തൊഴില്‍ നിയമ ഭേദഗതികള്‍ വരുന്നു, തൊഴില്‍ സംഘടനകള്‍ക്ക് ആശങ്ക

തൊഴില്‍ നിയമം, കേന്ദ്ര സര്‍ക്കാര്‍, ബി‌എം‌എസ്
ന്യൂഡല്‍ഹി| VISHNU.NL| Last Modified വെള്ളി, 31 ഒക്‌ടോബര്‍ 2014 (12:52 IST)
അധികാരത്തിലെത്തില്‍ മാസങ്ങള്‍ കഴിയുന്നതിനു മുന്നെ എന്‍ഡി‌എ സര്‍ക്കാര്‍ തൊഴില്‍ നിയമം ഭേദഗതി ചെയ്യാനൊരുങ്ങുന്നു. ഫാക്ടറി നിയമം, മിനിമം വേതന നിയമം, അപ്രന്‍റിസ്ഷിപ് നിയമം, തൊഴില്‍ നിയമം (എക്സംപ്ഷന്‍ ഫ്രം ഫര്‍ണിഷിങ് റിട്ടേണ്‍സ് ആന്‍ഡ് മെയിന്‍െറയ്നിങ് ഓഫ് രജിസ്ട്രേഷന്‍ ബൈ സേര്‍ട്ടന്‍ എസ്റ്റാബ്ളിഷ്മെന്‍റ്) ഭേദഗതി ബില്‍ 2011 എന്നിവയാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നത്.

സംഘപരിവാര്‍ സംഘടനയായ ഭാരതീ‍യ മസ്ദൂര്‍ സംഘത്തിന്റെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടാണ് മോഡി സര്‍ക്കാര്‍ നിയമങ്ങളില്‍ ഭേദഗതികള്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മേയ്ക്ക് ഇന്‍ ഇന്ത്യ എന്ന കാമ്പയിന്റെ ഭാഗമായി നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്താനൊരുങ്ങുന്നത്.

രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ നടത്തിയ ഭേദഗതികളുടെ മാതൃകയിലാണ് കേന്ദ്ര സര്‍ക്കാരും തൊഴില്‍ നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്തുന്നത്.
ഫാക്ടറീസ് ആക്ടില്‍ 54 ഭേദഗതികളാണ് നിര്‍ദേശിച്ചിരിക്കുന്നത്. വകുപ്പ് 56 പ്രകാരം തൊഴില്‍ സമയം, ഉച്ചഭക്ഷണം ഉള്‍പ്പെടെ എട്ടു മണിക്കൂര്‍ എന്നത് മാറ്റാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അനുവാദവുമില്ല. സ്പ്രെഡോവര്‍ 10.5 മണിക്കൂര്‍ എന്നത് 12ഓ അതില്‍ കൂടുതലോ ആയും അതത് സര്‍ക്കാറുകളുടെ താല്‍പര്യപ്രകാരം മാറ്റാവുന്നതാണ്. വകുപ്പ് 64, 65 പ്രകാരം മൂന്നുമാസത്തില്‍ പരമാവധി ഓവര്‍ടൈം 50 മണിക്കൂര്‍ എന്ന നിലവിലെ നിയമം 100 മണിക്കൂറോ 125 മണിക്കൂറോ ആക്കാം. അവശ്യ സര്‍വീസില്‍ 75 മണിക്കൂര്‍ ഓവര്‍ടൈം എന്നത് 150 മണിക്കൂറാക്കാം.

വകുപ്പ് 66 പ്രകാരം രാത്രികാലങ്ങളില്‍ സ്ത്രീകളെ ജോലിചെയ്യിക്കുന്നതിന് നിലനിന്നിരുന്ന ഒഴിവാക്കല്‍ ഇല്ലാതാക്കി രാത്രികാലങ്ങളിലും സ്ത്രീകളെ ജോലിയെടുപ്പിക്കാം എന്ന ഭേദഗതി സ്ത്രീ തൊഴിലാളികളുടെ അധ്വാനം വ്യാപകമായി ചൂഷണം ചെയ്യുന്നതിന് ഇടയാക്കും. മറ്റൊരു പ്രധാന ഭേദഗതി, തൊഴിലുടമകളെ നിയമലംഘനത്തിന് പ്രോസിക്യൂട്ട് ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും വ്യവസ്ഥകള്‍ ഉദാരമാക്കി. പിഴയിലും ഒത്തുതീര്‍പ്പിലും പരിമിതപ്പെടുത്തി. അതും തൊഴിലാളികളുടെ അനുവാദമില്ലാതെ ചീഫ് ഫാക്ടറീസ് ഇന്‍സ്പെക്ടര്‍ക്ക് ഇതിനുള്ള അധികാരം നല്‍കുന്ന തരത്തിലാണ് ഭേദഗതി.

