ഗാഥിനന്ദനന്‍ ദാശരഥിയോടേവം പറ- ഞ്ഞാശു തൃക്കയ്യും പിടിച്ചുടജാങ്കണം പുക്കാന്‍. 1070 ഉഗ്രമാം തപസ്സൊടുമിരിക്കും ശിലാരൂപ- മഗ്രേ കാണ്‍കെന്നു കാട്ടിക്കൊടുത്തു മുനിവരന്‍. ശ്രീപാദാംബുജം മെല്ലേ വച്ചിതു രാമദേവന്‍ ശ്രീപതി രഘുപതി സല്‍പതി ജഗല്‍പതി. രാമോഹമെന്നു പറഞ്ഞാമോദം പൂണ്ടുനാഥന്‍ കോമളരൂപന്‍ മുനിപത്നിയെ വണങ്ങിനാന്‍. അന്നേരം നാഥന്‍തന്നെക്കാണായിതഹല്യയ്‌ക്കും വന്നൊരാനന്ദമേതും ചൊല്ലാവതല്ലയല്ലോ. താപസശ്രേഷ്‌ഠനായ കൗശികമുനിയോടും താപസഞ്ചയം നീങ്ങുമാറു സോദരനോടും. 1080 ശാപനാശനകരനായൊരു ദേവന്‍തന്നെ- ച്ചാപബാണങ്ങളോടും പീതമാം വസ്‌ത്രത്തോടും ശ്രീവത്സവത്സത്തോടും സുസ്മിതവക്ത്രത്തോടും ശ്രീവാസാംബുജദലസന്നിഭനേത്രത്തോടും വാസവനീലമണിസങ്കാശഗാത്രത്തോടും വാസവാദ്യമരൗഘവന്ദിതപാദത്തോടും പത്തുദിക്കിലുമൊക്കെ നിറഞ്ഞ കാന്തിയോടും ഭക്തവത്സലന്‍തന്നെക്കാണായിതഹല്യയ്‌ക്കും. തന്നുടെ ഭര്‍ത്താവായ ഗൗതമതപോധനന്‍ തന്നോടു മുന്നമുരചെയ്തതുമോര്‍ത്താളപ്പോള്‍. 1090 നിര്‍ണ്ണയം നാരായണന്‍താനിതു ജഗന്നാഥ- നര്‍ണ്ണോജവിലോചനന്‍ പത്മജാമനോഹരന്‍ ഇത്ഥമാത്മനി ചിന്തിച്ചുത്ഥാനംചെയ്തു ഭക്ത്യാ സത്വരമര്‍ഘ്യാദികള്‍കൊണ്ടു പൂജിച്ചീടിനാള്‍. സന്തോഷാശ്രുക്കളൊഴുകീടും നേത്രങ്ങളോടും സന്താപം തീര്‍ന്നു ദണ്ഡനമസ്‌കാരവും ചെയ്താള്‍. ചിത്തകാമ്പിങ്കലേറ്റം വര്‍ദ്ധിച്ച ഭക്തിയോടു- മുത്ഥാനംചെയ്തു മുഹുരഞ്ജലിബന്ധത്തോടും വ്യക്തമായൊരു പുളകാഞ്ചിതദേഹത്തോടും വ്യക്തമല്ലാതെ വന്ന ഗദ്‌ഗദവര്‍ണ്ണത്തോടും. 1100 അദ്വയനായൊരനാദ്യസ്വരൂപനെക്കണ്ടു സദ്യോജാതാനന്ദാബ്ധിമഗ്നയായ് സ്തുതിചെയ്താള്‍
|