സജിത്ത്|
Last Modified ശനി, 8 ഒക്‌ടോബര്‍ 2016 (11:00 IST)
ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി സെഗ്മെന്റ് സ്വന്തം അധീനതയിലാക്കി മാരുതി സുസുക്കി വിറ്റാര ബ്രെസ. വിപണിയിലെത്തി ഏഴുമാസം പിന്നിടുമ്പോള്‍ 50,000ത്തിലധികം യൂണിറ്റുള്‍ വിറ്റാര ബ്രെസകളാണ് മാരുതി വിറ്റഴിച്ചത്. ഈ വാഹനത്തിനായുള്ള ബുക്കിങ്ങ് പിരീഡ് കമ്പനി ഒമ്പത് മാസമായി ഉയര്‍ത്തിയിട്ടു പോലും ബ്രെസക്കായുള്ള ബുക്കിംഗിൽ ഒരു തരത്തിലുള്ള കുറവും വന്നിട്ടില്ലെന്നതാണ് വസ്തുത.
ക്യാബിനിലെ സ്പേസ്, സുരക്ഷ, ഉയര്‍ന്ന ഇന്ധനക്ഷമത എന്നിവയെല്ലാം മികച്ച രീതിയിൽ വാഗ്ദാനം ചെയ്യുന്ന ഈ കോംപാക്ട് എസ്‌യുവിക്ക് കുറഞ്ഞക്കാലയളവിൽ തന്നെ ഏവരുടേയും മനംകവരാൻ സാധിച്ചു. സെപ്തംബർ മാസം മാത്രം 12,000ത്തോളം യൂണിറ്റ് ബ്രെസകളാണ് വിറ്റഴിച്ചതെന്ന് കമ്പനി വ്യക്തമാക്കി. 90.2 ബിഎച്ച്പി കരുത്തുള്ള1.3 ലിറ്റർ ഡീസൽ എൻജിനാണ് ബ്രെസയ്ക്ക് കരുത്തേകുന്നത്.
ആകർഷകമായ ഡിസൈനും മികവുറ്റ ഫീച്ചറുകളും കൂടാതെ മാരുതിയെന്ന ബ്രാന്റും ചേർന്നതോടെയാണ് ബ്രെസ വിപണിയിലെ താരമായത്. പൂജ്യത്തിൽ നിന്നും നൂറ് കിലോമീറ്റർ വേഗത കൈവരിക്കാനായി വാഹനത്തിന് വെറും 13.3 സെക്കന്റാണ് ആവശ്യമായി വരുന്നത്. ഓഗസ്റ്റില്‍ വാഹനത്തിന് 20,000രൂപയോളം വർധനവ് വരുത്തിയിട്ടുപോലും എസ് യു വി സെഗ്മെന്റിലെ ആദിപത്യം തുടരാനായി എന്നത് എടുത്തു പറയേണ്ട കാര്യമാണ്.