കൂടാതെ പേമെന്‍റ് ഓഫ് വേജസ് ആക്ട് 1936, പ്രതിവാര അവധി നിയമം, മിനിമം വേതന നിയമം 1948, ഫാക്ടറീസ് ആക്ട് 1948, കര്‍ഷക തൊഴിലാളി ആക്ട്, വര്‍ക്കിങ് ജേണലിസ്റ്റ് ആന്‍ഡ് അതര്‍ ന്യൂസ്പേപ്പര്‍ എംപ്ളോയീസ് ആന്‍ഡ് മിസലേനിയസ് പ്രൊവിഷന്‍ ആക്ട് 1955, കരാര്‍ തൊഴിലാളി നിര്‍മാര്‍ജന ആക്ട് 1970, ദ സെയില്‍സ് പ്രൊമോഷന്‍ ആക്ട് 1976, എംപ്ളോയീസ് കണ്ടീഷന്‍ ഓഫ് സര്‍വീസ് ആക്ട് 1976, റെമ്യൂണറേഷന്‍ ആക്ട് എന്നീ 16 നിയമങ്ങള്‍ ഭേദഗതികള്‍ വരുമ്പോള്‍ ഒഴിവാക്കപ്പെടും.

അപ്രന്‍റിസ്ഷിപ് ഭേദഗതി ബില്‍ പ്രകാരം അപ്രന്‍റീസുകളുടെ എണ്ണത്തിന് നിയന്ത്രണമില്ല. നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ക്ക് ജയില്‍വാസം എന്ന ശിക്ഷയില്‍നിന്ന് രക്ഷിച്ച് പകരം 500 രൂപ പിഴ എന്ന ശിക്ഷയിലേക്ക് മാറ്റി. കരാര്‍ തൊഴിലാളികള്‍, താല്‍ക്കാലിക തൊഴിലാളികള്‍, ദിവസക്കൂലി തൊഴിലാളികള്‍ എന്നിവരെ കൂടി ഈ നിയമത്തില്‍ ഉള്‍പ്പെടുത്തി നിലവിലിരുന്ന നിയമത്തിലെ തൊഴിലാളി എന്ന നിര്‍വചനം മാറ്റും.

ഇത്തരത്തില്‍ തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുമ്പോള്‍, നഴ്സിംഗ് മേഖല, ഇന്‍ഷുറന്‍സ് മേഖല, സ്ത്രീ തൊഴിലാളികള്‍, മിനിമം വേതനം, എട്ടുമണിക്കൂര്‍ ജോലി സമയം തുടങ്ങി വര്‍ഷങ്ങളുടെ നീണ്ട സമരത്തിലൂടെ തൊഴിലാളികള്‍ ആര്‍ജിച്ചെടുത്ത തൊഴില്‍ സുരക്ഷിതത്വ, ഉപജീവന അവകാശങ്ങള്‍ തൊഴിലാളികള്‍ക്ക് നഷ്ടപ്പെടുമെന്നാണ് സംഘടനകള്‍ക്ക് ആശങ്ക. രാ‍ജസ്ഥാനിലെ നിയമ ഭേദഗതിക്കെതിരേ ബി‌എം‌എസ് നിരന്തരമായ സമരത്തിലായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരും അതിനു ചുവട് പിടിച്ച് തൊഴില്‍ നിയമം ഭേദഗതി ചെയ്യുമ്പോള്‍ ബി‌എം‌എസ് എന്ത് ചെയ്യുമെന്നാണ് ഇനി കാണേണ്ടത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :