ഞങ്ങള്‍ക്കൊന്നും നഷ്ടപ്പെടാനില്ല, അതുകൊണ്ട് അപകടകാരികള്‍ ആയിരിക്കും; ന്യൂസിലന്‍ഡിനെ നേരിടാന്‍ ഇന്ത്യക്ക് പേടിയുണ്ടെന്ന് റോസ് ടെയ്‌ലര്‍

രേണുക വേണു| Last Modified തിങ്കള്‍, 13 നവം‌ബര്‍ 2023 (18:48 IST)

ഏകദിന ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ പോരാട്ടം ബുധനാഴ്ച നടക്കും. ലീഗ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യക്ക് നാലാം സ്ഥാനക്കാരായ ന്യൂസിലന്‍ഡാണ് എതിരാളികള്‍. തോല്‍വി അറിയാതെയാണ് ഇന്ത്യ സെമിയില്‍ എത്തിയിരിക്കുന്നത്. ന്യൂസിലന്‍ഡ് ആകട്ടെ മൂന്ന് തോല്‍വി വഴങ്ങിയിട്ടുണ്ട്. അതേസമയം 2019 ലെ ഏകദിന ലോകകപ്പ് സെമി ഫൈനല്‍ തോല്‍വി ഇന്ത്യ ഇപ്പോഴും മറന്നിട്ടില്ല. അന്ന് ന്യൂസിലന്‍ഡിനോട് തോറ്റാണ് ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായത്.

ലീഗ് ഘട്ടത്തില്‍ ഇന്ത്യ മികച്ച രീതിയില്‍ കളിച്ചെങ്കിലും സെമിയില്‍ ന്യൂസിലന്‍ഡിനെ നേരിടേണ്ടി വരുന്നത് ആതിഥേയരെ അല്‍പ്പം ഭയപ്പെടുത്തുമെന്ന് കിവീസ് മുന്‍ താരം റോസ് ടെയ്‌ലര്‍ പറഞ്ഞു. 2019 ലെ ചരിത്രം ഓര്‍ക്കാതിരിക്കാന്‍ ആവില്ലെന്നാണ് അന്ന് ഇന്ത്യയെ തോല്‍പ്പിച്ച കിവീസ് ടീമില്‍ ഉണ്ടായിരുന്ന ടെയ്‌ലറിന്റെ അഭിപ്രായം.

' ഇന്ത്യ ഇത്തവണ ഫേവറിറ്റുകളാണ്, ഗ്രൂപ്പ് സ്റ്റേജില്‍ വളരെ നന്നായി കളിച്ചു. പക്ഷേ ഞങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. ന്യൂസിലന്‍ഡ് ടീം അത്യന്തം അപകടകാരികള്‍ ആയിരിക്കും. സെമിയില്‍ ഏതെങ്കിലും ടീമിനെ നേരിടാന്‍ ഇന്ത്യ പേടിക്കുന്നുണ്ടെങ്കില്‍ അത് ന്യൂസിലന്‍ഡിനെ ആയിരിക്കും,' ടെയ്‌ലര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :