ഖാസിയാബാദ്|
സജിത്ത്|
Last Modified ഞായര്‍, 3 ജൂലൈ 2016 (11:31 IST)
കഴിച്ച ഐസ്ക്രീമിന്റെ കുടിശ്ശിക പണം തിരികെ ചോദിച്ചതിന് കച്ചവടക്കാരനെ യുവാക്കള്‍ മര്‍ദ്ദിച്ചു കൊന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഉത്തര്‍പ്രദേശിലുള്ള ഖാസിയാബാദിലെ മഹാരാജാപൂരില്‍ വെച്ചാണ് മുഹമ്മദ് ഇസ്ലാം (24)എന്ന കച്ചവടക്കാരന്‍ കൊല്ലപ്പെട്ടത്.
പ്രദേശവാസികളായ ഒരുകൂട്ടം യുവാക്കള്‍ സ്ഥിരമായി മുഹമ്മദിന്റെ അടുത്തുനിന്നും ഐസ്ക്രീം വാങ്ങാറുണ്ടായിരുന്നതായി മരിച്ച മുഹമ്മദിന്റെ സഹോദരന്‍ മുബാറഖ് പറഞ്ഞു. എന്നാല്‍ ഇവര്‍ ഒരിക്കലും മുഹമ്മദിന് പണം നല്‍കിയിരുന്നില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് പണം നല്‍കാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയാണ് ഇവര്‍ മുഹമ്മദിനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയതെന്ന് മുബാറഖ് പറഞ്ഞു.
ബീഹാറിലെ സഹാര്‍സ സ്വദേശിയാണ് മുഹമ്മദ്.
മാതാപിതാക്കള്‍ക്കും മൂത്ത സഹോദരനും ഭാര്യക്കും മക്കള്‍ക്കുമൊപ്പം മഹാരാജാപൂരിലെ വാടകവീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഒന്നരയും രണ്ടരയും വയസു പ്രായമായ രണ്ടു മക്കളാണ് മുഹമ്മദിനുള്ളത്.
കേസില്‍ സെക്ഷന്‍ 304-നു കീഴില്‍ നാലുപേരെ പ്രതി ചേര്‍ത്ത് പൊലീസ് എഫ് ഐ ആര് തയ്യാറാക്കിയിട്ടുണ്ട്. അക്രമികളില്‍ റാഷിദ് എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. റാഷിദാണ് കൊലപാതകത്തിന് വഴിവെച്ച തര്‍ക്കത്തിന് തുടക്കമിട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.