പാക്കമെന്ന ഗ്രാമവും സായിപ്പന്‍‌മാരും

ലളിതകുമാരി

Children
PRO
PRO
അല്‍‌പസമയം കഴിഞ്ഞപ്പോള്‍ വിയറ്റ്‌നാം‌കാരിയെ പോലെ തോന്നിക്കുന്ന ഒരു യുവതി ഭക്ഷണമുറിയില്‍ നിന്നിറങ്ങി ഹാളില്‍ വന്നു. ഗ്രാമത്തില്‍ നിന്നെത്തി കലാസൃഷ്‌ടികള്‍ ആസ്വദിക്കുന്നവരുടെ അടുത്തുചെന്ന് അവര്‍ സംസാരിക്കാന്‍ തുടങ്ങി. സ്ഫുടതയുള്ള ഇംഗ്ലീഷില്‍ പതുക്കെപ്പതുക്കെ അവര്‍ ഗ്രാമീണരോട് സംസാരിച്ചു. അവര്‍ പറയുന്നത് ഗ്രാമീണര്‍ക്ക് മനസിലായില്ലെങ്കിലും എന്തൊക്കെയോ തരത്തിലുള്ള ആശയവിനിമയം ആ യുവതിക്കും ഗ്രാമീണര്‍ക്കും ഇടയില്‍ നടക്കുന്നുണ്ടായിരുന്നു എന്ന് നിശ്ചയം.

അതിനിടെ സാലൈ മാണിക്കവും സേവാലയയുടെ സ്ഥാപകനായ മുരളിയും ഞങ്ങളുടെ അടുത്തെത്തി. സാലൈ മാണിക്കം “ ഇതാണ് ‘ചില്‍‌ഡ്രന്‍‌സ് ആര്‍ട്ട്‌സ് വില്ലേജി’ന്റെ സ്ഥാപക മായ് ലീ” എന്ന് ആ യുവതിയെ പരിചയപ്പെടുത്തി. ആ നിമിഷം തൊട്ട് മായ് ലീ വാതോരാതെ ഞങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നു. ഒപ്പം, ആര്‍ട്ട് ക്യാമ്പിലെ കലാസൃഷ്ടികള്‍ കാണാനെത്തുന്നവരുടെ പക്കല്‍ ഓടിയെത്തി കലാസൃഷ്ടികളെ പറ്റി വിവരിക്കാനും ഈ ഊര്‍ജസ്വലയായ യുവതി സമയം കണ്ടെത്തി.

അമേരിക്കന്‍ പൌരന്മാരായ ഒന്‍‌പതോളം പേര്‍ ചേര്‍ന്നാണ് ചില്‍‌ഡ്രന്‍‌സ് ആര്‍ട്ട്‌സ് വില്ലേജ് നടത്തുന്നത്. ഓരോ വര്‍ഷവും ഒരു രാജ്യം തെരഞ്ഞെടുത്ത് അവിടത്തെ സ്കൂളുകളിലോ മറ്റ് സ്ഥാപനങ്ങളിലോ ആര്‍ട്ട് ക്യാമ്പ് സംഘടിപ്പിക്കുകയാണ് ആര്‍ട്ട് വില്ലേജ് ചെയ്തുകൊണ്ടിരിക്കുന്നത്. ‘സര്‍ഗാത്മകത പ്രകാശിപ്പിക്കാന്‍ ഒരു വഴി’ (എക്സ്പ്രഷന്‍ ഓഫ് ക്രിയേറ്റിവിറ്റി) എന്നാണ് ആര്‍ട്ട് ക്യാമ്പിന്റെ തീമിനെ പറ്റി മായി വിശേഷിപ്പിക്കുന്നത്. മായിയുടെ ഭര്‍ത്താവും ടെലിവിഷന്‍ പ്രൊഡ്യൂസറുമായ ബോബ് ബ്രീച്ചും ക്യാമ്പിനെ പറ്റി വാചാലനായി.

സാധാരണ ജീവിതം നയിക്കുന്നതിന് അപ്പുറത്തേക്ക് ചിന്തിക്കാന്‍ വിഭവങ്ങളും അടിസ്ഥാനസൌകര്യങ്ങളും ഇല്ലാത്ത കുട്ടികളെ സ്വപ്നം കാണാന്‍ സഹായിക്കുകയാണ് ആര്‍ട്ട് വില്ലേജിന്റെ രീതിയെന്ന് ബോബ് പറയുന്നു. ഹാളില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുന്ന ശില്‍‌പങ്ങളും ചിത്രങ്ങളും ഫോട്ടോകളും മറ്റ് കരകൌശല വിരുതുകളും ഒരോ കുട്ടികളുടെയും ആത്മാവിഷ്കാരമാണ്. ഇവിടെ ചിത്രം വരച്ചവര്‍ ഭാവിയില്‍ ചിത്രകാരന്മാര്‍ ആയേക്കണമെന്നില്ല. ഫോട്ടോ എടുത്തവര്‍ ഫോട്ടോഗ്രാഫര്‍‌മാരും ആയേക്കില്ല. എങ്കിലും തങ്ങളുടെ ‘സെല്‍‌ഫ് എക്സ്പ്രഷന്‍’ നാട്ടുകാരെയും വീട്ടുകാരെയും തങ്ങളെ തന്നെയും അത്ഭുതപ്പെടുത്തുന്നുവെന്നും കുട്ടികള്‍ മനസിലാക്കിയിരിക്കുന്നു. ഈ കൈപിടിച്ച് നടത്തലാണ് സംഘടനയുടെ ലക്ഷ്യം.

സായിപ്പന്‍‌മാര്‍ക്ക് ഇന്ത്യയോടുള്ള ‘അമിതസ്നേഹം’ പലപ്പോഴും ജയിലുകളില്‍ ചെന്ന് റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നിട്ടുള്ളതിനാല്‍ മായിയെയും ബോബിനെയും ഞങ്ങള്‍ ചെറുതായൊന്ന് കുടഞ്ഞു. ഇന്ത്യയോട് മാത്രമല്ല ആഫ്രിക്കയോടും ബൊളീവിയയോടുമൊക്കെ ഇതേ ചേതോവികാരം തന്നെയാണ് ഉള്ളതെന്ന് ബോബ് മറുപടി പറഞ്ഞു. ഇന്ത്യ വളരെ വര്‍ണാഭമാണ്, എന്നാല്‍ ആഫ്രിക്ക ഇതിനേക്കാള്‍ വര്‍ണാഭമാണെന്ന് എടുത്തടിക്കാനും ബോബ് മടിച്ചില്ല. ഇവാഞ്ചലൈസേഷന്‍, പെണ്ണ്, മയക്കമരുന്ന്, ബാലപീഢനം തുടങ്ങിയവയ്ക്കുള്ള വളക്കൂറുള്ള മണ്ണായി ഇന്ത്യയെ കരുതുന്ന സായിപ്പന്മാര്‍ ഏറെയുണ്ടെന്ന് ഞങ്ങള്‍ മായിയെയും ബോബിനെയും ഓര്‍മിപ്പിച്ചു.

WEBDUNIA|
അടുത്ത പേജില്‍ വായിക്കുക, ‘ഹോളിവുഡിനെന്തേ ഇന്ത്യയെ പിടിക്കില്ലേ?’



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :