സുഗ്രീവസഖ്യം
ശ്രീരാമലക്ഷ്‌മണന്മാരെക്കഴുത്തിലാ- മ്മാറങ്ങെടുത്തു നടന്നിതു മാരുതി സുഗ്രീവസന്നിധൗ കൊണ്ടുചെന്നീടിനാന്‍. "വ്യഗ്രം കളക നീ ഭാസ്കരനന്ദന! ഭാഗ്യമഹോ ഭാഗ്യമോര്‍ത്തോളമെത്രയും. ഭാസ്കരവംശസമുത്ഭവന്മാരായ രാമനും ലക്ഷ്‌മണനാകുമനുജനും കാമദാനാര്‍ത്ഥമിവിടേക്കെഴുന്നളളി. സുഗ്രീവനോടിവണ്ണം പറഞ്ഞദ്രീശ്വ- രാഗ്രേ മഹാതരുച്ഛായാതലേ തദാ വിശ്വൈകനായകന്മാരാം കുമാരന്മാര്‍ വിശ്രാന്തചേതസാ നിന്നരുളീടിനാര്‍. വാതാത്മജന്‍ പരമാനന്ദമുള്‍ക്കൊണ്ടു നീതിയോടര്‍ക്കാത്മജനോടു ചൊല്ലിനാന്‍ഃ "ഭീതി കളക നീ മിത്രഗോത്രേ വന്നു ജാതന്മാരായോരു യോഗേശ്വരന്മാരീ- ശ്രീരാമലക്ഷ്‌മണന്മാരെഴുന്നളളിയ- താരെയും പേടിക്കവേണ്ടാ ഭവാനിനി. വേഗേന ചെന്നു വന്ദിച്ചു സഖ്യം ചെയ്തു ഭാഗവതപ്രിയനായ്‌വസിച്ചീടുക." പ്രീതനായോരു സുഗ്രീവനുമന്നേര- മാദരപൂര്‍വ്വമുത്ഥായ സസംഭ്രമം വിഷ്ടപനാഥനിരുന്നരുളീടുവാന്‍ വിഷ്ടരാര്‍ത്ഥം നല്ല പല്ലവജാലങ്ങള്‍ പൊട്ടിച്ചവനിയിലിട്ടാ,നതുനേര- മിഷ്ടനാം മാരുതി ലക്ഷ്‌മണനുമൊടി- ച്ചിട്ടതു കണ്ടു സൗമിത്രി സുഗ്രീവനും പുഷ്‌ടമോദാലൊടിച്ചിട്ടരുളീടിനാന്‍; തുഷ്‌ടി പൂണ്ടെല്ലാവരുമിരുന്നീടിനാര്‍ നഷ്‌ടമായ്‌വന്നിതു സന്താപസംഘവും. മിത്രാത്മജനോടു ലക്ഷ്‌മണന്‍ ശ്രീരാമ- വൃത്താന്തമെല്ലാമറിയിച്ചതുനേരം ധീരനാമാദിത്യനന്ദനന്‍ മോദേന ശ്രീരാമചന്ദ്രനോടാശു ചൊല്ലീടിനാന്‍ഃ "നാരീമണിയായ ജാനകീദേവിയെ- യാരാഞ്ഞറിഞ്ഞു തരുന്നുണ്ടു നിര്‍ണ്ണയം. ശത്രുവിനാശനത്തിന്നടിയനൊരു മിത്രമായ്‌വേലചെയ്യാം തവാജ്ഞാവശാല്‍. ഏതുമിതു നിരൂപിച്ചു ഖേദിക്കരു- താധികളൊക്കെയകറ്റുവന്‍ നിര്‍ണ്ണയം. രാവണന്‍തന്നെസ്സകുലം വധംചെയ്‌തു ദേവിയേയുംകൊണ്ടു പോരുന്നതുണ്ടു ഞാന്‍. ഞാനൊരവസ്ഥ കണ്ടേനൊരുനാളതു മാനവവീര! തെളിഞ്ഞു കേട്ടീടണം. മന്ത്രികള്‍ നാലുപേരും ഞാനുമായച- ലാന്തേ വസിക്കുന്നകാലമൊരുദിനം പുഷ്കരനേത്രയായോരു തരുണിയെ- പ്പുഷ്കരമാര്‍ഗ്ഗേണ കൊണ്ടുപോയാനൊരു രക്ഷോവരനതുനേരമസ്സുന്ദരി രക്ഷിപ്പതിന്നാരുമില്ലാഞ്ഞു ദീനയായ് രാമരാമേതി മുറയിടുന്നോള്‍, തവ ഭാമിനിതന്നെയവളെന്നതേവരൂ. ഉത്തമയാമവള്‍ ഞങ്ങളെപ്പര്‍വ്വതേ- ന്ദ്രോത്തമാംഗേ കണ്ടനേരം പരവശാല്‍ ഉത്തരീയത്തില്‍പൊതിഞ്ഞാഭരണങ്ങ- ളദ്രീശ്വരോപരി നിക്ഷേപണംചെയ്താള്‍. ഞാനതുകണ്ടിങ്ങെടുത്തു സൂക്ഷിച്ചുവെ- ച്ചേനതു കാണേണമെങ്കിലോ കണ്ടാലും.
|