Rijisha M.|
Last Modified ശനി, 17 നവംബര്‍ 2018 (07:56 IST)
ശബരിമല ദര്‍ശനത്തിന് എത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ മുംബൈയിലും പ്രതിഷേധം. കൊച്ചി വിമാനത്താവളത്തില്‍ നിന്ന് 9:25ന്റെ എയര്‍ ഇന്ത്യ വിമാനത്തില്‍ മടങ്ങിയ തൃപ്തിക്കും സംഘത്തിനും മുംബൈ വിമാനത്താവളത്തിനു മുന്നില്‍ നിന്ന് ഏറ്റുവാങ്ങേണ്ടിവന്നത് കടുത്ത പ്രതിഷേധമാണ്.
പ്രതിഷേധത്തെ തുടര്‍ന്ന് ഏതാണ് 15 മണിക്കൂറോളമാണ് തൃപ്തി ദേശായി കൊച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയത്. പുറത്തിറങ്ങാന്‍ പറ്റില്ലെന്ന് മനസ്സിലായാണ് മുംബൈയിലേക്ക് തിരിച്ചത്. അവിടേയും അപ്രതീക്ഷിത പ്രതിഷേധമാണ് തൃപ്തിക്കെതിരെ വിശ്വാസികള്‍ ഉയര്‍ത്തിയത്.
വിലക്കുള്ള ആരാധനാലയങ്ങളില്‍ സ്ത്രീപ്രവേശനത്തിനായുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണു പുണെ സ്വദേശിയായ തൃപ്തി ദേശായി ശ്രദ്ധിക്കപ്പെട്ടത്. 2015 ല്‍ അഹമ്മദ്‌നഗര്‍ ശനി ഷിന്‍ഗ്‌നാപ്പുര്‍ ക്ഷേത്രത്തില്‍ വിലക്കു ലംഘിച്ചു പ്രവേശിക്കാന്‍ ശ്രമിച്ചതാണ് ആദ്യത്തെ പ്രധാന പ്രക്ഷോഭം.