പൊരുത്തം നോക്കുന്നത് പൂര്‍ണ്ണതയ്ക്ക്

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍

Porutham
WEBDUNIA|
PRO
PRO
പുരുഷന്‍ പൂര്‍ണ്ണതയിലെത്തുന്നത് സ്ത്രീയിലൂടെയും സ്ത്രീ പൂര്‍ണ്ണതയില്‍ എത്തുന്നത് പുരുഷനിലൂടെയും ആണ്. ഇത്തരത്തിലുള്ള പൂര്‍ണത കൈവരിക്കാന്‍ ശാരീരികവും മാനസികവുമായി പരസ്പരം ലയിക്കേണ്ടതുണ്ട്.

വിഭിന്ന പരിതസ്ഥിതികളില്‍ വളര്‍ന്ന പുരുഷനും സ്ത്രീയും ഒരു സുപ്രഭാതത്തില്‍ വിവാഹിതരാവുന്നു. ഇവര്‍ക്ക് ശാരീരികമായും മാനസികമായും യോജിപ്പില്ല എങ്കില്‍ ജീവിതം നരകതുല്യമായി തീരുമെന്നതിന് സംശയം വേണ്ട. സാധാരണഗതിയില്‍, മുന്‍പരിചയമില്ലാത്ത രണ്ട് പേര്‍ തമ്മില്‍ വിവാഹിതരായാല്‍ ഇവര്‍ മാനസികമായും ശാരീരികമായും സമരസപ്പെട്ട് ജീവിക്കുമോ എന്നറിയാനുള്ള ഒരു മാര്‍ഗ്ഗവും ആധുനിക ശാസ്ത്രത്തിനു പോലും പ്രായോഗിക തലത്തില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. കാരണം, മനുഷ്യ മനസ്സ് അത്രമാത്രം ദുരൂഹവും സങ്കീര്‍ണ്ണവും ആണെന്നതു തന്നെ.

ഇവിടെയാണ് പുരാതന ഭാരതത്തിലെ ഋഷിവര്യന്മാര്‍ മനുഷ്യ നന്മയ്ക്കും അതുവഴി ലോകസമാധാനത്തിനും വേണ്ടി കണ്ടുപിടിച്ച പൊരുത്തശോധനയുടെ പ്രാധാന്യം. “ മരണത്തിന്റെ വെള്ളച്ചിറകുകള്‍ നിങ്ങളുടെ ദിവസങ്ങളെ ചിതറിക്കുമ്പോഴും നിങ്ങള്‍ ഒരുമിച്ചായിരിക്കും” (you shall be together when the white wings of death scatter your days) എന്ന് ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാവണമെങ്കില്‍ ഭാര്യ ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങളിലും ഭര്‍ത്താവ് ഭാര്യയുടെ ഇഷ്ടാനിഷ്ടങ്ങളിലും ഊന്നല്‍ കൊടുത്ത് ജീവിക്കണം.

പരസ്പരം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതില്‍ ഇരുവരും അഭിരമിക്കുകയും വേണം. ഇത് കുടുംബത്തില്‍ ശാന്തിയും സംതൃപ്തിയും ഉണ്ടാവാനും അതുവഴി സമൂഹവും രാജ്യവും ലോകവും സമാധാന പൂര്‍ണവും സംതൃപ്തവുകയും ചെയ്യുന്നു. ഇതായിരുന്നു മറ്റുപല ശാസ്ത്രങ്ങളിലെന്നപോലെ പൊരുത്തശോധനയിലൂടെയും ഭാരതീയ ഋഷിവര്യന്മാര്‍ ലക്‍ഷ്യമിട്ടത്.

ശാരീരികവും മാനസികവുമായ സമസ്ത വിഷയങ്ങളും ഭാവിയിലെ ഗുണദോഷങ്ങളും സന്താനപരവും ധനപരവും സ്വഭാവപരവും ആയ കാര്യങ്ങളും ജാതകത്തില്‍ നിന്ന് മനസ്സിലാക്കിയും നക്ഷത്രങ്ങള്‍ തമ്മിലുള്ള പൊരുത്ത നിര്‍ണയം നടത്തിയും ശരിയായ വിധത്തില്‍ തീരുമാനമെടുത്ത് നടത്തുന്ന വിവാഹബന്ധങ്ങളില്‍ സ്വരച്ചേര്‍ച്ചയില്ലായ്മയും ധനനാശവും സന്താന ദുരിതവും ഐശ്വര്യ നാശവും ഉണ്ടാവുന്നതല്ല.

