വെള്ളാപ്പള്ളി പറഞ്ഞതു കൊണ്ട് എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് ഗോകുലം ഗോപാലന്‍

ദുബായ്| JOYS JOY| Last Modified വെള്ളി, 31 ജൂലൈ 2015 (11:57 IST)
വെള്ളാപ്പള്ളി പറഞ്ഞതുകൊണ്ട് എല്ലാവരും ബി ജെ പിക്ക് വോട്ട് ചെയ്യില്ലെന്ന് വ്യവസായിയും ധര്‍മവേദി നേതാവുമായ ഗോകുലം ഗോപാലന്‍. ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്ഥാനത്തെ ഒരു പാര്‍ട്ടിയിലും കെട്ടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ് എന്‍ ഡി പി യോഗം ഒരു സാമൂഹിക സാംസ്കാരിക സംഘടനയാണ്. ഒരു സെക്രട്ടറി വന്ന് തെറ്റായ ദിശയില്‍ നയിച്ചിട്ടുണ്ടെങ്കില്‍ സംഘടനയെ അത് ബാധിക്കില്ല. ബി ജെ പി എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.

കഴിഞ്ഞ 18 വര്‍ഷമായി സംഘടനയുടെ നേതൃത്വത്തിലുള്ള വെള്ളാപ്പള്ളി സ്വന്തം കുടുംബത്തിനും കൂട്ടക്കാര്‍ക്കും വേണ്ടി മാത്രമാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഗുരുദേവന്റെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നവര്‍ ഇന്നും എസ് എന്‍ ഡി പിയിലുണ്ട്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെയും ഉയര്‍ന്നു വരുന്നവരെയും അടിച്ചമര്‍ത്തുകയാണ് അദ്ദേഹത്തിന്റെ രീതിയെന്നും ഗോപാലന്‍ പറഞ്ഞു.

എസ് എന്‍ ഡി പി യോഗത്തിനും എസ് എന്‍ ട്രസ്റ്റിനും 66 കോടി രൂപയുടെ വരുമാനമുണ്ടായിരുന്നു. എന്നാല്‍, വെള്ളാപ്പള്ളി കാണിച്ചത് ആറുകോടി മാത്രമാണ്. 60 കോടി രൂപ അദ്ദേഹത്തിന്റെ കീശയിലേക്ക് പോയെന്നും ഗോപാലന്‍ കുറ്റപ്പെടുത്തി.

സ്വാര്‍ത്ഥമായ താല്പര്യങ്ങള്‍ക്ക് വേണ്ടി നീചമായ രീതിയിലാണ് വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നത്. പല മഹാന്മാരും നേതൃത്വം വഹിക്കുകയും സമൂഹത്തിന് നിരവധി നന്മകള്‍ ചെയ്തതുമായ പ്രസ്ഥാനമാണ് എസ് എന്‍ ഡി പി. ജാതി ചോദിക്കരുത്, പറയരുത്, കള്ളു ചെത്തരുത്, കുടിക്കരുത് എന്നെല്ലാം ഉദ്‌ബോധിപ്പിച്ച ഗുരുദേവനെ നിന്ദിക്കുന്നതാണ് വെള്ളാപ്പള്ളിയുടെ രീതിയെന്നും ഗോകുലം ഗോപാലന്‍ വിമര്‍ശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :