മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത് അത്ഭുതം: ഭാവന

WEBDUNIA|
PRO
മോഹന്‍ലാലിനെപ്പോലെ ഒരു നടനൊപ്പം അഭിനയിക്കാന്‍ കഴിയുന്നു എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നതായി ഭാവന. അറബിയും ഒട്ടകവും പി മാധവന്‍ നായരും എന്ന പുതിയ ചിത്രത്തില്‍ ലാലിന്‍റെ നായികയായ ആ അത്ഭുതം മറച്ചു വയ്ക്കുന്നില്ല.

“വളരെ കുഞ്ഞായിരിക്കുമ്പോള്‍ കണ്ട മോഹന്‍ലാല്‍ സിനിമകളിലെ തമാശകള്‍ പറഞ്ഞ് ഞാനും കൂട്ടുകാരും ചിരിക്കാറുണ്ടായിരുന്നു. തേന്‍‌മാവിന്‍ കൊമ്പത്തിലെ ‘മുത്തുഗവു’ പോലെയുള്ള തമാശകള്‍. സെറ്റിലിരിക്കുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ അത്ഭുതത്തോടെ ആലോചിക്കും - വളരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ കണ്ട് ചിരിക്കുകയും അത്ഭുതപ്പെടുകയും ചെയ്ത ആളിന്‍റെ കൂടെ ഇപ്പോള്‍ അഭിനയിക്കുന്നല്ലോ എന്ന്” - ഒരു ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ ഭാവന വ്യക്തമാക്കി.

ഉദയനാണ് താരം, നരന്‍, ഛോട്ടാ മുംബൈ, ട്വന്‍റി20, സാഗര്‍ എലിയാസ് ജാക്കി എന്നിവയാണ് മോഹന്‍ലാലിനൊപ്പം ഭാവന അഭിനയിച്ച സിനിമകള്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘അറബിയും ഒട്ടകവും’ ഒരു മുഴുനീള കോമഡിച്ചിത്രമാണ്. ആഞ്ചലീന എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഭാവന അവതരിപ്പിക്കുന്നത്.

“അബുദാബിയില്‍ വച്ചായിരുന്നു പ്രിയന്‍ സാറിന്‍റെ സിനിമയുടെ ഷൂട്ടിംഗ്. മേരിക്കുണ്ടൊരു കുഞ്ഞാട് കഴിഞ്ഞ് ആറുമാസത്തിന് ശേഷം മതി അടുത്ത മലയാളചിത്രം എന്ന് കരുതിയിരിക്കുകയായിരുന്നു. അപ്പോഴാണ് പ്രിയന്‍ സാറിന്‍റെ പടം വന്നത്. പ്രിയന്‍ സാറിന്‍റെ സിനിമ പറ്റില്ലെന്ന് പറയാനാകില്ലല്ലോ. അത് വല്ലപ്പോഴും വീണുകിട്ടുന്ന ഭാഗ്യമാണ്. അതിനുവേണ്ടി ഒരു നല്ല തമിഴ് സിനിമ ഒഴിവാക്കി.” - ഭാവന പറഞ്ഞു.

“ലാലേട്ടനും മുകേഷും പ്രിയന്‍ സാറുമൊക്കെയുള്ള ‘അറബിയും ഒട്ടകവും’ സെറ്റ് രസകരമായിരുന്നു. ചിരിക്കാന്‍ മാത്രമേ സമയമുള്ളൂ. സിനിമാപ്പേര് വച്ച് ദം‌ഷരാഡ്സ് കളിച്ചതോര്‍ത്താല്‍ ഞാനിപ്പോഴും തലകുത്തിക്കിടന്ന് ചിരിക്കും” - ഭാവന പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :