അഭിറാം മനോഹർ|
Last Modified ഞായര്‍, 12 ജനുവരി 2025 (09:44 IST)
ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനത്തിന് പിന്നാലെ വിരമിക്കല്‍ തീരുമാനത്തിലേക്ക് പോയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തീരുമാനം മാറ്റിയത് അവസാന നിമിഷമെന്ന് റിപ്പോര്‍ട്ട്. മെല്‍ബണ്‍ ടെസ്റ്റിന് പിന്നാലെ തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ രോഹിത് തീരുമാനിച്ചിരുന്നു. എന്നാല്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി നിലപട് മാറ്റിയെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കളിച്ച അഞ്ച് ഇന്നിങ്ങ്‌സുകളില്‍ നിന്നായി വെറും 31 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. നായകനെന്ന നിലയിലും താരം പൂര്‍ണപരാജയമായിരുന്നു. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയില്‍ നേരിട്ട 3 മത്സരങ്ങളടക്കം ക്യാപ്റ്റനെന്ന നിലയില്‍ തുടര്‍ച്ചയായ 6 മത്സരങ്ങളില്‍ രോഹിത്തിന്റെ കീഴില്‍ ഇന്ത്യയ്ക്ക് വിജയിക്കാനായിട്ടില്ല. ഇതെല്ലാം തന്നെ രോഹിത്തിനെ വിരമിക്കല്‍ തീരുമാനത്തിലേക്ക് എത്തിച്ചിരുന്നു.
എന്നാല്‍ സിഡ്‌നി ടെസ്റ്റിന് മുന്‍പായി സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി രോഹിത് തീരുമാനം മാറ്റുകയായിരുന്നു. ഇത് പരിശീലകന്‍ ഗൗതം ഗംഭീറുമായി അസ്വാരസ്യമുണ്ടാക്കിയതായും റിപ്പോര്‍ട്ടുണ്ട്. സിഡ്‌നി ടെസ്റ്റില്‍ രോഹിത് കളിച്ചില്ലെങ്കിലും ടീമിന്റെ പരിശീലന സെഷനുകളില്‍ ഗംഭീറും രോഹിത്തും തമ്മിലുള്ള അസ്വാരസ്യം പ്രകടമായിരുന്നു. സിഡ്‌നി ടെസ്റ്റിനിടെ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നത് ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് രോഹിത് പറഞ്ഞിരുന്നു. അടുത്തമാസം ആരംഭിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലാകും ഇനി രോഹിത് കളിക്കുക. ഇതിന് ശേഷം ഏകദിനത്തില്‍ നിന്നും വിരമിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.