താപസവേഷം ധരിച്ചിരിക്കുന്നിതു ചാപബാണാസിശസ്‌ത്രങ്ങളുമുണ്ടല്ലോ. നീയൊരു വിപ്രവേഷംപൂണ്ടവരോടു വായുസുത! ചെന്നു ചോദിച്ചറിയേണം. വക്ത്രനേത്രാലാപഭാവങ്ങള്‍ കൊണ്ടവര്‍- ചിത്തമെന്തെന്നതറിഞ്ഞാല്‍ വിരവില്‍ നീ ഹസ്തങ്ങള്‍കൊണ്ടറിയിച്ചീട നമ്മുടെ ശത്രുക്കളെങ്കി,ലതല്ലെങ്കില്‍ നിന്നുടെ വക്ത്രപ്രസാദമന്ദസ്മേരസംജ്ഞയാ മിത്രമെന്നുളളതുമെന്നോടു ചൊല്ലണം." കര്‍മ്മസാക്ഷിസുതന്‍ വാക്കുകള്‍ കേട്ടവന്‍ ബ്രഹ്‌മചാരിവേഷമാലംബ്യ സാദരം അഞ്ജസാ ചെന്നു നമസ്കരിച്ചീടിനാ- നഞ്ജനാപുത്രനും ഭര്‍ത്തൃപാദാംബുജം. കഞ്ജവിലോചനന്മാരായ മാനവ- കുഞ്ജരന്മാരെത്തൊഴുതു വിനീതനായ്‌ഃ "അംഗജന്‍തന്നെജ്ജയിച്ചോരു കാന്തിപൂ- ണ്ടിങ്ങനെ കാണായ നിങ്ങളിരുവരും ആരെന്നറികയിലാഗ്രഹമുണ്ടതു നേരേ പറയണമെന്നോടു സാദരം. ദിക്കുകളാത്മഭാസൈവ ശോഭിപ്പിക്കു- മര്‍ക്കനിശാകരന്മാരെന്നു തോന്നുന്നു. ത്രൈലോക്യകര്‍ത്തൃഭൂതന്മാര്‍ ഭവാന്മാരെ- ന്നാലോക്യ ചേതസി ഭാതി സദൈവ മേ. വിശ്വൈകവീരന്മാരായ യുവാക്കളാ- മശ്വിനിദേവകളോ മറ്റതെന്നിയേ വിശ്വൈകകാരണഭൂതന്മാരായോരു വിശ്വരൂപന്മാരാമീശ്വരന്മാര്‍ നിങ്ങള്‍ നൂനം പ്രധാനപുരുഷന്മാര്‍ മായയാ മാനുഷാകാരേണ സഞ്ചരിക്കുന്നിതു ലീലയാ ഭൂഭാരനാശനാര്‍ത്ഥം പരി- പാലനത്തിന്നു ഭക്താനാം മഹീതലേ വന്നു രാജന്യവേഷേണ പിറന്നൊരു പുണ്യപുരുഷന്മാര്‍ പൂര്‍ണ്ണഗുണവാന്മാര്‍ കര്‍ത്തും ജഗല്‍സ്ഥിതിസംഹാരസര്‍ഗ്ഗങ്ങ- ളുദ്യതൗ ലീലയാ നിത്യസ്വതന്ത്രന്മാര്‍. മുക്തി നല്‍കും നരനാരായണന്മാരെ- ന്നുള്‍ത്താരിലിന്നു തോന്നുന്നു നിരന്തരം." ഇത്ഥം പറഞ്ഞു തൊഴുതുനിന്നീടുന്ന ഭക്തനെക്കണ്ടു പറഞ്ഞു രഘൂത്തമന്‍ഃ "പശ്യ സഖേ വടുരൂപിണം ലക്ഷ്‌മണ! നിശ്ശേഷശബ്‌ദശാസ്‌ത്രമനേന ശ്രുതം. ഇല്ലൊരപശബ്‌ദമെങ്ങുമേ വാക്കിങ്കല്‍ നല്ല വൈയാകരണന്‍ വടു നിര്‍ണ്ണയം." മാനവവീരനുമപ്പോളരുള്‍ചെയ്‌തു വാനരശ്രേഷ്ഠനെ നോക്കി ലഘുതരംഃ "രാമനെന്നെന്നുടെ നാമം ദശരഥ- ഭൂമിപാലേന്ദ്രതനയ,നിവന്‍ മമ സോദരനാകിയ ലക്ഷ്‌മണന്‍, കേള്‍ക്ക നീ ജാതമോദം പരമാര്‍ത്ഥം മഹാമതേ! ജാനകിയാകിയ സീതയെന്നുണ്ടൊരു മാനിനിയെന്നുടെ ഭാമിനി കൂടവെ. താതനിയോഗേന കാനനസീമനി യാതന്മാരായി തപസ്സുചെയ്‌തീടുവാന്‍. ദണ്ഡകാരണ്യേ വസിക്കുന്നനാളതി- ചണ്ഡനായോരു നിശാചരന്‍ വന്നുടന്‍ ജാനകീദേവിയെക്കട്ടുകൊണ്ടീടിനാന്‍, കാനനേ ഞങ്ങള്‍ തിരഞ്ഞു നടക്കുന്നു. കണ്ടീലവളെയൊരേടത്തുമിന്നിഹ കണ്ടുകിട്ടീ നിന്നെ, നീയാരെടോ സഖേ! ചൊല്ലീടുകെ"ന്നതു കേട്ടൊരു മാരുതി ചൊല്ലിനാന്‍ കൂപ്പിത്തൊഴുതു കുതൂഹലാല്‍ഃ "സുഗ്രീവനാകിയ വാനരേന്ദ്രന്‍ പര്‍വ- താഗ്രേ വസിക്കുന്നിതത്ര രഘുപതേ! മന്ത്രികളായ് ഞങ്ങള്‍ നാലുപേരുണ്ടല്ലോ സന്തതംകൂടെപ്പിരിയാതെ വാഴുന്നു. അഗ്രജനാകിയ ബാലി കപീശ്വര- നുഗ്രനാട്ടിക്കളഞ്ഞീടിനാന്‍ തമ്പിയെ. സുഗ്രീവനുളള പരിഗ്രഹം തന്നെയു- മഗ്രജന്‍തന്നെ പരിഗ്രഹിച്ചീടിനാന്‍. ഋശ്യമൂകാചലം സങ്കേതമായ്‌വന്നു വിശ്വാസമോടിരിക്കുന്നിതര്‍ക്കാത്മജന്‍ ഞാനവന്‍തന്നുടെ ഭൃത്യനായുളേളാരു- വാനരന്‍ വായുതനയന്‍ മഹാമതേ! നാമധേയം ഹനൂമാനഞ്ജനാത്മജ- നാമയം തീര്‍ത്തു രക്ഷിച്ചുകൊളേളണമേ! സുഗ്രീവനോടു സഖ്യം ഭവാനുണ്ടെങ്കില്‍ നിഗ്രഹിക്കാമിരുവര്‍ക്കുമരികളെ. വേലചെയ്യാമതിനാവോളമാശു ഞാ,- നാലംബനം മേറ്റ്നിക്കില്ല ദൈവമേ! ഇത്ഥം തിരുമനസ്സെങ്കിലെഴുന്നളളു- കുള്‍ത്താപമെല്ലാമകലും ദയാനിധേ!" എന്നുണര്‍ത്തിച്ചു നിജാകൃതി കൈക്കൊണ്ടു നിന്നു തിരുമുമ്പിലാമ്മാറു മാരുതി. "പോക മമ സ്കന്ധമേറീടുവിന്‍ നിങ്ങ- ളാകുലഭാവമകലെക്കളഞ്ഞാലും." അപ്പോള്‍ ശബരിതന്‍ വാക്കുകളോര്‍ത്തുക- ണ്ടുല്‍പലനേത്രനനുവാദവും ചെയ്‌തു.
|