ക്രൈസ്തവ സഭയുടെ 2000 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വിശുദ്ധ പദവിയില്‍ ഒരു ഭാരതീയ വനിതയാണ് അല്‍ഫോന്‍സാമ്മ. കോട്ടയം ജില്ലയിലെ കുടമാളൂരില്‍ മുട്ടത്തുപാടത്ത് ജോസഫിന്റെയും മേരിയുടെയും അന്നക്കുട്ടി എന്ന മകളായാണ് 1910 -ല്‍ അല്‍ഫോന്‍സാമ്മയുടെ ജനനം. പന്തക്കുസ്താ തിരുനാളില്‍ ഭരണങ്ങാനത്തെ എഫ് സി സി കോണ്‍വെന്റില്‍ ചേരുകയും അല്‍ഫോന്‍സ എന്ന നാമം സ്വീകരിക്കുകയും ചെയ്ത ഈ വിശുദ്ധയുടെ ജീവിതം ത്യാഗപൂര്‍ണവും ഒപ്പം ദുരിതപൂര്‍ണവും ആയിരുന്നു. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് അല്‍ഫോന്‍സാമ്മ നിര്യാതയായി.
ക്രിസ്തുവിന്റെ മണവാട്ടിയാവാന്‍ കൊതിച്ച അല്‍ഫോന്‍സാമ്മ പലപ്പോഴായി തന്റെ നൊവിഷ്യേറ്റ് ഡയറക്‌ടറായിരുന്ന ഫാ. ലൂയിസ് സി എം ഐക്ക് എഴുതിയ കത്തുകള്‍ വിശുദ്ധ അനുഭവിച്ച ദുരിതപൂര്‍ണമായ ജീവിതത്തിന്റെ സാക്‌ഷ്യപത്രങ്ങളാണ്. ഇതിലെ പ്രധാനപ്പെട്ട കത്തുകള്‍ വെബ്‌ദുനിയ മലയാളം പുനഃപ്രസിദ്ധീകരിക്കുന്നു.
കര്‍ത്താവിന്റെ തിരുമനസ്സ് പോലെ ഇനി ലോകസന്തോഷങ്ങളൊന്നും എനിക്കായിട്ടുള്ളതല്ലായെന്ന് എനിക്കു പൂര്‍ണ്ണബോധ്യമുണ്ട്. അതു ഞാന്‍ ആശിക്കുന്നില്ല. ദു:ഖാരിഷ്ടതകളില്‍ ഞാന്‍ മനസ്സമാധാനം വെടിയുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം എല്ലാം ദൈവപരിപാലന തന്നെ. അതുകൊണ്ട് എന്റെ ദുരിതങ്ങളില്‍ ഞാന്‍ സന്തോഷിക്കുകയാണ് വേണ്ടത്. പറഞ്ഞറിയിക്കാന്‍ വയ്യാത്ത മധുരമായ എന്റെ ഈശോയേ, ലോകസന്തോഷങ്ങളെല്ലാം എനിക്കു കൈപ്പായി പകര്‍ത്തണേ എന്നാണെന്റെ നിരന്തരമായ പ്രാര്‍ത്ഥന. അതുകൊണ്ട് കൈപ്പു വരുമ്പോള്‍ എന്തിനു ദു:ഖിക്കുന്നു?
ഒരു സമ്പന്നന്‍ എത്ര പാവപ്പെട്ടവളെ തന്റെ ഭാര്യയായി സ്വീകരിച്ചാലും വിവാഹശേഷം അയാളുടെ സുഖത്തിനും ദു:ഖത്തിനും അവളും അര്‍ഹയാണെന്ന് അവിടുന്നു ഞങ്ങളോടു പറഞ്ഞിട്ടുള്ളതു ഞാന്‍ സദാ ഓര്‍മ്മിക്കുന്നുണ്ട്. എന്റെ മണവാളന്റെ ഓഹരി കഷ്ടാരിഷ്ടതകളാണ്. അതെല്ലാം ആലിംഗനം ചെയ്യാന്‍ ഞാന്‍ മനസ്സാകുന്നു. എന്റെ ആത്മാവ് സമാധാനത്തില്‍ വസിക്കുന്നു. എന്തെന്നാല്‍, ഏഴുകൊല്ലം മുമ്പു മുതല്‍ ഞാന്‍ എന്റേതല്ല. എന്നെ മുഴുവനും എന്റെ ദിവ്യമണവാളനു ബലിയര്‍പ്പിച്ചിരിക്കുകയാണ്.
അക്കാര്യം അവിടുത്തേക്കറിവുള്ളതാണല്ലോ. കര്‍ത്താവിന്റെ ഇഷ്ടം പോലെ എന്തും ചെയ്തുകൊള്ളട്ടെ. അതുകൊണ്ട് സുഖം കിട്ടാന്‍ ഞാന്‍ ആശിക്കുന്നില്ല. കര്‍ത്താവിന്റെ തിരുമനസ്സുപോലെ വരുവാനാണ് ഞാന്‍ അപേക്ഷിക്കുന്നത്. (30 11 1943)
അടുത്ത പേജില്‍ വായിക്കുക, ‘പണ്ടേ ഞാന്‍ മരിക്കേണ്ടതായിരുന്നു’