അഭിറാം മനോഹർ|
Last Modified വെള്ളി, 10 ജനുവരി 2025 (15:43 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാന്‍ ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയുണ്ടാകില്ലെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരമായ ആദം ഗില്‍ക്രിസ്റ്റ്. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം വിരമിക്കുന്നതിനെ പറ്റി രോഹിത് നിര്‍ണായക തീരുമാനമെടുക്കാന്‍ സാധ്യതയുണ്ടെന്നും ഗില്‍ക്രിസ്റ്റ് ക്ലബ് പ്രേരി ഫയര്‍ പോഡ്കാസ്റ്റില്‍ പറഞ്ഞു.
രോഹിത് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലുണ്ടാവാന്‍ ഒരു സാധ്യതയുമില്ല. ഓസ്ട്രേലിയന്‍ പര്യടനത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തുന്ന രോഹിത് ഇക്കാര്യത്തില്‍ തീരുമാാനമെടുക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വീട്ടിലെത്തി 2 മാസം പ്രായമുള്ള രണ്ടാമത്തെ കുഞ്ഞിന്റെ ഡയപ്പറൊക്കെ മാറ്റി കഴിയുമ്പോള്‍ രോഹിത്തിന്റെ നിലപാട് മാറും. അതുകൊണ്ട് തന്നെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ രോഹിത് ശ്രമിക്കുമെന്ന് കരുതുന്നില്ല. ചാമ്പ്യന്‍സ് ട്രോഫിയിലാകും രോഹിത്തിനെ രാജ്യന്തര ക്രിക്കറ്റില്‍ അവസാനമായി കാണാനാവുക എന്ന് ഞാന്‍ കരുതുന്നു. അതിന് ശേഷം നടക്കുന്ന ഐപിഎല്ലോടെ രോഹിത് കരിയറില്‍ നിര്‍ണായക തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗില്‍ക്രിസ്റ്റ് പറഞ്ഞു