ന്യൂഡല്‍ഹി|
Last Modified വെള്ളി, 3 ഒക്‌ടോബര്‍ 2014 (13:07 IST)
ഭാരതീയര്‍ ഖാദി വസ്ത്രങ്ങള്‍ ധരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇത് ഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെ ജീവിത നിലവാരത്തെ ഉയര്‍ത്താന്‍ സഹായകമാവും. ഭാരതത്തിന്‍റെ ശക്തി ഗ്രാമങ്ങളിലെ യുവജനതയിലാണ്. ഭാരതത്തിലെ 125 കോടി ജനങ്ങളും കഴിവുള്ളവരാണ്. ഇനി നമ്മളത് തിരിച്ചറിയുകയാണ് വേണ്ടത്. ആകാശവാണിയിലൂടെ ‘മന്‍ കി ബാത്’ എന്ന പ്രോഗ്രാമില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോഡി.
ഇന്ത്യയുടെ വികസനത്തിന് എല്ലാവരും ഭാഗമാകണം. നമുക്ക് ഇന്ത്യയെ ഒരുമിച്ചു സേവിക്കാം. ഗ്രാമങ്ങളിലെ വികസനം സാധ്യമാക്കണം. ഭാരതത്തിന്‍റെ ശക്തി അവിടെയാണുള്ളത്. അവരുമായി കൂടുതല്‍ കാര്യങ്ങള്‍ സംവദിക്കാനും കാര്യങ്ങളെ കുറിച്ച് ബോധ്യപ്പെടുത്താനുമാണ് താന്‍ ആകാശവാണി തിരഞ്ഞെടുത്തതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മാസത്തില്‍ ഒന്നോ രണ്ടോ തവണ ഞായര്‍ ദിവസങ്ങളില്‍ ഗ്രാമവാസികളുമായി സംവദിക്കാന്‍ തന്‍റെ സമയം മാറ്റിവയ്ക്കുമെന്നും മോഡി അറിയിച്ചു.
ഇരുപത്തിനാല് ഇന്ത്യന്‍ ഭാഷകളിലേക്കും പതിനാറ് വിദേശ ഭാഷകളിലേക്കുമാണ് പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്’ ന്‍റെ തല്‍സമയ വിവര്‍ത്തനം നടത്തിയത്. ഓള്‍ ഇന്ത്യ റേഡിയോയുടെ 413 സ്റ്റേഷനുകളിലായി പ്രസംഗം പ്രക്ഷേപണം ചെയ്തു.