കെ വി തോമസ് കെ‌പി‌സിസി അധ്യക്ഷനാകുമെന്ന് സൂചന, പ്രഖ്യാപനം ഉടന്‍

കെ വി തോമസ്, കെ പി സി സി, ഉമ്മന്‍‌ചാണ്ടി, ചെന്നിത്തല, രാഹുല്‍ ഗാന്ധി, സോണിയ, Sonia, Rahul, Oommenchandy, Chennithala, K V Thomas
ന്യൂഡല്‍ഹി| ജോണ്‍ കെ ഏലിയാസ്| Last Updated: തിങ്കള്‍, 28 മെയ് 2018 (18:54 IST)
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം‌പിയുമായ കെ വി തോമസ് കെ‌പി‌സി‌സി അധ്യക്ഷനാകുമെന്ന് സൂചന. ഇത് സംബന്ധിച്ച് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തുകഴിഞ്ഞെന്നും സംസ്ഥാന കോണ്‍ഗ്രസിലെ എല്ലാ ഗ്രൂപ്പുകളും ഇത് അംഗീകരിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അധികം വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നുമറിയുന്നു.

കെ പി സി സിയുടെ താല്‍ക്കാലിക പ്രസിഡന്‍റ് എം എം ഹസന്‍ ഉടന്‍ ഒഴിയുമെന്നാണ് വിവരം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിയാനായാണ് കോണ്‍‌ഗ്രസ് നേതൃത്വം ഇത്രയും നാള്‍ കാത്തിരുന്നതെന്നും ഇനിയും ഏത് നിമിഷവും പ്രഖ്യാപനമുണ്ടാകുമെന്നുമാണ് അറിയുന്നത്.

പ്രതിപക്ഷനേതാവ് ഹിന്ദു സമുദായത്തില്‍ നിന്നായതിനാല്‍ കെ പി സി സി അധ്യക്ഷന്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നാകട്ടെ എന്ന നിലപാടാണ് ഹൈക്കമാന്‍ഡ് സ്വീകരിക്കുന്നത്. എ ഗ്രൂപ്പില്‍ നിന്ന് ബെന്നി ബെഹനാന്‍റെ പേര് അധ്യക്ഷസ്ഥാനത്തേക്ക് ഉമ്മന്‍‌ചാണ്ടി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഹൈക്കമാന്‍ഡ് അംഗീകരിച്ചില്ല. കെ മുരളീധരന്‍റെ പെരും തള്ളിക്കളഞ്ഞു.

ഒടുവില്‍ കെ വി തോമസിനെ പിന്തുണയ്ക്കാന്‍ ഉമ്മന്‍‌ചാണ്ടിയും തയ്യാറായെന്നാണ് വിവരം. എന്നാല്‍ കെ പി സി സി അധ്യക്ഷപദം ലക്‍ഷ്യം വച്ച് കെ സി വേണുഗോപാലും പി സി ചാക്കോയും നീക്കം നടത്തുന്നുണ്ടെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ആരൊക്കെ ചരടുവലികള്‍ നടത്തിയാലും സോണിയാഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും ഏറെ അടുപ്പം പുലര്‍ത്തുന്ന കെ വി തോമസ് തന്നെ കെ പി സി സിയുടെ അമരത്തേക്ക് വരാനാണ് സാധ്യത. യു ഡി എഫ് കണ്‍‌വീനര്‍ സ്ഥാനത്തേക്കും പുതിയ ആളെ കണ്ടെത്താന്‍ ഹൈക്കമാന്‍ഡ് ആലോചിക്കുന്നതായാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :