റിയോ|
jibin|
Last Updated:
ശനി, 20 ഓഗസ്റ്റ് 2016 (15:10 IST)
റിയോ ഒളിമ്പിക്‍സില്‍ ഇന്ത്യയുടെ അഭിമാനമായി തീര്‍ന്ന പിവി സിന്ധുവിന്റെ ജയത്തിന് പിന്നില്‍ പുല്ലേല ഗോപീചന്ദ് എന്ന പരിശീലകന്റെ വിജയം കൂടിയുണ്ടായിരുന്നു. രണ്ട് മാസത്തെ സിന്ധുവിന്റെ കഠിനപ്രയത്‌നം വാക്കുകളാല്‍ വിവരിക്കാനാകില്ല. ഒരു പരാതിയുമില്ലാതെയുള്ള സിന്ധുവിന്റെ ആത്മസമര്‍പ്പണം അതിശയിപ്പിക്കുന്നുവെന്നാണ് ഗോപീചന്ദ് പറയുന്നത്.
സിന്ധുവിന് ചില കാര്യങ്ങളില്‍ നിര്‍ബന്ധമുണ്ടായിരുന്നു. വാട്ട്സ് ആപില്‍ സമയം ചെലവഴിക്കുന്നതും, ഐസ്‌ക്രീമും മധുരമുള്ള തൈരിനോടുമുള്ള താല്‍പ്പര്യവും കൂടുതലായിരുന്നു. റിയോ ലക്ഷ്യമാക്കി പരിശീലനം ആരംഭിച്ചതോടെ ആദ്യം വിലക്കിയത് ഫോണായിരുന്നു. മൂന്ന് മാസമായിട്ടുണ്ടാകും അവള്‍ ഫോണ്‍ ഉപയോഗിച്ചിട്ട്. റിയോയിലത്തെി കഴിഞ്ഞ 12-13 ദിവസങ്ങളിലായി മധുരമുള്ള തൈരും ഐസ്‌ക്രീമും വിലക്കുകയും ചെയ്‌തുവെന്നും ഗോപീചന്ദ് പറയുന്നു.
ഒരു പരാതിയുമില്ലാതെയാണ് തന്റെ നിര്‍ദേശങ്ങള്‍ സിന്ധു പാലിച്ചത്. കഠിന പരിശീലനത്തില്‍ ഒരു പരാതിയും പറഞ്ഞില്ല. അതിശയിപ്പിക്കുന്ന മാറ്റങ്ങളാണ് സിന്ധുവില്‍ നിന്ന് കണ്ടത്. ഇനിയും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാനുള്ള അഭിനിവേശം അവള്‍ക്കുണ്ട്. അവള്‍ ഇന്ത്യയുടെ അഭിമാനമുണ്ട്. ഇനി ഇഷ്‌ടമുള്ള എന്തു കഴിക്കാമെന്നും ഗോപീചന്ദ് അഭിമാനത്തോടെ പറയുന്നു.
നഷ്ടമായ സ്വര്‍ണത്തെക്കുറിച്ച് ഓര്‍ക്കാതെ വെള്ളി നേട്ടത്തില്‍ ആഹ്ളാദിക്കാനാണ് ഗോപി സിന്ധുവിന് നല്‍കിയ ഉപദേശം. അവളെ സംബന്ധിച്ചിടത്തോളം വളരെ നല്ല ഒരാഴ്ചയാണ് കടന്നു പോയത്. ഒളിമ്പിക്‍സില്‍ ചരിത്ര ജയം സ്വന്തമാക്കിയ ശേഷം ഗോപിചന്ദ് തന്നെയാണ് പ്രിയ ശിഷ്യയുടെ ചില ത്യാഗങ്ങളെക്കുറിച്ച് സൂചിപ്പിച്ചത്.