ഏകദിനത്തിൽ രോഹിത്ത് പന്തെറിയുന്നത് 7 വർഷത്തിന് ശേഷം, വിക്കറ്റ് നേടുന്നത് 11 വർഷങ്ങൾക്ക് ശേഷവും: അപൂർവനേട്ടം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 നവം‌ബര്‍ 2023 (15:29 IST)
നെതര്‍ലന്‍ഡ്‌സിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി പന്തെറിയാത്ത പല താരങ്ങളും ബൗള്‍ ചെയ്തിരുന്നു. വിരാട് കോലി,സൂര്യകുമാര്‍,ശുഭ്മാന്‍ ഗില്‍ എന്തിന് നായകന്‍ രോഹിത് ശര്‍മ വരെ ഓറഞ്ച് പടക്കെതിരെ പന്തെടുത്തു. ഇതില്‍ കോലിയും രോഹിത്തും മത്സരത്തില്‍ വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. ലോകകപ്പില്‍ വിക്കറ്റ് സ്വന്തമാക്കിയതോടെ ഒരു അപൂര്‍വ റെക്കോര്‍ഡ് തന്റെ പേരിലാക്കിയിരിക്കുകയാണ് രോഹിത്.

ഏകദിന ലോകകപ്പില്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ നായകന്‍ വിക്കറ്റ് നേടുന്നത്. 2003ല്‍ സിംബാബ്‌വെയ്‌ക്കെതിരെ 3 വിക്കറ്റ് വീഴ്ത്തിയ സൗരവ് ഗാംഗുലിയാണ് ഇതിന് മുന്‍പ് ലോകകപ്പില്‍ ഇന്ത്യയ്ക്കായി വിക്കറ്റ് വീഴ്ത്തിയ നായകന്‍. 1983,1987 ലോകകപ്പുകളിലായി കപില്‍ ദേവ് 17 വിക്കറ്റുകള്‍ നേടിയിരുന്നു. കപിലിനും ഗാംഗുലിയ്ക്കും ശേഷം വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ നായകനാണ് രോഹിത്. 2016ന് ശേഷം ഇതാദ്യമായാണ് രോഹിത് ഏകദിനക്രിക്കറ്റില്‍ പന്തെറിയുന്നത്. എന്നാല്‍ 11 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് വിക്കറ്റ് സ്വന്തമാക്കുന്നത്.

2012ല്‍ മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു രോഹിത്തിന്റെ അവസാന വിക്കറ്റ്. ഇന്നലെ വിക്കറ്റ് എടുത്തതോടെ ഏകദിനത്തില്‍ തന്റെ ഒമ്പതാമത്തെ വിക്കറ്റാണ് താരം നേടിയത്. അതേസമയം ഇന്നലെ നെതര്‍ലന്‍ഡ്‌സിനെതിരെ ശ്രേയസ് അയ്യരും വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലും ഒഴികെ എല്ലാവരും പന്തെറിഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :