കായികലോകം 2011 - പ്ലേ, റീപ്ലേ!

ആര്‍ കെ ഹണി

WEBDUNIA|
റീപ്ലേയില്‍ കാല്‍പ്പന്തുകളി തല്‍ക്കാലം അവസാനിക്കുന്നു. വേഗതയുടെ ട്രാക്കില്‍ കാറുകള്‍ കുതിച്ചുപായുകയാണ്. ഇന്ത്യയില്‍ ആദ്യമായി നടന്ന ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന്റെ ഇരമ്പലുകള്‍ വേഗതയെ പ്രണയിക്കുന്നവര്‍ക്ക് സംഗീതമായി തോന്നിയിട്ടുണ്ടാകും. ന്യൂഡല്‍ഹിയില്‍ ബുദ്ധ സര്‍ക്ക്യൂട്ടില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രി കാറോട്ടമത്സരത്തില്‍ റെഡ്ബൂള്‍ ടീമിന്റെ സെബാസ്റ്റ്യന്‍ വെറ്റല്‍ കിരീടം ചൂടിയപ്പോള്‍ മക്‍ലാറന്റെ ജെന്‍സണ്‍ ബട്ടണ്‍ രണ്ടാമതും ഫെരാരിയുടെ ഫെര്‍ണാണ്ടോ അലോണ്‍സോ മൂന്നാമതും ഫിനിഷ് ചെയ്തു. ഏക ഇന്ത്യന്‍ ടീമായ സഹാര ഇന്ത്യയുടെ അഡ്രിസ്യാന്‍ സുട്ടില്‍ ഒമ്പതാമതെത്തി. ഹിസ്പാനിയ റേസിംഗിനു വേണ്ടിയിറങ്ങിയ ഇന്ത്യന്‍ താരം നരെയ്‌ന്‍ കാര്‍ത്തികേയന് പതിനേഴാം സ്ഥാനം ലഭിച്ചു. ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രിയില്‍ തുടര്‍ച്ചയായി രണ്ടുവട്ടം ലോകകിരീടം നേടുന്ന താരം എന്ന ബഹുമതിക്ക് വെറ്റല്‍ 2011ല്‍ അര്‍ഹനായി.

ടെന്നീസ് റാക്കറ്റേന്തി റീപ്ലേയിലേക്ക് സര്‍വീസ് പായിച്ചിരിക്കുകയാണ് സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച്. കഴിഞ്ഞ കുറച്ച് വര്‍ഷമായി പുരുഷ ടെന്നീസ് ലോകം ഭരിച്ച സ്പെയിനിന്റെ റാഫേല്‍ നദാലിനെ പിന്നിലാക്കി ജോക്കോവിച്ച് ലോക ഒന്നാം നമ്പര്‍ താരമായി. നദാലിനെ തറപറ്റിച്ച് വിംബിള്‍ഡണിലും യു എസ് ഓപ്പണിലും ജോക്കോവിച്ച് രാജാവായി. വിംബിള്‍ഡന്‍ കിരീടം നിലനിര്‍ത്താനായതും സ്പെയിനിനുവേണ്ടി ഡേവിസ് കപ്പ് വീണ്ടെടുക്കാനായതുമാണ് 2011ല്‍ നദാലിന്റെ പ്രധാന നേട്ടങ്ങള്‍. എടിപി ലോക ടൂര്‍ ടെന്നീസ് ഫൈനല്‍‌സില്‍ ആറാം തവണയും കിരീടം നേടിയാണ് മൂന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ താരമായത്.

ഒരു ഏഷ്യന്‍ താരം ഗ്ലാന്‍സ്ലാം സിംഗിള്‍സില്‍ ചരിത്രം കുറിച്ച ദൃശ്യങ്ങള്‍ കൂടി 2011ന്റെ റീപ്ലേയിലുണ്ട്. ഗ്ലാന്‍സ്ലാം സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ ഏഷ്യന്‍ താരമായി ചൈനക്കാരിയായ ലി നാ(29) മാറി. മുന്‍ ചാമ്പ്യന്‍ ഫ്രാന്‍സിസ്കാ ഷിയാവോണയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ലി നാ ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം സ്വന്തമാക്കിയത്.

അതാ ലോക അത്‌ലറ്റിക് മീറ്റിന്റെ ട്രാക്കില്‍ വേഗതയുടെ രാജകുമാരന്‍ ജമൈക്കയുടെ ബോള്‍ട്ട് കുതിക്കാന്‍ തയ്യാറായിരിക്കുന്നു. അയ്യോ കഷ്ടമെന്നേ പറയേണ്ടൂ. ഫൌള്‍ സ്റ്റാര്‍ട്ടിനെ തുടര്‍ന്ന് ബോള്‍ട്ടിന് അയോഗ്യത. ബോള്‍ട്ടിലൂടെയല്ലെങ്കിലും ഗ്ലാമര്‍ ഇനമായ 100 മീറ്ററില്‍ ജമൈക്ക തന്നെ മേധാവിത്വം നിലനിര്‍ത്തിയിരിക്കുന്നു. 9.92 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ബ്ലെയ്ക്ക് ആണ് കിരീടം നേടിയത്. എന്നാല്‍ ചരിത്രത്തിലെ നാലാമത്തെ മികച്ച സമയം കണ്ടെത്തി ബോള്‍ട്ട് 200 മീറ്ററില്‍ സ്വര്‍ണം നേടി. 2011ലെ ലോക അത്‌ലറ്റിക്സില്‍ ഒരു സുന്ദരി ഉയരങ്ങളില്‍ നിന്ന് താഴേക്ക് പതിക്കുകയും ചെയ്തു. ഉയരങ്ങള്‍ കീഴടക്കി അദ്ഭുതമായി പറന്നിറങ്ങാറുള്ള സുന്ദരിക്ക് ഇത്തവണ ലോക അത്‌ലറ്റിക് ചാമ്പ്യന്‍‌ഷിപ്പില്‍ മെഡലില്ല. പോള്‍വോള്‍ട്ടില്‍ ലോകറെക്കോര്‍ഡുകാരി യെലേന ഇസിന്‍ബയേവ ഇത്തവണ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

അടുത്ത പേജില്‍ - സ്വര്‍ണ മയൂഖം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :