ആഭ്യന്തര മന്ത്രി പി ചിദംബരത്തിനു നേരെ മാധ്യമ പ്രവര്‍ത്തകന്‍ ഷൂ എറിഞ്ഞു. ഭീകരവാദത്തെ നേരിടുന്നതിനായി കോണ്‍ഗ്രസ് തയ്യാറാക്കിയ പദ്ധതികള്‍ വിശദീകരിക്കാനായി എ ഐ സി സി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് നാടകീയ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. ദൈനിക് ജാഗരണിന്‍റെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ജര്‍ണയില്‍ സിംഗാണ് ആഭ്യന്തര മന്ത്രിക്ക് നേരെ ഷൂ എറിഞ്ഞത്.
മാധ്യമ സമ്മേളനത്തിടെ സി ബി ഐ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വശംവദമാകുന്നുണ്ടോ എന്ന് ജര്‍ണയില്‍ സിംഗിന്‍റെ ചോദ്യത്തിന് അത്തരമൊരു സമ്മര്‍ദ്ദത്തിന് സി ബി ഐ വശംവദമാകില്ലെന്നും സി ബി ഐ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സിയാണെന്നുമായിരുന്നു ചിദംബരത്തിന്‍റെ മറുപടി.
എങ്കില്‍ പിന്നെ സിഖ് വിരുദ്ധ കലാപത്തില്‍ കുറ്റാരോപിതനായ ജഗദീഷ് ടൈറ്റ്ലറെ സി ബി ഐ എന്തുകൊണ്ട് കുറ്റവിമുക്തനാക്കി എന്ന ജര്‍ണയില്‍ സിംഗ് ചോദിച്ചു. സി ബി ഐ ടൈറ്റ്ലറെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക മാത്രമാണ് ചെയ്തതെന്നും ചിദംബരം പറഞ്ഞു. കോടതിക്ക് വേണമെങ്കില്‍ റിപ്പോര്‍ട്ട് തള്ളുകയോ പുനരന്വേഷണത്തിന് ഉത്തരവിടുകയോ ചെയ്യാമെന്നും ഇക്കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് കോടതിയാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സിഖുകാര്‍ക്കെതിരെ അവഗണന തുടരുകയാണെന്ന് പറഞ്ഞ ജര്‍ണയില്‍ സിംഗിനോട് ഒരു വാദപ്രതിവാദത്തിന് താനില്ലെന്നും ഇതൊരു മാധ്യമ സമ്മേളനമാണെന്നും ചിദംബരം വ്യക്തമാക്കി. ഈ മറുപടി കേട്ടയുടനെ ‘ഐ പ്രൊട്ടസ്റ്റ്‘ എന്ന് പറഞ്ഞ് ജര്‍ണയില്‍ സിംഗ് ഷൂ ഊരി ആഭ്യന്തര മന്ത്രിക്ക് നേരെ എറിയുകയായിരുന്നു. സംഭവം നടന്ന ഉടനെ ജര്‍ണയില്‍ സിംഗിനെ എ ഐ സി സി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹാളിന് പുറത്തേക്ക് കൊണ്ടു പോയി.
എന്തിനാണ് ഇത്തരമൊരു നടപടിക്ക് മുതിര്‍ന്നതെന്ന സഹപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതിഷേധം രേഖപ്പെടുത്താന്‍ മാത്രമാണ് താന്‍ ഷൂ എറിഞ്ഞതെന്ന് ജര്‍ണയില്‍ സിംഗ് പറഞ്ഞു. എനിക്കെന്‍റെ വികാരം അടക്കാന്‍ കഴിഞ്ഞില്ല. ഞാനെന്‍റെ പ്രതിഷേധം അറിയിക്കുകയാണ് ചെയ്തത്- ജര്‍ണയില്‍ സിംഗ് പറഞ്ഞു. ജര്‍ണയില്‍ സിംഗിനോട് സൌമ്യമായി പെരുമാറണമെന്ന് പറഞ്ഞ ചിദംബരം സംഭവം ലാഘവത്തോടെ എടുക്കുന്നുവെന്ന് അറിയിച്ച് വാര്‍ത്താ സമ്മേളനം തുടര്‍ന്നു. ജര്‍ണയില്‍ സിംഗിന് മാപ്പ് നല്‍കുന്നുവെന്നും ഇത് വലിയ വിഷയമാക്കേണ്ട കാര്യമില്ലെന്നും ചിദംബരം പറഞ്ഞു.
അതേസമയം പൊലീസ് അറസ്റ്റ് ചെയ്ത ജര്‍ണയില്‍ സിംഗിനെതിരെ മൂന്ന് വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ടെന്നാണ് സൂചന.