ഇപ്പോഴത്തെ എന്റെ സ്ഥിതി വളരെ പരിതാപകരമാണ്. ഞാന്‍ എങ്ങനെയായിത്തീരുമെന്ന് ആര്‍ക്കറിയാം. കര്‍ത്താവ് ഇപ്പോള്‍ എന്നോടു വളരെ നിര്‍ദ്ദയമായിട്ടാണു വര്‍ത്തിക്കുന്നത്. അവിടുന്ന് എന്റെ നേര്‍ക്കു കണ്ണടച്ചാണ് ഇരിക്കുന്നതെന്ന് തോന്നിപ്പോകുന്നു. ഞാന്‍ വളരെയധികം പരിശ്രമിക്കുന്നുണ്ട്. യാതൊരു ഫലവും കാണുന്നില്ല. നൊവിസ്യാത്തു കഴിഞ്ഞിട്ട് ഇത്ര സന്തോഷമില്ലായ്മ ഞാന്‍ അനുഭവിച്ചിട്ടില്ല. എന്റെ സംസാരംകൊണ്ടോ പ്രവൃത്തികൊണ്ടോ വന്നു പോയിട്ടുള്ള തെറ്റുകള്‍ക്ക് പരിഹാരമായിട്ട് ദൈവം എന്നില്‍നിന്ന് അകന്നുപോയതായിരിക്കാം. എന്തുമാത്രം സല്‍പ്രവൃത്തികള്‍ ചെയ്താലും സഹിച്ചാലും കര്‍ത്താവിന് ഒരു പ്രസാദവുമില്ല. എന്റെ ഹൃദയത്തില്‍ ഒരു ദൈവസ്നേഹവുമില്ല. ദൈവം തന്ന അനുഗ്രഹത്തിന് തക്കവണ്ണം ഞാന്‍ ജീവിക്കാഞ്ഞിട്ടു ദൈവം എന്നെ ശിക്ഷിച്ചതായിരിക്കണം. എന്തു ചെയ്യണമെന്ന് എനിക്കറിഞ്ഞുകൂടാ.
ഞാന്‍ എന്നെ മുഴുവനും കര്‍ത്താവിനു വിട്ടുകൊടുത്തിരിക്കുകയാണ്. അവിടത്തെ ഇഷ്ടപോലെ ചെയ്തുകൊള്ളട്ടെ. ഞാന്‍ ആത്മശോധന ചെയ്തുനോക്കിയിട്ട് മനസ്സറിവോടെ ഒന്നും ചെയ്തതായിട്ട് ഓര്‍ക്കുന്നില്ല. എനിക്കിപ്പോള്‍ ഭക്ഷണം പോലും കഴിക്കുവാന്‍ മനസ്സില്ല. ശരീരത്തിന് അശേഷം സുഖം തോന്നുന്നില്ല. എന്റെ കര്‍ത്താവിനെപ്രതി ഞാന്‍ സകലതും ഉപേക്ഷിച്ച് മഠത്തില്‍ ചേര്‍ന്നു. ഇനിയത്തെ എന്റെ ഭാവി എന്തായിരിക്കുമെന്നുള്ള ചിന്തയല്ലാതെ എനിക്കു മറ്റൊന്നുമില്ല. നേരത്തെ ഉറക്കമില്ലല്ലൊ. ആ കൂട്ടത്തില്‍ ചിന്തയും കൂടിയായപ്പോള്‍ പറയാനുമില്ല. ആത്മീയസമാധാനം ഉണ്ടായിട്ടു മരിച്ചാല്‍ മതിയായിരുന്നു. ഈ വിഷമം തുടങ്ങിയതില്‍പ്പിന്നെ എന്റെ ഇഷ്ടംപോലെ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. ധാരാളം സഹിക്കുകയും ക്ഷമിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. എന്നിരുന്നാലും കര്‍ത്താവിന് എന്നോട് കെറുവാണ്. (14 3 1945)
തീജ്ജ്വാലയില്‍ ഒരു കീടം പോലെ എന്നെ മുഴുവനും ഈശോയ്ക്കു വിട്ടുകൊടുത്തിരിക്കുകയാണ്. അവിടത്തെ ഇഷ്ടംപോലെ എന്നോട് എന്തും ചെയ്തുകൊള്ളട്ടെ. സ്നേഹത്തെപ്രതി ദുരിതങ്ങള്‍ സഹിക്കുക, അതില്‍ സന്തോഷിക്കുകയും ചെയ്യുക ഇതു മാത്രമേ ഇഹത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. അല്‍പംപോലും പുറത്തു കാണിക്കാതെയും ആവലാതിപ്പെടാതെയും സഹിക്കണമെന്നു വളരെ ആശയുണ്ട്. ദുരിതങ്ങള്‍ യാത്രയാക്കുന്ന ആള്‍തന്നെ അത് സഹിക്കുന്നതിനുള്ള ശക്തിയും തരാതിരിക്കുമോ സ്നേഹപിതാവേ, പരനേത്രങ്ങള്‍ക്കു ഞാന്‍ സദാ സന്തോഷവദനയായി കാണപ്പെടുന്നതുകൊണ്ട് എനിക്കു മാനസികമായിട്ടു യാതൊരു വിഷമതകളും സഹിക്കാനില്ല.
അധികാരികളും സഹോദരങ്ങളും എത്ര വാത്സല്യപൂര്‍വ്വം എന്നോടു പെരുമാറുന്നു എന്നൊക്കെയാണു മറ്റുള്ളവരുടെ വിചാരം. പക്ഷേ ഇഷടാനിഷ്ടങ്ങള്‍ എന്തെല്ലാമെന്ന് അന്യര്‍ക്കു മനസ്സിലാക്കുവാന്‍ പാടില്ലാത്ത വിധത്തില്‍ ഞാന്‍ എന്നെത്തന്നെ മുഴുവനായി ബലികഴിച്ചിട്ടല്ലയോ ഇപ്രകാരം എന്നോടു വര്‍ത്തിക്കുന്നതെന്നു തോന്നിപ്പോകുന്നു. ആവലാതികളൊന്നും പറയാത്തതുകൊണ്ട് എനിക്ക് ചിലപ്പോഴൊക്കെ കുറെ ആവലാതിപ്പെട്ടാലെന്താണെന്നു തോന്നുന്നുണ്ട്. എങ്കിലും ഇതുവരെയും അതിനു വഴിപ്പെട്ടിട്ടില്ല.
തീജ്ജ്വാലയുടെ നടുവില്‍ക്കിടന്നു പുളയുന്ന ഒരു കീടത്തിനു തുല്യമാണ് ഇപ്പോഴത്തെ എന്റെ അവസ്ഥ... ശരണക്കേടുപോലും തോന്നി. ഉടനെ മനസ്താപപ്പെട്ടു പൊറുതി അപേക്ഷിച്ചു മനസ്സമാധാനം വീണ്ടും പ്രാപിച്ചു. എന്റെ വിഷമതകളെല്ലാം എന്റെ നല്ല ദൈവം നോക്കിക്കൊണ്ടിരിക്കുകയും എന്നെ ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്. (1946-ഫെബ്രുവരി)
അടുത്ത പേജില്‍ വായിക്കുക, ‘വെറുപ്പും അരോചകത്വവും ചിന്തകളും’