കായികലോകം 2011 - പ്ലേ, റീപ്ലേ!

ആര്‍ കെ ഹണി

WEBDUNIA|
ക്രിക്കറ്റിന് അമിതപ്രാധാന്യം നല്‍കിയെന്ന് വായനക്കാര്‍ പരിഭവിക്കരുത്. ദേശീയ വിനോദമായ ഹോക്കിയുടെ റീപ്ലേകള്‍ ഇതായെത്തി. പ്രഥമ ഏഷ്യന്‍ ചാമ്പ്യന്‍‌ഷിപ്പ് കിരീടം സ്വന്തമാക്കിയാണ് ഹോക്കി ഇന്ത്യ കരുത്ത് കാട്ടിയത്. ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്താണ് ഹോക്കി ഇന്ത്യ ഏഷ്യയുടെ രാജാക്കന്‍‌മാരായത് എന്നതിനാല്‍ വിജയത്തിന് മധുരം ഏറുന്നു.

പക്ഷേ ഈ വിജയ മാധുര്യം സമ്മാനിച്ച താരങ്ങളെ നിരാശരാക്കുന്ന നടപടികളാണ് കായികമന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും എടുത്തുപറയേണ്ടിയിരിക്കുന്നു. ലോകകപ്പ് നേടിയ ടീം ഇന്ത്യയ്ക്കുള്ള സമ്മാനമഴ ഇപ്പോഴും പെയ്തുതീര്‍ന്നില്ല. എന്നാല്‍ ഏഷ്യന്‍ രാജാക്കന്‍‌മാരായ ഇന്ത്യന്‍ ഹോക്കി ടീമിന് കേന്ദ്ര സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ച സമ്മാനം വെറും 25,000 രൂപയാണ്. ടീം ഈ സമ്മാനം നിരസിക്കുകയും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തതിനെ തുടര്‍ന്ന് ഒന്നര ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

മൈതാനം മാറുന്നു. അവിടെ കാല്‍പ്പന്തു കളിയുടെ ആരവമുയരുന്നു. അഫ്ഗാനിസ്ഥാനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ സാഫ് കിരീടം നേടിയിരിക്കുന്നു. തുടര്‍ച്ചയായ ആറാം തവണയാണ് ഇന്ത്യ സാഫ് ജേതാക്കളാകുന്നത്. ഇന്ത്യക്ക് വേണ്ടി ഏഴ് ഗോള്‍ നേടിയ സുനില്‍ ഛേത്രിയെ ഫൈനലിലെയും ടൂര്‍ണമെന്‍റിലെയും താരമായി തെരഞ്ഞെടുത്തു.

ഇന്ത്യന്‍ ഫുട്ബോളിന് ആവേശക്കാഴ്ചകള്‍ സമ്മാനിക്കാന്‍ കാല്‍പ്പന്തിന്റെ രാജകുമാരന്‍ മെസ്സിയെത്തിയതും ഈ വര്‍ഷം തന്നെ. കളിയഴകിന്റെ സ്വപ്നനിമിഷങ്ങള്‍ സമ്മാനിച്ച് മെസ്സിയുടെ അര്‍ജന്റീന വെനസ്വേലയ്ക്കെതിരെ എതിരില്ലാത്ത ഒരു ഗോള്‍ വിജയം നേടി. കൊല്‍ക്കത്തയില്‍ ആരാധകരുടെ മനസ്സില്‍ ആവേശക്കടല്‍ തീര്‍ത്ത മത്സരം നിയന്ത്രിച്ചത് പാലക്കാട്ടുകാരനായ എ റോവനും തൃശൂരുകാരനായ ദിനേഷ് നായരുമാണെന്നത് മലയാളികള്‍ക്കും അഭിമാനമേകുന്നു. ഇന്ത്യയില്‍ ഫിഫ അംഗീകാരത്തോടെ നടന്ന ആദ്യ രാജ്യാന്തരമത്സരമായിരുന്നു ഇത്.

കോപ്പ അമേരിക്കയില്‍ ഏറ്റവും കൂടൂതല്‍ വിജയവുമായി ഉറേഗ്വ റെക്കോര്‍ഡിട്ടതാണ് ഫുട്ബോള്‍ മൈതാനത്തെ മറ്റൊരു വിശേഷം. പാരഗ്വായെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഉറേഗ്വ ചാമ്പ്യന്‍‌മാരായത്. പതിനഞ്ചാം തവണയാണ് ഉറേഗ്വേ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കുന്നത്. ഇതോടെ, 14 കിരീടങ്ങളുമായി റെക്കോര്‍ഡ് ചരിത്രത്തില്‍ ഒപ്പമുണ്ടായിരുന്ന അര്‍ജന്റീന പിന്നിലായി.

ഫുട്ബോള്‍ ലോകത്ത് രണ്ട് നഷ്ടമാണ് ഈ വര്‍ഷം ഉണ്ടായത്. ഇതിഹാസ താരങ്ങളില്‍ ഒരാള്‍ കളിക്കളത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ മറ്റൊരാള്‍ ജീവിതത്തില്‍ നിന്നുതന്നെ വിടവാങ്ങി. ലോകോത്തര താരവും ബ്രസീലിന്റെ എക്കാലത്തെയും മികച്ച സ്ട്രക്കര്‍മാരിലൊരാളായ റൊണാള്‍ഡോയാണ് രാജ്യാന്തര മത്സരത്തില്‍ നിന്ന് വിരമിച്ചത്. രണ്ടു തവണ ലോക ഫുട്ബോളര്‍ പട്ടം ലഭിച്ചിട്ടുള്ള താരമായ റൊണാള്‍ഡോ ലോകകപ്പ് ഫുട്ബോളിലെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനും കൂടിയാണ്. 2011ല്‍ കളിക്കളത്തിന് എന്നേക്കുമായി നഷ്ടപ്പെട്ടത് എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡറായ സോക്രട്ടീസ് ബ്രാസിലീറോ സാം‌പായോ ആണ്. പേരിനെ അന്വര്‍ഥമാക്കുന്നതു പോലെ കാല്‍‌പ്പന്തുകളിയുടെ തത്വചിന്തകനെയായിരുന്നു സോക്രട്ടീസ്. ഡോക്ടര്‍, നോവലിസ്റ്റ്, രാഷ്ട്രീയക്കാരന്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ പ്രാഗദ്ഭ്യം തെളിച്ച താരമാണ് ബ്രസീലിന്റെ മുന്‍‌നായകന്‍ കൂടിയായ സോക്രട്ടീസ് എന്നറിയുമ്പോള്‍ ആ വിയോഗത്തിന് ആഘാതം വര്‍ധിക്കുന്നു.

അടുത്ത പേജില്‍ - ടെന്നിസ് ഭരണം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :