ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കൊച്ചി ടീം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്വന്തമാക്കി. തെണ്ടുല്‍ക്കറിനു പുറമെ കൊല്‍ക്കത്ത ടീം സൗരവ് ഗാംഗുലിയും മുംബൈ ടീം സല്‍മാന്‍ ഖാനും പുണെ ടീം രണ്‍ബീര്‍ കപൂറും സ്വന്തമാക്കി. ജോണ്‍ എബ്രഹാം ഗുവാഹട്ടി ടീമിന്റെ ഓഹരി സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ബാംഗ്ലൂര്‍, ഡെല്‍ഹി ടീമുകള്‍ക്കായി സണ്‍ ടീവിയും വീഡിയോകോണും കരാറുറപ്പിച്ചിട്ടുണ്ട്. ടീമുകള്‍ക്കായി എത്ര രൂപ മുടക്കി എന്നതിനെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍ 120 കോടിയാണ് ഫ്രാഞ്ചൈസികളുടെ അടിസ്ഥാന വില.
സച്ചിന്റെ ഫ്രാഞ്ചൈസിക്കു പിന്നില്‍ പിവിപി വെഞ്ചര്‍ ഉള്‍പ്പെടെയുള്ള ഒമ്പതു ഗ്രൂപ്പുകളാണ് ഉള്ളത്. ഇവരുടെ ആദ്യ തീരുമാനവും കൊച്ചി ടീമുതന്നെയായിരുന്നു. കേരളത്തിന്റെ ഫുട്ബോള്‍ ഭ്രമമാണ് ഇവരെ കൊച്ചിയെ തന്നെ തെരഞ്ഞെടുക്കന്‍ പ്രേരിപ്പിച്ചത്. നേരത്തെ കൊച്ചിക്കുവേണ്ടി സച്ചിന്‍ രംഗത്തു വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഫുട്‌ബോള്‍ ഫെഡറേഷനും വാണിജ്യ പങ്കാളികളായ ഐ.എം.ജി. റിലയന്‍സും ചേര്‍ന്നാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എന്ന് പേരിട്ട ടൂര്‍ണമെന്റ് നടത്തുന്നത്. ഐ.പി.എല്‍. മോഡലില്‍ നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എട്ട് ഫ്രാഞ്ചൈസികളാണ് അനുവദിച്ചത്. ഒമ്പത് നഗരങ്ങളാണ് ലേലത്തിലുണ്ടായിരുന്നത്.