ഓസീസ് വീമ്പ് കാട്ടുന്നത് ഇക്കാരണത്താല്‍; സംഭവിക്കുന്നത് കോഹ്‌ലി കാണേണ്ടതുണ്ട്

കോഹ്‌ലിക്ക് പിഴയ്‌ക്കുന്നത് ഇക്കാരണങ്ങളാല്‍!

 virat kohli , Kohli poor performance , team india , cricket , Austrlia India test match , Steve Smith , ഓസ്‌ട്രേലിയന്‍ ടീം , ഇന്ത്യന്‍ ക്യാപ്‌റ്റന്‍ , വിരാട് കോഹ്‌ലി , സ്‌റ്റീവ് സ്‌മിത്ത് , വാര്‍ണര്‍ , ക്രിക്കറ്റ് , കോഹ്‌ലിയുടെ ഫോം
jibin| Last Modified ചൊവ്വ, 21 മാര്‍ച്ച് 2017 (15:49 IST)
പ്രതീക്ഷകളുടെ ഭാരക്കൂടുതല്‍ കൊണ്ടാണോ ഓസ്‌ട്രേലിയക്കെതിരെ വിരാട് കോഹ്‌ലി പരാജയപ്പെടുന്നത് ?, ഉത്തരം എന്തായാലും ഇന്ത്യന്‍ ക്യാപ്‌റ്റന്റെ പ്രകടനം ടീമിനെ ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. തുടര്‍ച്ചയായ ടെസ്‌റ്റ് വിജയങ്ങള്‍ക്ക് തടയിടാന്‍ ഓസ്‌ട്രേലിയന്‍ ടീമിന് സാധിച്ചത് മികച്ച ഗ്രഹപാഠം കൊണ്ടാണ്.

ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയില്‍ എത്തുന്നതിന് മുമ്പ് തന്നെ കളത്തിന് പുറത്ത് ചര്‍ച്ചകള്‍ പൊടിപൊടിച്ചു. മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളടക്കമുള്ളവര്‍ ഓസീസ് ടീമിന്റെ ഇന്ത്യന്‍ സന്ദര്‍ശനം ദുരന്തമാകുമെന്ന് പ്രവചിച്ചിരുന്നു. സ്‌പിന്‍ നേരിടാന്‍ പഠിക്കാതെ ഇന്ത്യയിലേക്ക് പോകേണ്ടെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ തുറന്നടിക്കുകയും ചെയ്‌തു. ഓസീസ് ടീമിന്റെ ശവപ്പറമ്പാകും ഇന്ത്യയില്‍ കാണേണ്ടിവരുകയെന്നും പ്രവചനമുണ്ടായി. ഓസീസ് നായകന്‍ സ്‌റ്റീവ് സ്‌മിത്തും വിരാട് കോഹ്‌ലിയും വരെ വാക് പോരില്‍ മുന്നിട്ടു നിന്നു. ഡേവിഡ് വാര്‍ണറെ ഉപയോഗിച്ച് ഇന്ത്യന്‍ ബോളര്‍മാരെ നിലം പരിശാക്കുമെന്ന് സ്‌മിത്ത് പറയുകയും ചെയ്‌തു. വാക് പോരിന് ഒരു കുറവുമുണ്ടാകില്ലെന്ന് കോഹ്‌ലിയും തുറന്നടിച്ചു.

ഈ സാഹചര്യങ്ങളില്‍ നിന്നാണ് ഓസ്‌ട്രേലിയന്‍ ടീമിന്റെ തകര്‍പ്പന്‍ പ്രകടനം ക്രിക്കറ്റ് ലോകത്തിന് കാണാന്‍ സാധിച്ചത്. പരമ്പരയിലെ ആദ്യ പോരാട്ടമായ പൂനെ ടെസ്‌റ്റിലെ ഇന്ത്യയുടെ തോല്‍‌വി ദയനീയമായിരുന്നു. സ്‌പിന്‍ കുഴിയൊരുക്കി സന്ദര്‍ശകരെ വീഴ്‌ത്താമെന്ന അത്യാഗ്രഹം തിരിച്ചടിയായപ്പോള്‍ ടീം ഇന്ത്യ മനോഹരമായി പരാജയപ്പെട്ടു. ബംഗലൂരു ടെസ്‌റ്റില്‍ ജയം സ്വന്തമാക്കി പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്തിയെങ്കിലും റാഞ്ചിയില്‍ തോല്‍‌വിയുടെ വക്കില്‍ നിന്ന് സമനില പിടിച്ചുവാങ്ങി ഓസ്‌ട്രേലിയ വീണ്ടും കരുത്ത് കാണിച്ചു.

