പതിവിനു വിപരീതമായി ബജറ്റ് അവതരണം; ബജറ്റ് സമ്മേളനം ജനുവരി 31ന്, ഇരുസഭകളേയും അഭി‌സംബോധന ചെയ്യാൻ രാഷ്ട്രപതി

ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

aparna shaji| Last Modified വ്യാഴം, 12 ജനുവരി 2017 (17:11 IST)
കേന്ദ്ര സർക്കാരിന്റെ പൊതുബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. റെയില്‍ബജറ്റ് പൊതുബജറ്റിന്റെ ഭാഗമാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ബജറ്റ് സമ്മേളനം ജനുവരി 31ന് ചേരാന്‍ മന്ത്രിസഭയുടെ പാര്‍ലമെന്ററികാര്യ സമിതി ശുപാര്‍ശ ചെയ്തതാണ്. അന്നേ ദിവസം രാഷ്ട്രപതി പ്രണബ് മുഖർജി പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യും. സാമ്പത്തിക സര്‍വേയും ജനുവരി 31ന് അവതരിപ്പിക്കുന്നതായിരിക്കും.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി ഒമ്പതുവരെ നടത്താന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. ബജറ്റ് അവതരണത്തിന്റെ മുഴുവന്‍ നടപടിക്രമങ്ങളും മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പുതിയ നികുതിനിര്‍ദേശങ്ങള്‍ ഏപ്രില്‍ ഒന്നിന് നിലവില്‍വരും. ഇതുവരെ ഫെബ്രുവരിയിലെ അവസാനത്തെ പ്രവൃത്തിദിവസത്തിലാണ് പൊതുബജറ്റ് അവതരിപ്പിച്ചത്. തലേന്ന് സാമ്പത്തികസര്‍വേയും അതിനുമുമ്പുള്ള ദിവസം റെയില്‍ബജറ്റും. രണ്ട് ബജറ്റുകളും ഒന്നിച്ച് അവതരിപ്പിക്കാന്‍ കഴിഞ്ഞ സെപ്തംബറിലാണ് മന്ത്രിസഭ തീരുമാനിച്ചത്.

തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ബജറ്റ് അവതരണം
മാറ്റിവെയ്ക്കണമെന്ന ആവശ്യ‌വുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ പ്രതിഷേധം ഫലം കണ്ടില്ല. ബജറ്റ് മാറ്റുന്നതിനെക്കുറിച്ച് നേരത്തെ തെരഞ്ഞെടുപ്പു കമ്മീഷന്‍ സര്‍ക്കാരിന്റെ അഭിപ്രായം ചോദിച്ചിരുന്നു. എന്നാല്‍, ബജറ്റ് മാറ്റേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :