പ്രിയപ്പെട്ടവരുടെ ‘അണ്ണന്‍’ യാത്രയായി

കെ വി നീരജ്

WEBDUNIA|
PRO
വര്‍ക്കല രാധാകൃഷ്ണന്‍റെ മരണം രാഷ്ട്രീയകേരളത്തിനേറ്റ കനത്ത തിരിച്ചടിയാണ്. സി പി എമ്മിന്‍റെ മുതിര്‍ന്ന നേതാവായിരുന്നു, മുന്‍ എം പിയായിരുന്നു. എന്നാല്‍ അതിനേക്കാളേറെ, ഏതു പാര്‍ട്ടിക്കാരുടെയും സുഹൃത്തായിരുന്നു അദ്ദേഹം. ‘അണ്ണന്‍’ എന്നാണ് ഏവരും വര്‍ക്കലയെ സംബോധന ചെയ്തിരുന്നത്. ‘എടാ..’ എന്ന സ്നേഹം നിറഞ്ഞ വിളിയോടെ എല്ലാവരുടെയും പ്രശ്നങ്ങളില്‍ ഇടപെടുന്ന വ്യക്തിയായിരുന്നു.

ഒരു രാഷ്ട്രീയക്കാരന്‍ എന്നതിനേക്കാള്‍ ഭരണകര്‍ത്താവായാണ് വര്‍ക്കല രാധാകൃഷ്ണന്‍ എന്ന വ്യക്തിത്വം കൂടുതല്‍ അംഗീകരിക്കപ്പെടുന്നത്. മികച്ച നയതന്ത്രജ്ഞനായിരുന്നു. അഭിഭാഷകന്‍ എന്ന നിലയില്‍ പേരെടുത്ത ശേഷമാണ് വര്‍ക്കല രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. അതുകൊണ്ടുതന്നെ നിയമപരവായ കാര്യങ്ങളില്‍ അഗാധമായ അവഗാഹമുണ്ടായിരുന്നു.

ഏറ്റവും മികച്ച പാര്‍ലമെന്‍റേറിയനായിരുന്നു വര്‍ക്കല. കേരളത്തിന്‍റെ വിവിധ വികസനകാര്യങ്ങള്‍ കൃത്യതയോടെ പഠിച്ച് അവതരിപ്പിക്കുന്നതില്‍ പല നേതാക്കളും വര്‍ക്കല രാധാകൃഷ്ണനെയാണ് മാതൃകയാക്കിയിരുന്നത്. ഏതുകാര്യങ്ങള്‍ക്കും ആര്‍ക്കും ഉപദേശം തേടാമായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

ഏറ്റെടുക്കേണ്ട ജനകീയ വിഷയങ്ങള്‍ ഏതൊക്കെയാണെന്നുള്ളതിനെപ്പറ്റിയുള്ള വ്യക്തമായ ബോധമാണ് അദ്ദേഹത്തെ ഒരു മികച്ച എം പിയാകിയത്. ആരെയും സ്നേഹത്തോടെ ശാസിക്കാനുള്ള അധികാരം അദ്ദേഹത്തിനുണ്ടായിരുന്നു. പതിനാലാം ലോക്സഭയില്‍ സ്പീക്കര്‍ പാനലിന്‍റെ ചെയര്‍മാനായിരുന്നു. അക്കാലത്ത് സോമനാഥ് ചാറ്റര്‍ജി കഴിഞ്ഞാല്‍ സ്പീക്കര്‍ കസേരയില്‍ ഏറ്റവും കൂടുതല്‍ ഇരുന്നിട്ടുള്ളത് വര്‍ക്കല രാധാകൃഷ്ണനാണ്.

“അണ്ണന്‍ സ്പീക്കര്‍ കസേരയില്‍ ഇരിക്കുമ്പോള്‍ ഞങ്ങളെപ്പോലും സംസാരിക്കാന്‍ അനുവദിക്കില്ലെ”ന്ന് കേരളത്തിലെ എം പിമാര്‍ പോലും പരിഭവം പറയുമായിരുന്നു. കണ്ണടച്ചുള്ള നിറഞ്ഞ ചിരിയായിരുന്നു അത്തരം പരിഭവങ്ങള്‍ക്കുള്ള മറുപടി.

19 67 ഇ എം എസ്‌ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രൈവറ്റ്‌ സെക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വര്‍ക്കല രാധാകൃഷ്ണന്‍റെ രാഷ്ട്രീയജീവിതത്തിന് ഏറെ പ്രയോജനം ചെയ്തു. ഒരു വിഷയത്തെ ഏതുരീതിയില്‍ കൈകാര്യം ചെയ്യണമെന്ന ഇ എം എസിന്‍റെ തീരുമാനങ്ങളെ അടുത്തുനിന്ന് നോക്കിക്കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് നയപരമായ തീരുമാനങ്ങളെടുക്കുമ്പോള്‍ ഇ എമ്മിന്‍റെ കണിശതയായിരുന്നു വര്‍ക്കലയിലും കാണാന്‍ കഴിഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :