ഒരു റാങ്ക് ഒരു പെന്‍ഷന്‍: സമരം തുടരുമെന്ന് ഭടന്‍മാര്‍, ഇന്ന് ചര്‍ച്ച

   ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ , വിമുക്ത ഭടന്‍മാര്‍ , മനോഹര്‍ പരീക്കര്‍
ന്യൂഡൽഹി| jibin| Last Modified ഞായര്‍, 6 സെപ്‌റ്റംബര്‍ 2015 (10:23 IST)
ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയില്‍ സമരം തുടരുന്ന കാര്യം വിമുക്ത ഭടന്‍മാര്‍ പുന:പരിശോധിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കണമെന്ന ആവശ്യം നിലനില്‍ക്കെ സമരം തുടരാനാണ് സാധ്യത. തുടര്‍നടപടികള്‍ ആലോചിക്കാന്‍‍ വിമുക്തഭടന്‍മാരുടെ ചര്‍ച്ച ഇന്ന് നടക്കും.

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതിയിലെ വ്യവസ്ഥകളെ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും സമരവുമായി മുന്നോട്ടുപോകണമെന്നുമാണ് സമര സമിതിയിലെ ഭൂരിപക്ഷ അഭിപ്രായം. സ്വയം വിരമിക്കുന്ന സൈനികരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, പെന്‍ഷന്‍ വര്‍ഷം തോറും പുതുക്കുക, പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന വിദഗ്ധ സമിതിയില്‍ വിമുക്തഭടന്‍മാരെയും ഉള്‍പ്പെടുത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.

കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുമായി നടത്തിയ ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടായെന്ന് വിമുക്ത ഭടന്‍മാരുടെ സമരസമിതി അറിയിച്ചു. സ്വയം വിരമിച്ചവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് സമരസമിതി തലവന്‍ ജനറല്‍ സദ്‌വീര്‍ സിംഗ് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഇന്ന് ചേരുന്ന വിമുക്ത ഭടന്‍മാരുടെ സമരസമിതിയുടെ ഉന്നതതലയോഗം സമരം തുടരുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :