വെബ്‌ദുനിയ ലേഖകൻ|
Last Updated:
ബുധന്‍, 4 ഡിസംബര്‍ 2019 (16:23 IST)
ശ്രീനഗർ: കശ്മീരിൽ രണ്ട്
ഇടങ്ങളിലായി മഞ്ഞുമല ഇടിഞ്ഞു വീണതിനെ തുടർന്ന് മലയാളി ഉൾപ്പടെ നാല് സൈനികർ മരിച്ചു. തിരുവനന്തപുരം പൂവച്ചാൽ കുളങ്ങാട് സ്വദേശിയായ എസ് എസ് അഖിലാണ് മരിച്ച മലയാളി സൈനികൻ. നിയന്ത്രണ രേഖക്ക് സമീപം രണ്ട് ഇടങ്ങളിലാണ് മഞ്ഞുമലകൾ ഇടിഞ്ഞുവീണത്. അപകടങ്ങളിൽപ്പെട്ട രണ്ട് സൈനികരെ ജീവനോടെ രക്ഷപ്പെടുത്തി
കുപ്പുവാര ജില്ലയിലെ താങ്ധർ സെക്ടറിൽ സൈനിക പോസ്റ്റിൽ ചൊവ്വാഴ്ച ഉച്ചക്ക് മഞ്ഞുമല ഇടിഞ്ഞു വീണുണ്ടായ അപക്ടത്തിൽ നാലു പേർ കുടുങ്ങിയിരുന്നു. ബുധനാഴ്ച തിരച്ചിലിനൊടുവിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തുകയും ഒരാളെ ജീവനോടെ രക്ഷിക്കുകയും ചെയ്തു. ബന്ധിപ്പോര ഗുരസ് മേഖലയിൽ ആർമി പട്രോളിങ്ങിനിടെ മഞ്ഞ് ഇടിഞ്ഞുവീണാണ് രണ്ടാമത്തെ അപകടം ഉണ്ടായത്.
ഇവിടെ മഞ്ഞിനടിയിൽ കുടുങ്ങിയ ഒരാളെ ജീവനോടെ രക്ഷിക്കുകയും, മറ്റൊരാളുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. എന്നാൽ ഏത് അപകടത്തിലാണ് മലയാളി സൈനികൻ മരിച്ചത് എന്ന് വ്യക്തമല്ല. കരസേനയിൽ നഴ്സിങ് അസിസ്റ്റന്റായിരുന്നു അഖിൽ. മൃതദേഹം ശ്രീനഗറിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.