മൂന്ന് ടെസ്‌റ്റിലും വിരാട് കോഹ്‌ലിയുടെ പരാജയമാണ് ഇന്ത്യന്‍ ടീമിനെ ബാധിച്ചത്. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെ സെഞ്ചുറികളുമായി മുന്നില്‍ നിന്ന് ടീമിനെ നയിച്ച കോഹ്‌ലിക്ക് ഓസീസിനെതിരെ തൊട്ടതെല്ലാം പിഴച്ചു. പൂനെ ടെസ്‌റ്റില്‍ 333 റണ്‍സിന്റെ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ കോഹ്‌ലി ആദ്യ ഇന്നിംഗ്‌സില്‍ പൂജ്യനായി കൂടാരം കയറി. രണ്ടാം ഇന്നിംഗ്‌സില്‍ പ്രതീക്ഷകളുടെ ഭാണ്ഡക്കെട്ടുമായി ഇറങ്ങിയ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ നേടിയതാകട്ടെ 13 റണ്‍സും.

ഇന്ത്യ ജയം സ്വന്തമാക്കിയ ബംഗലുരു ടെസ്‌റ്റില്‍ 12, 15 എന്നിങ്ങനെയായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യമെങ്കില്‍ റാഞ്ചിയിലും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ പരാജയപ്പെട്ടു. ഒന്നാം ഇന്നിംഗ്‌സില്‍ ആറ് റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. കോഹ്‌ലി തിളങ്ങിയാല്‍ ടീം ഉണരുമെന്ന് വ്യക്തമാണ്. ഓസീസ് ബോളര്‍മാരെ നേരിടാന്‍ ഭയക്കുന്നതുപോലെയാണ് അദ്ദേഹം ബാറ്റ് വീശുന്നത്. കൂടുതല്‍ പന്തുകള്‍ നേരിട്ട് താളം കണ്ടെത്താന്‍ വിരാട് ശ്രമിക്കാത്തതാണ് വീഴ്‌ചയ്‌ക്ക് കാരണം. റാഞ്ചിയില്‍ ഷോണ്‍ മാര്‍ഷും ഹാന്‍‌ഡ്സ്‌കോമ്പും പുറത്തെടുത്ത പ്രകടനം കോഹ്‌ലിയും ഇന്ത്യന്‍ താരങ്ങളും കണ്ടു പഠിക്കണം.

നിര്‍ണായകമായ നാലാം ടെസ്‌റ്റ് 25ന് ധര്‍മശാലയില്‍ ആരംഭിക്കാനിരിക്കെ മിന്നും ഫോം കണ്ടെത്തേണ്ടതുണ്ട് കോഹ്‌ലിക്ക്, അല്ലാത്ത പക്ഷം അദ്ദേഹത്തിന്റെ പ്രകടനം ടീമിനെയാകെ ബാധിക്കും. കോഹ്‌ലി എത്രനേരം ക്രീസില്‍ നില്‍ക്കുന്നു എന്നത് പ്രധാന കാര്യമാണ്. നാലാം ടെസ്‌റ്റ് ഇന്ത്യക്ക് കൈവിടേണ്ടിവന്നാല്‍ ഓസ്‌ട്രേലിയന്‍ ടീമിന് മുന്നില്‍ എല്ലാ അര്‍ഥത്തിലുമുള്ള തോല്‍‌വിയായിരിക്കും ഇന്ത്യയുടേത്. ഈ സാഹചര്യത്തില്‍ നാലാം അങ്കത്തില്‍ ജയിച്ചേ മതിയാകു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :