സച്ചിന്‍ വെള്ളിത്തിരയില്‍

മുംബൈ| WEBDUNIA|
PRO
ക്രിക്കറ്റില്‍ ആരാധകലക്ഷങ്ങളുടെ നായകനായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇനി വെള്ളിത്തിരയിലും നായകന്‍. ബോളിവുഡിലെ സൂപ്പര്‍ നിര്‍മാതാവ്‌ വിധു വിനോദ്‌ ചോപ്രയുടെ 'ഫെരാരി കി സവാരി’ എന്ന ചിത്രത്തിലാണ്‌ സച്ചിന്‍ ഒരു പ്രധാന വേഷത്തിലെത്തുന്നത്‌. ത്രീ ഇഡിയറ്റ്സ് ഫെയിം ഷര്‍മാന്‍ ജോഷിയും ബൊമാന്‍ ഇറാനിയുമാണ് രാജേഷ്‌ മപുസ്കാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സച്ചിനൊപ്പം പ്രധാന വേഷമവതരിപ്പിക്കുന്നത്. ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍, രണ്‍‌ബീര്‍ കപൂര്‍ എന്നിവരെയും ഈ വേഷം അവതരിപ്പിക്കാന്‍ ആദ്യം പരിഗണിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ സച്ചിന് തന്നെ നറുക്ക് വീഴുകയായിരുന്നു.

ചിത്രത്തിലെ സച്ചിന്‍റെ വേഷത്തെക്കുറിച്ച് എന്തെങ്കിലും വെളിപ്പെടുത്താന്‍ നിര്‍മാതാവ്‌ വിധു വിനോദ് ചോപ്ര തയ്യാറായില്ല. 'ഫെരാരി കി സവാരി’യുടെ തിരക്കഥ വായിച്ച് അത്ഭുതപ്പെട്ടകാര്യവും നിര്‍മാതാവിനൊപ്പം നില്‍ക്കുന്ന ഫോട്ടോയും സച്ചിന്‍ നേരത്തെ ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്‌തിരുന്നു. ഫെരാരി കാര്‍ സ്വന്തമായുള്ള ഒരു ക്രിക്കറ്റ്‌ താരത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്‌ ലോര്‍ഡ്സില്‍ ക്രിക്കറ്റ്‌ കളിക്കുന്നത്‌ സ്വപ്നം കാണുന്ന ബാലന്റെ കഥയാണ്‌ സിനിമയുടെ ഇതിവൃത്തം.

സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഇന്ത്യയില്‍ ഫെരാരി കാര്‍ സ്വന്തമായുള്ള ഒരേയൊരു കായിക താരമെന്നതും അദ്ദേഹത്തെ തെരഞ്ഞെടുക്കാന്‍ കാരണമായി എന്നാണ് സൂചന. ത്രീ ഇഡിയറ്റ്സിന്റെ വന്‍ വിജയത്തിനുശേഷമാണ്‌ വിധു വിനോദ്‌ ചോപ്ര ഫെരാരി കി സവാരിയുമായെത്തുന്നത്‌. ത്രി ഇഡിയറ്റ്സിന്റെ സംവിധായകനായ രാജ്‌ കുമാര്‍ ഹിറാനിയാണ്‌ ചിത്രത്തിന്‌ സംഭാഷണമൊരുക്കുന്നത്‌.

രണ്ട് വര്‍ഷം മുന്‍പ് മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയില്‍ വേഷമിട്ടതാണ് പരസ്യ ചിത്രങ്ങള്‍ക്ക് പുറമെ സച്ചിന്‍റേ അഭിനയ പരിചയം. അജയ്‌ ജഡേജ, വിനോദ്‌ കാംബ്ലി, സുനില്‍ ഗാവസ്ക്കര്‍, സലില്‍ അങ്കോള, സയീദ്‌ കിര്‍മാനി, സന്ദീപ്‌ പാട്ടീല്‍ തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളെല്ലാം സിനിമയില്‍ മുമ്പ്‌ മുഖം കാണിച്ചവരാണ്‌


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :