ചൊവ്വയുടെ ഭ്രമണപഥം ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരദൗത്യമായ മംഗള്‍യാന്റെ യാത്രയ്ക്ക് വിജയകരമായ തുടക്കം. പുലര്‍ച്ചെ 12.49ന് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചൊവ്വയിലേക്ക് കുതിപ്പ് തുടങ്ങി.
ട്രാന്‍സ് മാഴ്‌സ് ഇന്‍ജക്ഷന്‍ പ്രവര്‍ത്തനം വിജയകരമാണെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. നവംബര്‍ അഞ്ചിനു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് പിഎസ്എല്‍വി-സി25 എന്ന റോക്കറ്റ് മംഗള്‍യാനെ ഭൌമാന്തരീക്ഷത്തിന് പുറത്തെത്തിച്ചത്.
അതുമുതല്‍ മംഗള്‍യാന്‍ ഭൂമിയെ വലംവെക്കുകയായിരുന്നു. ഉപഗ്രഹത്തെ ഭൂമിയുടെ ആകര്‍ഷണത്തില്‍നിന്നു മോചിപ്പിച്ചയയ്ക്കുക എന്ന ഏറ്റവും നിര്‍ണായകമായ പ്രവര്‍ത്തനമാണ് ഞായറാഴ്ച ഐഎസ്ആര്‍ഒ ചെയ്തത്.
190 കിലോഗ്രാം ദ്രവ ഇന്ധനം എരിച്ച് 23 മിനിറ്റ് എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചാണ് മംഗള്‍യാനെ സൗരഭ്രമണപഥത്തിലെത്തിച്ചത്.ഇപ്പോള്‍ മംഗള്‍യാന്‍ ചുറ്റുന്നത് സൂര്യനെയാണ്.
പകുതി വലയം ആകാന്‍ 300 ദിവസത്തോളമെടുക്കും. സൗരയൂഥത്തിലെ ഗ്രഹമായ ചൊവ്വയും സൂര്യനെ ചുറ്റുകയാണ്. 2014 സെപ്തംബര്‍ 24ന് മംഗള്‍യാന്‍ ചൊവ്വയുടെ 370 കിലോമീറ്റര്‍ അടുത്തെത്തും. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്താനുള്ള യന്ത്രങ്ങളാണ് മംഗള്‍യാനില്‍ സജ്ജീകരിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ചൊവ്വാദൗത്യത്തിനു 450 കോടിയോളം രൂപയാണു ചെലവ്. പണച്ചെലവിന്റെ കുറവിലും ഇന്ത്യയുടെ ദൗത്യം വേറിട്ടുനില്‍ക്കുന്നു.