ജാതകങ്ങള്‍ തമ്മിലും നക്ഷത്രങ്ങള്‍ തമ്മിലും ഉള്ള പൊരുത്തങ്ങളില്‍ ഒന്നു മറ്റൊന്നിനെ പരിവാരിക്കുന്നതോ കൂടുതല്‍ ഉത്തമമാക്കുന്നതോ ആയിരിക്കണം. ഉദാഹരണത്തിന്, രാശ്യാധിപ്പൊരുത്തം ഇല്ലെന്ന് വന്നാല്‍ രണ്ട് ജാതകങ്ങളും പരിശോധിച്ച് ഗ്രഹസ്ഥിതികൊണ്ടു മാനസികമായ ഐക്യവും സല്‍‌സന്താനലാഭയോഗവും (സന്താനം രാശ്യാധിപതി എന്ന പ്രമാണ പ്രകാരം) ഉണ്ടെങ്കില്‍ രാശ്യാധിപപ്പൊരുത്തമില്ലായ്മ പ്രസക്തമാവുന്നില്ല. ഇങ്ങനെ ഓരോ പൊരുത്തങ്ങളും കൂലങ്കഷമായി ചിന്തിക്കേണ്ടതുണ്ട്. നക്ഷത്രങ്ങള്‍ തമ്മിലുള്ള പൊരുത്തം സാമാന്യമേ ആവുന്നുള്ളൂ. അതേസമയം, ഗ്രഹങ്ങള്‍ തമ്മിലുള്ള പൊരുത്തം കുറച്ചുകൂടി സൂക്ഷ്മമാണ്. അതിനാല്‍ നക്ഷത്രങ്ങള്‍ തമ്മിലും ഗ്രഹങ്ങള്‍ തമ്മിലും പൊരുത്തനിര്‍ണ്ണയം സൂക്ഷ്മമായി തന്നെ നടത്തണം.

ശരിയായ വിധത്തില്‍ പൊരുത്തമില്ലാത്ത ദാമ്പത്യബന്ധത്തിലെ അസ്വാരസ്യങ്ങള്‍ക്കും ദുതിതങ്ങള്‍ക്കും പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കില്‍ കൂടി കഴിവതും പൊരുത്തമില്ലാത്ത വിവാഹാലോചനകള്‍ ഒഴിവാക്കുകയാണ് ഉത്തമം. കാരണം, ദുരിതം സൃഷ്ടിച്ചിട്ട് ഒഴിവാക്കുന്നതിനെക്കാള്‍ നല്ലത് ദുരിതം സൃഷ്ടിക്കാതിരിക്കുന്നതാണല്ലോ.

പൊരുത്തം നോക്കാതെ നടത്തിയ പല വിവാഹ ബന്ധങ്ങളും തൃപ്തികരമായിട്ടുണ്ടല്ലോ എന്ന് പലപ്പോഴും ചോദിച്ചു കേട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഗ്രഹനിലകള്‍ പരിശോധിച്ചാല്‍ മേല്‍പ്പറഞ്ഞ വിധത്തിലുള്ള പൊരുത്തങ്ങള്‍ ഉണ്ട് എന്ന കാര്യം അത്ഭുതത്തോടെ മനസ്സിലാക്കാന്‍ സാധിച്ചേക്കാം. അതുപോലെ, പൊരുത്തം നോക്കിയ വിവാഹ ബന്ധങ്ങളില്‍ ദുരിതവും തകര്‍ച്ചയും ഉണ്ടായിട്ടുണ്ടല്ലോ എന്ന ആക്ഷേപവും ഉയര്‍ന്നേക്കാം. എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍ ശാസ്ത്രീയമായ രീതിയില്‍ പൊരുത്തശോധന നടത്തിയിട്ടില്ല എന്ന് പരിശോധനയില്‍ മനസ്സിലാവുന്നതാണ്. സമൂഹവിവാഹവും മറ്റും നടത്തുമ്പോള്‍ പൊരുത്തശോധന കൂടി കണക്കിലെടുത്താല്‍ വിവാഹിതരുടെ ജീവിതം സംതൃപ്തികരവും ഐശ്വര്യ പൂര്‍ണ്ണവും ആയിത്തീരും.

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :