മെഡിക്കല്‍ ഷോപ്പുകള്‍ വഴിയുള്ള ബേബി ഫുഡ് വില്‍പന കേന്ദ്രസര്‍ക്കാര്‍ നിരോധിക്കും

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (14:02 IST)
മെഡിക്കല്‍ ഷോപ്പുകള്‍ വഴിയുള്ള ബേബി ഫുഡ് വില്‍പന കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബേബി ഫുഡുകള്‍ക്ക് പുറമെ കുട്ടികള്‍ക്കായി ബഹുരാഷ്ട്ര കമ്പനികള്‍ പുറത്തിറക്കുന്ന എണ്ണകളും സോപ്പുകളും മെഡിക്കല്‍ സ്‌റ്റോറുകളില്‍ വില്ക്കുന്നതും നിരോധിക്കുമെന്നും സൂചനയുണ്ട്. ബേബി ഫുഡ്, പേസ്റ്റ്, സോപ്പ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ മെഡിക്കല്‍ ഷോപ്പുകള്‍ വഴി വിറ്റഴിക്കുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതായാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ പദാര്‍ത്ഥങ്ങള്‍ എതെങ്കിലും വിധത്തില്‍ ഉള്‍ക്കൊള്ളുന്നതാണ് ഇവയിലധികവുമെന്നാണ് ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഔഷധകാര്യ മന്ത്രാലയത്തിന് അതോറിറ്റി കൈമാറിയിരുന്നു. റിപ്പോര്‍ട്ടില്‍ ഉന്നയിച്ച കാര്യങ്ങള്‍ പരിശോധിച്ച ഔഷധകാര്യമന്ത്രാലയം വസ്തുതകള്‍ രേഖാപരമായി സ്ഥിതികരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി കേന്ദ്ര ഔഷധകാര്യ സഹമന്ത്രി ഹന്‍സ് രാജ് ഗംഗാറാമിന്റെ നേത്യത്വത്തില്‍ നടപടികള്‍ ആരംഭിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ 100 ഇരട്ടിയിലധികം വില്പന വര്‍ദ്ധനവാണ് രാജ്യത്തെ ബേബിഫുഡ് വിപണിയില്‍ ഉണ്ടായത്. ബേബി ഫുഡുകളുടെ വില്‍പന വര്‍ദ്ധിയ്ക്കുന്നത് അവ മെഡിക്കല്‍ സ്‌റ്റോറുകള്‍ വഴി വില്ക്കുന്നത് മൂലമാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി മരുന്നുകളും ചികിത്സാ ഉപകരണങ്ങളും മാത്രമെ വില്‍ക്കാന്‍ പാടുള്ളു എന്ന് നിബന്ധന കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരും. മെഡിക്കല്‍ സ്‌റ്റോറുകള്‍ വഴി മറ്റ് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതും വിലക്കും.

‘മെഡിക്കല്‍ ഷോപ്പുകളില്‍ വില്‍ക്കുന്ന ബേബി ഫുഡ് ഉല്‍പന്നങ്ങളും സോപ്പുകളുമെല്ലാം ആരോഗ്യത്തിന് നല്ലതും മരുന്നിന്‍റെ ഗുണവുമുള്ളതാണെന്ന ധാരണ ജനങ്ങള്‍ക്കുണ്ട്. പല കമ്പനികളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതൊഴിവാക്കാന്‍ ഇത്തരം ഉല്‍പന്നങ്ങള്‍ മെഡിക്കല്‍ ഷോപ്പുകള്‍ വഴി വില്‍ക്കുന്നത് തടയുകയാണ് പോംവഴി’ വകുപ്പിന്‍റെ ചുമതലയുള്ള സഹമന്ത്രി ഹന്‍സ്രാജ് ഗംഗാറാം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :