തപനസുതഗൃഹിണിയെ ബലാലടക്കിക്കൊണ്ടു താരാപതിയെ വധിച്ചു രഘുവരന്‍ ദിവസകരതനയനു കൊടുത്തിതു രാജ്യവും ദേവിയെയാരാഞ്ഞു കാണ്മാന്‍ കപീന്ദ്രനും പ്ലവഗകുലപതിവൃഢരെ നാലു ദിക്കിങ്കലും പ്രത്യേകമേകൈകലക്ഷം നിയോഗിച്ചാല്‍. അതുപൊഴുതു രഘുപതിയുമലിവൊടരികേ വിളി- ച്ചംഗുലീയം മമ കൈയില്‍ നല്‌കീടിനാന്‍. “ഇതു ജനകനൃപതിമകള്‍കൈയില്‍ കൊടുക്ക നീ- യെന്നുടെ നമാക്ഷരാന്വിതം പിന്നെയും സദപി തവ മനസി ഗുരുവിശ്വാസസിദ്ധയേ സാദരം ചൊന്നാനടയാളവാക്യവും അതു ഭവതി കത്തളിരിലിനി വിരലില്‍ നല്കുവ- നാലോകയാലോകയാനന്ദപൂര്‍വ്വകം.” ഇതി മധുരതരമനിലതനയനുരചെയ്തുട- നിന്ദിരാദേവിതന്‍ കൈയില്‍ നല്കീടിനാന്‍. പുനരധികവിനയമൊടു തൊഴുതുതൊഴുതാദരാല്‍ പിന്നോക്കില്‍ വാങ്ങി വനങ്ങി നിന്നീടിനാന്‍. മിഥിലനൃപസുതയുമതുകണ്ടതിപ്രീതയായ് മേന്മേലൊഴുകുമാനന്ദബാഷ്പാകുലം രമണമിവ നിജശിരസി കനിവിനൊടു ചേര്‍ത്തിതു രാമനാമാങ്കിതമംഗുലീയം മുദാ “പ്ലവഗകുലപതിവൃഢ! മഹാമതിമന്‍! ഭവാന്‍ പ്രാണദാതാ മമ പ്രീതികാരീ ദൃഢം ഭഗവതി പരാത്മനി ശ്രീനിധൌ രാഘവേ ഭക്തനതീവവിശ്വാസ്യന്‍ ദയാപരന്‍. പല ഗുണവുമുറ്റയവരെയൊഴികെ മറ്റാരെയും ഭര്‍ത്താവയയ്‌ക്കയുമില്ല മത്സന്നിധൌ. മമ സുഖവുമനുദിനമിരിക്കുമ്പ്രകാരവും മല്‍പരിതാപവും കണ്ടുവല്ലോ ഭവാന്‍ കമലദലനയനനകതളിരിലിനി മാംപതി കാരുണ്യമുണ്ടാം പരിചറിയിക്ക നീ. രജനിചരവരനാശനമാക്കുമെന്നെക്കൊണ്ടു രണ്ടുമാസം കഴിഞ്ഞാലെന്നു നിര്‍ണ്ണയം അതിനിടയില്‍ വരുവതിനു വേളചെയ്തീടു നീ- യത്രനാളും പ്രാണനെദ്ധരിച്ചീടുവന്‍. ത്വരിതമിഹ ദശമുഖനെ നിഗ്രഹിച്ചെന്നുടെ ദു:ഖം കളഞ്ഞു രക്ഷിക്കെന്നു ചൊല്‌കു നീ.” അനിലതനയനുമഖിലജനനിവചനങ്ങള്‍ കേ- ട്ടാകുലം തീരുവാനാശു ചൊല്ലീടിനാന്‍
|