വിവാഹം എന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള കൂടിച്ചേരല്‍ മാത്രമല്ല , രണ്ടു കുടുംബങ്ങളാണ് വിവാഹമെന്ന ചടങ്ങിലൂടെ സാമൂഹികമായി ഒന്നാകുന്നത്.
ജാതകത്തില്‍ വിശ്വസിക്കുന്നവര്‍ വിവാഹം യഥാസമയം നടക്കാതിരിക്കുന്നതിനും അതില്‍ നിന്നു തന്നെ കാരണങ്ങള്‍ കണ്ടെത്താറുണ്ട്. ജാതക പ്രകാരമുള്ള പരിഹാര മാര്‍ഗ്ഗങ്ങളും ചെയ്യേണ്ടി വരും.
വിശ്വാസ പൂര്‍വ്വം ചെയ്യുന്ന കര്‍മ്മങ്ങളാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗുണകരമായി ജീവിതത്തില്‍ അനുഭവപ്പെടുക. വിവാഹത്തിന് മനപ്പൊരുത്തമാണ് ഏറ്റവും പ്രധാനമെങ്കിലും ജാതകപ്രകാരം രണ്ട് വ്യക്തികളുടെ കൂടിച്ചേരുന്നത്കൊണ്ടുള്ള ഗുണദോഷങ്ങള്‍ ഗണിക്കാനാകും.
ഹൈന്ദവാചാര പ്രകാരം നടത്തുന്ന വിവാഹങ്ങള്‍ക്ക് പൊരുത്ത നിര്‍ണയം നിര്‍ബന്ധമാണ്. വിവാഹത്തിന് കാലതാമസം നേരിടുന്നത് പലകാരണങ്ങള്‍ കൊണ്ടാകാം.
ജാതകപ്രകാരവും ചില കാരണങ്ങള്‍ ചിലപ്പോള്‍ ഉണ്ടാകാം. ഗ്രഹനിലകള്‍ തന്നെയാണ് വിവാഹ തടസത്തിനുംചിലപ്പോള്‍ഹേതുവാകാറുള്ളത്. തടസമായി നില്‍ക്കുന്ന ഗ്രഹത്തെ തൃപ്തിപ്പെടുത്തുകയാണ് ഏക പരിഹാര മാര്‍ഗ്ഗം.
വിവാഹതടസം ഉണ്ടാകുന്നതില്‍ പ്രധാന കാരണം ഏഴാം ഭാവത്തില്‍ നില്‍ക്കുന്ന ശനി, കുജന്‍, വ്യാഴം എന്നീ ഗ്രഹങ്ങളാണ്. ശനിയാണ് ഏഴാംഭാവത്തില്‍ നില്‍ക്കുന്നതെങ്കില്‍ അയ്യപ്പ പ്രീതിക്കായി വഴിപാടുകള്‍ നടത്തണം. ശനിയാഴ്ചവ്രതവും ഉത്തമമാണ്.
കുജദോഷം അകറ്റാന്‍ അംഗാരക പൂജ, ജപം ,സ്തോത്രം, ദാനം, ഭജനം എന്നിവ പരിഹാര മാര്‍ഗ്ഗങ്ങളാണ്. ചൊവ്വയുടെ സ്ഥാനത്തിനും വിവാഹവുമായി ബന്ധമുണ്ട്.
ഓജരാശിയിലാണ് ചൊവ്വ എങ്കില്‍ 21 ചൊവ്വാഴ്ചയെങ്കിലും മുരുകക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തണം. യുഗ്മരാശിയിലാണ് ചൊവ്വ എങ്കില്‍ ഭദ്രകാളീ ഭജനമാണ് ഉത്തമം. ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം അനുസരിച്ചാണ് അതിനുള്ള പരിഹാര കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടത്.