കായികലോകം 2011 - പ്ലേ, റീപ്ലേ!

ആര്‍ കെ ഹണി

WEBDUNIA|
PTI
മത്സരങ്ങളുടെ ലോകത്ത് നിന്ന് ഒരു വര്‍ഷം വിരമിക്കുകയാണ്. അതേസമയം കളിക്കളത്തിലിറങ്ങാന്‍ മറ്റൊരു വര്‍ഷം ജേഴ്സിയണിഞ്ഞ് തയ്യാറായിരിക്കുന്നു. 2011നെ ചരിത്രത്തിന്റെ ഭിത്തിയില്‍ തൂക്കി ‘വര്‍ത്തമാനത്തിന്റെ’ കോര്‍ട്ടില്‍ 2012 ‘കളി’ തുടങ്ങുകയാണ്. ആരവങ്ങളും ആര്‍പ്പുവിളികളുമായി കായികപ്രേമികള്‍ കാത്തിരിക്കുന്ന പുത്തന്‍ വീരചരിതങ്ങള്‍ക്കായി. ഇന്നലെയുടെ ആരവങ്ങളാകും നാളെയുടെ പോരാട്ടങ്ങള്‍ക്ക് ആവേശം പകരുക. അതിനാല്‍ 2012 കളി തുടങ്ങും മുന്നേ 2011ലെ കായികവിശേഷങ്ങളുടെ ഒരു റീപ്ലേ.

എന്നും ജയിച്ചവനൊപ്പമാണ് ലോകം. കായികമേഖലയിലാകുമ്പോള്‍ പറയുകയും വേണ്ട. പക്ഷേ വീഴ്ചകളും ഒരു പാഠമാണ്. തെറ്റുകള്‍ പരിഹരിച്ച് മുന്നേറാന്‍ കിട്ടുന്ന ഒരു അവസരം. ചിലപ്പോള്‍ അത് നൊമ്പരക്കാഴ്ചകളുമാകും. പക്ഷേ റീപ്ലേയില്‍ കളി തുടങ്ങുമ്പോള്‍ നേട്ടങ്ങളുടെ പട്ടികയാകും ആദ്യം കാണുക.

സ്വന്തം രാജ്യത്തിന്റെ ജേഴ്സി അണിയുകയെന്നതാണ് ഏതൊരു കായികതാരത്തിന്റേയും സ്വപ്നവും സാഫല്യവും. നേട്ടങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ സ്വന്തം രാജ്യത്തിന്റെ കോര്‍ട്ടിലാകുന്നത് അഭിമാനനിമിഷവുമാണ്. ഇനി ഇന്‍‌ട്രൊഡക്ഷനില്ല; ഇതാ റീപ്ലേ തുടങ്ങിയിരിക്കുന്നു.

ചിലര്‍ കണ്ണുകള്‍ ഇറുകെയടച്ചു. മറ്റ് ചിലര്‍ പ്രാര്‍ഥനകള്‍ ഉരുവിട്ടു. വേറൊരു കൂട്ടര്‍ ഓരോ റണ്ണിനും ആര്‍ത്തുവിളിച്ചു. ആവേശം ഒരോ അണുവിലും. നിമിഷങ്ങള്‍ക്ക് മണിക്കൂറിനേക്കാളും ദൈര്‍ഘ്യം. ഒടുവില്‍ ആ അസുലഭ മുഹൂര്‍ത്തം സംഭവിച്ചു. കോടിക്കണക്കിന് ആരാധകര്‍ക്കുള്ള സമ്മാനമായി 48.2 ഓവറില്‍ ധോണി കുലശേഖരയെ നിലം തൊടാതെ പറത്തി. ഫലം ടീം ഇന്ത്യ ലോകത്തിന്റെ നെറുകയില്‍.

ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്ക ഉയര്‍ത്തിയ 275 റണ്‍സിന്റെ വിജയലക്‍ഷ്യം ഇന്ത്യ 48.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. സെഞ്ച്വറിക്ക് മൂന്ന് റണ്‍സ് അകലെവച്ച് പുറത്തായ ഗൌതം ഗംഭീറും നായകന്റെ കളികെട്ടഴിച്ച മഹേന്ദ്ര സിംഗ് ധോണിയുമാണ് ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ലായത്. എഴുപത്തിയൊമ്പത് പന്തുകളില്‍ നിന്ന് രണ്ട് സിക്സറുകളും എട്ട് ബൌണ്ടറികളും ഉള്‍പ്പടെ 91 റണ്‍സ് നേടി പുറത്താകാതെ നിന്ന ധോണിയാണ് മാന്‍ ഓഫ് ദ മാച്ചും. യുവരാജ് സിംഗ് ആണ് മാന്‍ ഓഫ് ദ ടൂര്‍ണമെന്റ്. 1983ന് ശേഷം ടീം ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ നിമിഷം തന്നെയാകും(ഏപ്രില്‍ രണ്ട്) 2011ല്‍ കായികരംഗത്ത് ഇന്ത്യക്കാരന്റെ അഭിമാനനിമിഷം.

നേട്ടങ്ങളുടെ കളിക്കളത്തില്‍ മാത്രമല്ല തകര്‍ച്ചയുടെ പിച്ചിലും ടീം ഇന്ത്യ ബാറ്റ് ചെയ്തു. ഇംഗ്ലണ്ട് പര്യടനത്തിലെ സമ്പൂര്‍ണ്ണ പരാജയം ടീം ഇന്ത്യക്ക് ടെസ്റ്റ് തമ്പുരാക്കന്‍മാരുടെ പദവി നഷ്ടമാക്കി. ഇംഗ്ലണ്ട് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തുകയും ചെയ്തു.

ഇനി ഒരു വെടിക്കെട്ടിന്റെ വിശേഷമാണ്. ഒരു കിരീടധാരണത്തിന്റെയും. ഏകദിനക്രിക്കറ്റിലെ തമ്പുരാന്റെ സിംഹാസനത്തില്‍ ടീം ഇന്ത്യയുടെ വിരേന്ദ്ര സെവാഗ് ഇരിപ്പുറപ്പിച്ചതിന്റെ വിശേഷം. ഏകദിനക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ സെവാഗ് സ്വന്തം പേരില്‍ കുറിച്ചു. ഏകദിനക്രിക്കറ്റിലെ രണ്ടാം ഇരട്ടസെഞ്ച്വറിയും. വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഏകദിനപരമ്പരയിലെ നാലാം മത്സരത്തില്‍ 219 റണ്‍സ് നേടിയാണ് സെവാഗ് ഈ സുവര്‍ണനേട്ടത്തിലെത്തിയത്. 2010ല്‍ ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയ 200 റണ്‍സിന്റെ റെക്കോര്‍ഡ് ആണ് സെവാഗ് മറികടന്നത്.

ടീം ഇന്ത്യക്ക് പ്രചോദനമാകാന്‍ നഗ്നയാകുമെന്ന് പ്രഖ്യാപിച്ച് പൂനം പാണ്ഡെയെന്ന മോഡല്‍ പണം കൊയ്തതും ക്രിക്കറ്റ് ലോകത്ത് നിന്ന് കേള്‍ക്കാവുന്ന വാര്‍ത്തയാണ്. ടീം ഇന്ത്യ ലോകകപ്പ് നേടിയാല്‍ സ്റ്റേഡിയത്തില്‍ നഗ്നയാകുമെന്നായിരുന്നു പൂനം പ്രഖ്യാപിച്ചത്. എന്നാല്‍ ടീം ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ പൂനത്തിന്റെ നഗ്നതയ്ക്കായി ക്യാമറകള്‍ സ്റ്റേഡിയത്തിന്റെ എല്ലായിടവും പരതിയെങ്കിലും നിരാശയായിരുന്നു ഫലം. പക്ഷേ നഗ്നയായില്ലെങ്കിലും പൂനം മനസ്സില്‍ കണ്ടത് പൂര്‍ണമായും കിട്ടി. വന്‍ ഓഫറുകള്‍, മാധ്യമശ്രദ്ധ, പ്രശസ്തി അങ്ങനെ എല്ലാം. പൂനം നഗ്നയാകുമോ ഇല്ലയോ എന്ന വാര്‍ത്തയില്‍ നിന്ന് കാഴ്ച തിരിക്കുകയാണ്.

ഇത്തവണയും ചെന്നൈ സൂപ്പര്‍ കിംഗ്സ് കുട്ടിക്രിക്കറ്റിലെ രാജാക്കന്‍‌മാരായി. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് വീണ്ടും ഐ പി എല്‍ കിരീടം നേടിയത്. എന്നാല്‍ ചാമ്പ്യന്‍സ് ട്വന്റി 20 ക്രിക്കറ്റ് കിരീടം ഇത്തവണ മുംബൈ ഇന്ത്യന്‍‌സിനായിരുന്നു. ഇവിടെയും അന്തിമപ്പോരാട്ടത്തില്‍ പരാജയപ്പെട്ടത് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് തന്നെയെന്നത് യാദൃശ്ചികം.

ക്രിക്കറ്റില്‍ ഒരു കോഴക്കളി വെളിച്ചത്തുവന്നതും റീപ്ലേ ചെയ്യാതെ വയ്യ. പാക് നായകന്‍ സല്‍മാന്‍ ബട്ട്, പേസ് ബൌളര്‍മാരായ, മുഹമ്മദ് ആസിഫ് മുഹമ്മദ് ആമിര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് ബ്രിട്ടിഷ് കോടതി കണ്ടെത്തി. ഇവര്‍ക്ക് കോടതി ശിക്ഷ വിധിക്കുകയും ചെയ്തു. 2010ല്‍ ഓഗസ്റ്റില്‍ ലോര്‍ഡ്സില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ വാതുവയ്പ്പുകാരുടെ ഏജന്റില്‍ നിന്ന് പണം കൈപ്പറ്റി മത്സരം തത്സമയം ഒത്തുകളിച്ചുവെന്നാണ് കേസ്.

ക്രിക്കറ്റില്‍ നിന്ന് പോകും മുന്നേ ഒരു കാത്തിരിപ്പിന്റെ വിശേഷം കൂടി പറയാനുണ്ട്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നൂറാം സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ്. മാര്‍ച്ചില്‍ ലോകകപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയെയാണ് സച്ചിന്‍ തൊണ്ണൂറ്റിയൊമ്പതാം സെഞ്ച്വറി നേടിയത്. ലോകകപ്പിന് ശേഷം സച്ചിന്‍ ഏകദിനമത്സരങ്ങള്‍ കളിച്ചിട്ടില്ല. എന്നാല്‍. ‘ഇതാ ഈ ടെസ്റ്റില്‍ നൂ‍റാം സെഞ്ച്വറി’ എന്ന തോന്നലില്‍ സച്ചിന്‍ 15 ഇന്നിംഗ്സുകളില്‍ ബാറ്റേന്തി. തൊണ്ണൂറുകളില്‍ എത്തിയ അവസരവുമുണ്ടായി. പക്ഷേ നൂറാം സെഞ്ച്വറി മാത്രമുണ്ടായില്ല. ഇനി ആ കാത്തിരിപ്പ് അധികം നീളില്ലെന്ന് കരുതാം.

അടുത്ത പേജില്‍ - ഹോക്കി ഇന്ത്യയുടെയും വര്‍ഷം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :