India vs New Zealand ODI World Cup Semi Final: അങ്ങനെ സംഭവിച്ചാല്‍ സെമിയില്‍ ഇന്ത്യ തോല്‍ക്കും ! നെഞ്ചിടിപ്പോടെ ആരാധകര്‍

രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമുകള്‍ക്ക് പവര്‍പ്ലേയില്‍ തന്നെ പ്രധാന വിക്കറ്റുകള്‍ നഷ്ടമാകാനുള്ള സാധ്യത വളരെ കൂടുതലാണ്

രേണുക വേണു| Last Modified ചൊവ്വ, 14 നവം‌ബര്‍ 2023 (09:05 IST)

India vs New Zealand ODI World Cup Semi Final: ഏകദിന ലോകകപ്പിലെ ആദ്യ സെമി ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ നാലാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിനെയാണ് ആദ്യ സെമിയില്‍ നേരിടുക. നവംബര്‍ 15 ബുധനാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതലാണ് മത്സരം. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന തീപാറും മത്സരത്തില്‍ ടോസ് അതീവ നിര്‍ണായകമാണ്. ടോസ് നഷ്ടപ്പെടുന്ന ടീം 25 ശതമാനം തോറ്റു കഴിഞ്ഞു എന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ഈ ലോകകപ്പില്‍ മുംബൈ നടന്ന മത്സരങ്ങള്‍ വിലയിരുത്തുമ്പോള്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനാണ് ആധിപത്യം. ഈ ലോകകപ്പിലെ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ വാങ്കഡെയിലെ ശരാശരി സ്‌കോര്‍ 357 ആണ്. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ ഇത് 188 മാത്രം ! അതായത് ടോസ് ലഭിക്കുകയും ആദ്യം ബാറ്റ് ചെയ്യുകയുമാണ് എല്ലാ ടീമുകള്‍ക്കും നല്ലത്.

രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമുകള്‍ക്ക് പവര്‍പ്ലേയില്‍ തന്നെ പ്രധാന വിക്കറ്റുകള്‍ നഷ്ടമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ആദ്യ ഇന്നിങ്‌സിലെ ആദ്യ പവര്‍പ്ലേയില്‍ 52/1 ആണ് ശരാശരിയെങ്കില്‍ ചേസിങ് പവര്‍പ്ലേയില്‍ ഇത് 42/4 ആണ്. ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുക്കുകയാണെങ്കില്‍ ആദ്യ 15 ഓവര്‍ ശ്രദ്ധയോടെ കളിക്കുകയും അതിനുശേഷം തകര്‍ത്തടിക്കുകയും ചെയ്യാം.

ടോസ് നഷ്ടപ്പെട്ടാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ അല്‍പ്പം തലവേദനയാകും. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ വിക്കറ്റുകള്‍ സംരക്ഷിക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. 2019 ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിന് മുന്നില്‍ ഇന്ത്യ വീണത് സമാന സാഹചര്യം കൊണ്ടാണ്. ന്യൂസിലന്‍ഡാണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ അവരെ 300 റണ്‍സ് കടക്കാതെ പിടിച്ചുനിര്‍ത്തേണ്ടത് ഇന്ത്യയുടെ ഭാരിച്ച ഉത്തരവാദിത്തമാണ്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :