സ്നേഹപിതാവേ, മനസ്സറിഞ്ഞുകൊണ്ട് ഒരു നിസ്സാരപാപദോഷം പോലും ചെയ്യാതിരിപ്പാന്‍ ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും ദൈവസ്നേഹത്തിനു തടസ്സമായിട്ടുള്ള പോരായ്മകള്‍ ധാരാളം ഉണ്ടാകുന്നുണ്ട്. ഇത്രനാളും ശാരീരികമായിട്ടുള്ള പീഡകളായിരുന്നു കൂടുതലായിട്ടുണ്ടായിരുന്നത്. ഇപ്പോള്‍ രണ്ടും സമം. വെറുപ്പും അരോചകത്വവും ചിന്തകളും ധാരാളം. എല്ലാം ക്ഷമിച്ചു ജയിച്ചു കഴിയുമ്പോഴത്തെ അവസ്ഥ പറയാനുമില്ല.
എന്റെ വിഷമതകളെല്ലാം അന്യരെ എണ്ണിക്കേള്‍പ്പിച്ചാല്‍ ലൗകികാശ്വാസം ലഭിക്കും. പക്ഷേ, ഫലമെന്ത്? എണ്ണമെല്ലാം കര്‍ത്താവിന്റെ സന്നിധിയില്‍ മാത്രം. അതിനു വിഘ്നം വരുത്താതിരിപ്പാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്.
ഞാന്‍ ഇതല്ല, ഇതില്‍ കൂടുതലും എന്റെ മണവാളനെ പ്രതി സഹിക്കുന്നതിനു മനസ്സായിരിക്കുന്നു. എന്റെ ബലക്ഷയം കൊണ്ട് ധാരാളം നഷ്ടപ്പെടുത്തുന്നുണ്ട്. എന്റെ നല്ല ദൈവം എന്നെ നോക്കി സൂക്ഷിച്ചിരിക്കുകയാണല്ലോ എന്നൊരാശ്വാസവും ഇല്ലാതില്ല. കര്‍ത്താവ് എന്റെ ഹൃദയത്തില്‍ ഇരുന്നുകൊണ്ടാണല്ലൊ ഇപ്രകാരം എന്നെ ദു:ഖിപ്പിക്കുന്നത് എന്നൊരാശ്വാസമുണ്ട്. (1946-ഫെബ്രുവരി)
വെള്ളി ശുദ്ധി ചെയ്യുന്നതുപോലെ യാതൊരാശ്വാസവും കൂടാതെ സഹിക്കണമെന്നു കരുതി ഇത്രയും ദിവസം ത്യാഗം ചെയ്യുകയും സഹിക്കുകയും ചെയ്തു. വെള്ളി ശുദ്ധമാക്കുന്നവനെപ്പോലെ കര്‍ത്താവ് എന്നെ നോക്കിയിരിക്കുകയാണെന്നു തോന്നുന്നു.
കുറച്ചു ദിവസമായിട്ട് എന്റെ ശരീരവും മനസ്സും ഒരുപോലെ നീറുകയും വേദനയനുഭവിക്കുകയും ചെയ്യുന്നുണ്ട്. ശരീരത്തിലാണെങ്കില്‍ കഴുത്തുമുതല്‍ കാലിന്റെ മുട്ടുവരെയും തൊലി പൊളിഞ്ഞുപോവുകയും ദേഹത്തില്‍ നിന്നും ചെന്നീരും ചെളിയും പുറപ്പെടുവിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും പഴുപ്പൊട്ടുമില്ല. മുഖവും കൈമുട്ടിനു താഴെയും പഴയ സ്ഥിതിയില്‍ത്തന്നെയിരിക്കുന്നു. ഇതുകൊണ്ടൊന്നും എന്റെ ബലി പൂര്‍ത്തിയാകുമെന്നു തോന്നുന്നില്ല. ചികിത്സകളൊക്കെ ധാരാളം ചെയ്യുന്നുണ്ട്. കര്‍ത്താവു തന്നെ ആശ്വാസവും ശക്തിയും തരട്ടെ. ശരീരത്തില്‍ ഇതല്ല, ഇതിലപ്പുറം വന്നാലും വേണ്ടതില്ല. മനസ്സമാധാനം നഷ്ടപ്പെടരുതെന്നു മാത്രമേ എനിക്കപേക്ഷയുള്ളു. ഇതുവരെയും അതു നഷ്ടപ്പെട്ടിട്ടില്ല.
എന്റെ പിതാവേ, എന്നെയൊരു പുണ്യവതിയാക്കണമേ. ഞാന്‍ കഴിയുന്നത്ര പരിശ്രമിക്കുന്നുണ്ട്. എനിക്കു വളരെയധികം പോരായ്മകള്‍ ഉണ്ട്. മാമ്മോദീസായില്‍ കിട്ടിയ വരപ്രസാദം ഇതുവരെയും നഷ്ടപ്പെടാതിരിപ്പാനുള്ള അനുഗ്രഹം നല്ല ദൈവം എനിക്കു തന്നു. (1946-മെയ്)
(കടപ്പാട് - വിശുദ്ധ അല്‍ഫോന്‍സാ പള്ളി, ഭരണങ്ങാനം)