കാണ്‍പൂരില്‍ പൊലീസ് കസ്റ്റഡിയില്‍ ദളിത് യുവാവ് മരിച്ചു; സംഭവത്തെ തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയില്‍ എടുത്ത എല്ലാ പൊലീസുകാരെയും സസ്പെന്‍ഡ് ചെയ്തു

പൊലീസ് കസ്റ്റഡിയില്‍ ഇരുന്ന ദളിത് യുവാവ് തൂങ്ങിമരിച്ച നിലയില്‍

ഝാന്‍സി| JOYS JOY| Last Modified വെള്ളി, 5 ഓഗസ്റ്റ് 2016 (10:11 IST)
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന യുവാവ് തൂങ്ങി മരിച്ചു. സംഭവത്തെ തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയില്‍ എടുത്ത പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സസ്പെന്‍ഡ് ചെയ്തു. കമല്‍ വാത്മീകി എന്ന ഇരുപത്തിയഞ്ചു വയസ്സുകാരനാണ് പൊലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ചത്.

സമീപപ്രദേശത്ത് നടന്ന ഒരു മോഷണക്കേസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞദിവസം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യുന്നതിനു വേണ്ടിയായിരുന്നു കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍, വ്യാഴാഴ്ച രാത്രി ഇയാളെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് വീട്ടുകാരെ അറിയിച്ചു.

അതേസമയം, യുവാവ് ആത്മഹത്യ ചെയ്തതല്ലെന്നും പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടതാണെന്നും വീട്ടുകാര്‍ ആരോപിച്ചു. മൃതദേഹത്തിന് മറ്റൊരു പേരു നല്കി പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചത് കസ്റ്റഡിമരണം മറച്ചു വെയ്ക്കാനാണെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു.

കുടുംബാംഗങ്ങളുടെ പരാതിയിന്‍മേല്‍ കൊലകുറ്റത്തിന് കേസെടുത്തു. അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 14 പേരെ സസ്പെന്‍ഡ് ചെയ്തതായി സിറ്റി പൊലീസ് സീനിയര്‍ ഉദ്യോഗസ്ഥന്‍ ശലഭ് മാഥുര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :