ആര്‍എസ്‌എസ്‌ തലവന് രാഷ്ട്രപതിക്കു തുല്യമായ സുരക്ഷയൊരുക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി| VISHNU N L| Last Modified ഞായര്‍, 7 ജൂണ്‍ 2015 (17:21 IST)
രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ തലവന്‍ മോഹന്‍ ഭാഗവതിന് കേന്ദ്രസര്‍ക്കാര്‍ വിവിഐപി ഇസെഡ്‌ പ്ലസ്‌ കാറ്റഗറി നല്‍കാന്‍ തീരുമാനിച്ചു. പ്രധാനമന്ത്രി, രാഷ്‌ട്രപതി എന്നിവര്‍ക്കാണ് നിലവില്‍ ഇത്രയും ബൃഹത്തായ സുരക്ഷാ ക്രമീകരണമുള്ളത്. ഇനി ഇത്തരത്തിലുള്ള സുരക്ഷ മോഹന്‍ ഭാഗവതിനും ലഭിക്കും.

പ്രത്യേക പരിശീലനം നേടിയ സി.ഐ.എസ്‌.എഫ്‌ കമാന്റോകളുടെ 190പേര്‍ അടങ്ങുന്ന സംഘമാണ്‌ ഭാഗവതിന്‌ സുരക്ഷ ഒരുക്കുക. ഇദ്ദേഹത്തിന്റെ വസതിയിലൊരുക്കുന്ന സുരക്ഷയ്‌ക്ക് പുറമെ ഭാഗവത്‌ രാജ്യത്ത്‌ നടത്തുന്ന എല്ലാ യാത്രകളിലും കമാന്റോകളും അനുഗമിക്കും. നിലവില്‍ 60 സംഘചാലകന്മാര്‍ മുഴുവന്‍ സമയവും മോഹന്‍ ഭാഗവതിന്‌ സുരക്ഷ ഒരുക്കാന്‍ കൂടെയുണ്ട്‌.

2006ല്‍ ലഷ്‌കര്‍-ഇ-തൊയ്‌ബ ഭീകരര്‍ ആര്‍എസ്‌എസിന്റെ നാഗ്‌പൂരിലുള്ള ആസ്‌ഥാനം തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നു. അന്ന് നടത്തിയ ശ്രമം പൊലീസ് പരാജയപ്പെടുത്തി രണ്ട് ഭീകരരെ വധിച്ചിരുന്നു. അതിനുശേഷം സര്‍ക്കാര്‍ ആര്‍‌എസ്‌എസ് തലവന് കമാന്‍ഡോ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ലഷ്‌കര്‍-ഇ-തൊയ്‌ബയുടെ ഹിറ്റ്‌ ലിസ്‌റ്റില്‍ പേരുള്ളയാളാണ് മോഹന്‍ ഭാഗവത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :