പരാജയപ്പെട്ട ജനതയാണ് നമ്മൾ, നീതിനിഷേധത്തിനെതിരെ മെഡലുകൾ നെഞ്ചോട് ചേർത്ത് കണ്ണീരൊഴുക്കി ഗുസ്തിതാരങ്ങൾ ഗംഗാതീരത്ത്

അഭിറാം മനോഹർ| Last Updated: ചൊവ്വ, 30 മെയ് 2023 (20:10 IST)
രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് കണ്ണീരില്‍ അഭിഷേകം ചെയ്താണ് ഇന്ന് രാജ്യത്തിന്റെ അഭിമാനം കാക്കാനായി ഗോദയിലിറങ്ങിയ ഗംഗാനദിക്കരയിലെത്തിയത്. അതില്‍ ഇന്ത്യയ്ക്കായി ഒളിമ്പിക്‌സ്,കോമണ്‍വെല്‍ത്ത് ടൂര്‍ണമെന്റുകളില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ സാക്ഷി മാലിക്,വിനേഷ് ഫോഗാട്ട്, സംഗീത ഫോഗാട്ട്, ബജ്‌റംഗ് പുനിയ എന്നീ നിരവധി താരങ്ങള്‍ ഉള്‍പ്പെടുന്നു. എന്താണ് ഈ രാജ്യം ഈ താരങ്ങള്‍ക്ക് നേരെ നടത്തുന്ന നിധി നിഷേധം എന്നറിയണമെങ്കില്‍ 2023 ജനുവരി മുതല്‍ രാജ്യത്ത് നടന്ന സംഭവങ്ങളിലേക്ക് വിരല്‍ ചൂണ്ടേണ്ടി വരും.

ഗുസ്തി താരങ്ങളെ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായ ബ്രിജ് ഭൂഷണ്‍ ലൈംഗികമായി ചൂഷണം ചെയ്തതായി ആരോപിച്ച് 2023 ജനുവരിയിലാണ് സമരക്കാര്‍ ആദ്യമായി പ്രതിഷേധം സംഘടിപ്പിക്കാനായി ആലോചിച്ചിരുന്നത്. എന്നാല്‍ കേന്ദ്രത്തില്‍ നിന്നും ഈ വിഷയത്തില്‍ ഒരു കമ്മിറ്റി രൂപികരിക്കുകയും ബ്രിജ് ഭൂഷണെതിരെ അന്വേഷണം ഉണ്ടാകുമെന്നുമുള്ള ഉറപ്പില്‍ ഈ സമരം പിന്‍വലിക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് സമിതി നല്‍കിയ റിപ്പോര്‍ട്ടിലും കാര്യമായ യാതൊന്നും സംഭവിക്കാത്തതോടെയാണ് 2023 ഏപ്രില്‍ അഞ്ചിന് ഗുസ്തിതാരങ്ങള്‍ പരസ്യമായി ഈ വിഷയത്തില്‍ ബ്രിജ് ഭൂഷണെതിരെ രംഗത്തെത്തുന്നത്.


ബിജെപി എം പി കൂടിയായ ബ്രിജ് ഭൂഷണെതിരെ പോക്‌സോ അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അന്താരാഷ്ട്ര തലത്തില്‍ മെഡലുകള്‍ വാരിക്കൂട്ടിയ വിനേഷ് ഫോഗാട്ട് അടക്കമുള്ള കായികതാരങ്ങള്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും കേസെടുക്കാന്‍ ദില്ലി പോലീസ് തയ്യാറായില്ലെ. സമരത്തിന്റെ തുടക്കം മുതല്‍ തന്നെ കായികതാരങ്ങളുടെ ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടച്ചുകൊണ്ട് തുറന്ന പിന്തുണയാണ് ബ്രിജ് ഭൂഷണ് ലഭിച്ചത്. തുടര്‍ന്ന് വിഷയത്തില്‍ വനിതാതാരങ്ങള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ ഏഷ്യാകപ്പില്‍ മത്സരിക്കില്ലെന്ന് ബജ്‌റംഗ് പുനിയ അടക്കമുള്ള താരങ്ങള്‍ വ്യക്തമാക്കുകയുണ്ടായി. ഇന്ത്യയുടെ പെണ്‍മക്കള്‍ക്ക് നീതി ലഭിക്കുക എന്നതാണ് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടുന്നതിലും പ്രധാനമെന്നാണ് പുനിയ വ്യക്തമാക്കിയത്.

ഇതിന് പിന്നാലെ സമരത്തിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കോണ്‍ഗ്രസ് നേതാക്കളായി പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി, എഎപി നേതാവ് അരവിന്ദ് കേജരിവാള്‍ എന്നിവരുടെ പിന്തുണയെല്ലാം ലഭിച്ച് ദേശീയ തലത്തില്‍ വിഷയം ചര്‍ച്ചയായതൊടെ സമരക്കാര്‍ ഇന്ത്യയുടെ ഇമേജിന് കോട്ടം വരുത്തുന്നുവെന്നാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റായ പിടി ഉഷ പ്രതികരിച്ചത്. ഇതിനെതിരെ പിടി ഉഷക്കെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു ഉയര്‍ന്നിരുന്നത്.



ഇതിനിടയില്‍ രാത്രിയില്‍ സമരക്കാരെ ആക്രമിക്കുകയും ഈ ആക്രമങ്ങളില്‍ പോലീസ് കണ്ണടക്കുകയും വരെ ചെയ്യുന്ന സാഹചര്യം രാജ്യത്തുണ്ടാവുകയുണ്ടായി. ഇതിനെല്ലാം ഇടയില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പോക്‌സോ കേസുകള്‍ ദുരുപയോഗം ചെയ്യുന്നുവെന്നുമാണ് ബ്രിജ് ഭൂഷണ്‍ പ്രതികരിച്ചത്. ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ കായികതാരങ്ങള്‍ക്ക് വേണ്ടി നീരജ് ചോപ്ര മാത്രമാണ് ഒരല്‍പ്പമെങ്കിലും ശബ്ദമുയര്‍ത്തിയത്.

ഇതിനിടയില്‍ സുപ്രീംകോടതിയുടെ സാന്നിധ്യത്തില്‍ നുണപരിശോധനയ്ക്ക് ബ്രിജ് ഭൂഷണെ സമരക്കാര്‍ വെല്ലുവിളിക്കുകയും ചെയ്തു. മെയ് 28ന് പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് സമരക്കാര്‍ നടത്തിയ പ്രതിഷേധം പോലീസ് അടിച്ചമര്‍ത്തുകയുണ്ടായി. ലോകകായിക വേദികളില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ കായിക താരങ്ങളെ വലിച്ചിഴച്ചാണ് പോലീസ് കൊണ്ടുപോയത്. വിനേഷ് ഫോഗാട്ട്,ബജ്‌റംഗ് പുനിയ,സാക്ഷി മാലിക് എന്നിവരെ പോലീസ് പിടിച്ചുവെയ്ക്കുകയും ചെയ്തു. സമരക്കാര്‍ക്കെതിരെ നിരവധി വകുപ്പുകളാണ് ഡല്‍ഹി പോലീസ് ചാര്‍ജ് ചെയ്തത്. ഇതിന്റെയെല്ലാം അവസാന പടിയായാണ് തങ്ങള്‍ രാജ്യത്തിനായി തങ്ങളുടെ ഇക്കാലമത്രയുമുള്ള ജീവിതം കൊണ്ട് നേടിയെടുത്ത മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ കായികതാരങ്ങള്‍ തീരുമാനിച്ചത്.


സമരം തുടങ്ങി മാസങ്ങളായിട്ടും പ്രതിപക്ഷ പാര്‍ട്ടിക്കാരുടെ പിന്തുണയുണ്ടായിട്ടും നിതീനിഷേധത്തിന്റെ ഇരകളായിട്ടും ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ കായികതാരങ്ങളായിട്ടും നമ്മുടെ അഭിമാനങ്ങളായ കായികതാരങ്ങള്‍ക്ക് നീതി നഷ്ടമാകുന്നത് തുടര്‍ക്കഥയാകുന്നത് ഒരൊറ്റ കാര്യം മാത്രമാണ് വിളിച്ചോതുന്നത്. നാം ഒരു തോറ്റ ജനതയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :