാഹചര്യം ചാനല്‍ അധികൃതര്‍ സൃഷ്ടിക്കണമെനും മുകേഷ് അഭ്യര്‍ത്ഥിക്കുന്നു.

ചിത്രത്തിന് കടപ്പാട് - സൂര്യ ടിവി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :