മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്റെ വിരമിക്കല്‍ സംബന്ധിച്ച് ഗുരുതര ആരോപണങ്ങളുമായി മുന്‍ ഇന്ത്യന്‍ താരവും ബംഗാളിലെ കായിക സഹമന്ത്രിയുമായ മനോജ് തിവാരി. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ കടുത്ത അവഗണനയും അപമാനവുമാണ് അശ്വിന്‍ നേരിട്ടതെന്നാണ് താന്‍ മനസിലാക്കുന്നതെന്നും മനോജ് തിവാരി പറഞ്ഞു.
കോച്ചും മാനേജ്‌മെന്റും അശ്വിനോട് നീതി പുലര്‍ത്തിയില്ല. അശ്വിനെ പോലെ ഒരു പ്രതിഭയെ റിസര്‍വ് ബെഞ്ചിലിരുത്തി അപമാനിച്ചു. മാന്യനായത് കൊണ്ടും അന്തസുള്ളത് കൊണ്ടുമാണ് അശ്വിന്‍ ഒന്നും തുറന്ന് പറയാത്തത്. എന്നെങ്കിലും ഒരിക്കല്‍ അശ്വിന്‍ ഇതെല്ലാം തുറന്ന് പറയുമെന്ന് കരുതുന്നു. വാഷിങ്ങ്ടണ്‍ സുന്ദറും തനുഷ് കോട്ടിയാനുമെല്ലാം മികച്ച സ്പിന്നര്‍മാരാണ്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനവും നടത്തിയിട്ടുണ്ട്. പക്ഷേ അശ്വിനെ പോലെ കഴിവുള്ള ഒരാള്‍ ഉള്ളപ്പോള്‍ എന്തിനാണ് വാഷിങ്ങ്ടണ്‍ സുന്ദറിനെ ടീമിലെടുക്കുന്നത്. നാട്ടിലെ പരമ്പര തന്നെ നോക്കുക. അശ്വിനുണ്ട്, ജഡേജയുണ്ട്, കുല്‍ദീപുണ്ട് എന്നിട്ടും അശ്വിനേക്കാള്‍ ഓവറുകള്‍ വാഷിങ്ങ്ടണ്‍ സുന്ദറിന് നല്‍കി. ഇത് അശ്വിനെ അപമാനിക്കലല്ലേ. എത്ര മത്സരങ്ങള്‍ അശ്വിന്‍ തനിച്ച് ഇന്ത്യയെ വിജയിപ്പിച്ചിട്ടുണ്ട്. മാന്യനായത് കൊണ്ട് ഇതൊന്നും അശ്വിന്‍ പുറത്ത് പറയുന്നില്ല. ഇത് ശരിയായ രീതിയല്ല. കളിക്കാര്‍ പരിഗണന അര്‍ഹിക്കുന്നുണ്ട്. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനോജ് തിവാരി പറഞ്ഞു