അന്യായനിരക്ക്; ഫ്ലൈറ്റ് സര്‍വീസുകള്‍ക്ക് മൂക്കുകയര്‍!

കൊച്ചി| WEBDUNIA|
PRO
PRO
ഉത്സവസീസണിലും തിരക്കുള്ള മറ്റ് സമയങ്ങളും യാത്രാ നിരക്ക് കുത്തനെ ഉയര്‍ത്തി യാത്രക്കാരുടെ പൈസ അടിക്കുന്ന വിമാനക്കമ്പനികള്‍ക്ക് മൂക്കുകയറിടാന്‍ കേന്ദ്രവ്യോമയാന മന്ത്രാലയം. ഇന്ധനവിലയോ മറ്റ് ചെലവുകളോ കൂടുന്നില്ല എങ്കിലും ഉത്സവസീസണില്‍ യാത്രക്കാരുടെ കഴുത്തറുക്കുന്നത് വിമാനക്കമ്പനികള്‍ പതിവാക്കിയിരിക്കുകയാണ്. സീസണ്‍ സമയത്ത് അന്യായനിരക്ക് ഈടാക്കി യാത്രക്കാരുടെ വയറ്റത്തടിക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെയുള്ള നിരവധി പരാതികള്‍ കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് കര്‍ശന നടപടി കൈക്കൊള്ളാന്‍ കേന്ദ്രവ്യോമയാന മന്ത്രാലയം ഒരുങ്ങിയത്.

അന്യായനിരക്ക് ഈടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ വിമാനക്കമ്പനികള്‍ക്ക് താക്കീത് നല്‍‌കിയിട്ടുണ്ട്. അമിത യാത്രാനിരക്ക്‌ ഈടാക്കുന്ന കമ്പനികള്‍ക്കെതിരേ ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിരക്കുകള്‍ ആനുപാതികമായി നിശ്ചയിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന വിമാനകമ്പനികള്‍ക്കെതിരേയാണ്‌ പ്രധാനമായും ആരോപണമുയര്‍ന്നിരിക്കുന്നത്‌.

നിരക്കുകളില്‍ സുതാര്യത ഉറപ്പുവരുത്തണമെന്ന്‌ ഡയറക്ടര്‍ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ നേരത്തെ വിമാനകമ്പനികളോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിമാനക്കമ്പനികള്‍ അത് ചെവിക്കൊണ്ടില്ല എന്ന് മാത്രമല്ല. ആഭ്യന്തര റൂട്ടുകളില്‍ ഉത്സവസീസണ്‍ മുതലാക്കി 15 മുതല്‍ 20 ശതമാനം വരെ യാത്രാനിരക്ക്‌ ഉയര്‍ത്തുകയും ചെയ്തിരുന്നു.

വിമാനക്കമ്പനികളുടെ അന്യായനിരക്കിന് മൂക്കുകയറിടാനുള്ള കേന്ദ്രവ്യോമയാന മന്ത്രാലയം നല്ലതാണെങ്കിലും സര്‍ക്കാരിന്റെ വിമാനക്കമ്പനികളെയും വെറുതെ വിടരുത് എന്നാണ് യാത്രക്കാര്‍ പറയുന്നത്. എയറിന്ത്യയും ഇന്ത്യന്‍ എയര്‍‌ലൈനും യാത്രക്കാരുടെ നെഞ്ചത്തടിക്കുന്ന രീതി വച്ച് നോക്കുമ്പോള്‍ സ്വകാര്യ വിമാനക്കമ്പനികള്‍ ഭേദമാണെന്നും ഇവര്‍ പറയുന്നു. കരിപ്പൂരും നെടുമ്പാശ്ശേരിയിലുമൊക്കെ ഇതിനെതിരെ പലവട്ടം യാത്രക്കാര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നുവെങ്കിലും അധികൃതര്‍ കണ്ടഭാവം നടിക്കാറില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :