ഏപ്രില്‍ 14- വിഷു, ഏതൊരു മലയാളിയുടെ മനസ്സിലും ശുഭ കാമനയുടെ സുന്ദരഭാവങ്ങള്‍ തൊട്ടുണര്‍ത്തുന്ന ദിനം. പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന് ആദ്യം കാണുന്ന കാഴ്ച അനുസരിച്ചായിരിക്കും അന്നത്തെ ഫലം എന്നു വിശ്വസിക്കുന്നവര്‍ ഈ ശാസ്ത്രയുഗത്തിലും ധാരാളമുണ്ട്. അതെ, ഇത് പ്രതീക്ഷകളുടെ ദിനം. വരാനിരിക്കുന്ന നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളുടെ പൊന്‍കണി. പാവപ്പെട്ടവനു കണ്‍നിറയെ സ്വര്‍ണ്ണം കാണാന്‍ പൂത്തുലുഞ്ഞ കൊന്നമരങ്ങള്‍. മനസ്സില്‍ പൂത്ത സ്നേഹകൊന്നകള്‍ കണികണ്ടുണരുന്ന വിഷുപുലരി. മലയാളിയുടെ മനസ്സിലും, മണ്ണിലും വിളവെടുപ്പിന്‍റെ സമൃദ്ധിയും, കൃഷിയിറക്കിന്‍റെ പ്രതീക്ഷയും ഒരുപോലെ നിറുഞ്ഞ ഉത്സവമാണ് വിഷു, ഐശ്വര്യത്തിന്‍റെ-സമ്പല്‍സമൃദ്ധിയുടെ-പ്രതീക്ഷയുടെ കണിയൊരുക്കി സൂര്യന്‍-പുതിയ പ്രദക്ഷിണ വഴിയിലേക്ക് നടന്നു നീങ്ങുന്നു. വസന്തകാലത്തിന്‍റെ പ്രതിനിധിയായി എങ്ങുനിന്നോ സ്വാഗതഗാനവും പാടികൊണ്ട് വിദൂരതയില്‍നിന്നും പറന്നെത്തുന്ന വിഷുപക്ഷികള്‍. നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരം കണികണുന്നത് ഐശ്വര്യദായകം മാത്രമല്ല, കണ്ണിനും, കരളിനും കുളിരുപകരുന്നതുമാണ്. കുലകുലയായി വിരിഞ്ഞ് തൂങ്ങി കിടക്കുന്ന സ്വര്‍ണ്ണപൂക്കള്‍. ഉര്‍വ്വരതയുമായി ബന്ധപ്പെട്ട ഈ വിശേഷദിനം പ്രകൃതീശ്വരീ പൂജയ്ക്കുള്ള ദിവസം കൂടിയാണ്. കാര്‍ഷിക വിഭവങ്ങളും, കണിക്കൊന്നപൂക്കളും ഈ വിശേഷദിനത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. വിശ്വാസികള്‍ക്കു വിഷുഫലം സുഖദുഃഖങ്ങളുടെ സൂചനയാണ്. കര്‍ഷകര്‍ക്കാകട്ടെ, വരാനിരിക്കുന്ന സമൃദ്ധിയുടെ നാന്ദിയും കുറിക്കുന്ന ദിനം. ജീവിതചൂടില്‍ ഉരുകിയൊലിക്കുമ്പോഴും സ്വപ്നം വിതയ്ക്കാന്‍ വിഷു നമ്മെ പ്രേരിപ്പിക്കുന്നു. |